എന്റെ ആകാശങ്ങള്‍
ജനലഴികള്‍ക്കിടയിലൂടെ കുഞ്ഞിക്കണ്ണുകളാല്‍ നോക്കിക്കണ്ടവിസ്മയത്തുണ്ടാണെന്നാദ്യത്തെയാകാശം.
മോരുകൂട്ടി വടിച്ച ചോറെന്‍ വായില്‍ത്തരുന്നതിന്നൊപ്പ-
മമ്മയെന്‍ കണ്‍കളിലമ്പിളിമാമനെ നിറച്ചൊരാകാശം.
മുഖമൊട്ടു കറുപ്പിച്ചെന്നാലുമവാച്യമാമൊരനുഭൂതിയായ്
മനസ്സില്‍ പെയ്തിറങ്ങിയൊരന്നത്തെയാകാശം.
അങ്ങകലെയെന്നറിഞ്ഞിട്ടും ചിറകു വിരിച്ച സ്വപ്നരഥങ്ങളിലേറി-
ച്ചെന്നു തൊടാന്‍ കൊതിച്ചൊരാകാശം.
പിന്നെപ്പിന്നെ,യൊന്നുരണ്ടടികള്‍ വയ്ക്കെത്തന്നെ-
ച്ചെന്നു തൊടാമെന്ന് തോന്നിച്ചയൊരുപാടാകാശങ്ങള്‍ !!
ചിലവയെന്നെ മാടി വിളിച്ചൂ .
എന്നാലെന്‍ നീട്ടിയ കൈവിരല്‍ത്തുമ്പുകളെ നോക്കി-
ച്ചിരിച്ചകന്നവയാണവയില്‍പ്പലതും !
ചിലവയെന്‍ മനസ്സില്‍ കാര്‍മേഘങ്ങള്‍ നിറച്ചവ !!
വേറെച്ചിലവയെന്‍ മോഹഗോപുരങ്ങളിലിടിത്തീ വീഴ്ത്തിയവ !!!
ഇനിയുമുണ്ടൊരുപാടാകാശങ്ങള്‍ !
എന്‍ മനോനീഡം വിട്ടിര തേടിയോരെന്‍ മോഹപ്പക്ഷി ചിറകടിച്ചുയര്‍ന്ന
ഒരുപാടു പാടലാകാശങ്ങള്‍ !
വെറെച്ചിലവ - സാന്ധ്യശോഭ നിറച്ചെന്നെ മാടി വിളിച്ചെന്നാലും
പാതി പോലും നിറയാത്ത മനസ്സിലേക്കിരുള്‍ വീഴ്ത്തിക്കൊണ്ട്
മറഞ്ഞ ക്ഷണികാകാശങ്ങള്‍ .
ഇനിയുമിനിയുമെന്നെക്കൊതിപ്പിക്കുന്നൊരെത്രയെത്ര
ചക്രവാളങ്ങളാണെന്‍ മുന്നില്‍ !!
ഒപ്പമിതാ കഴിഞ്ഞ പുലരിക്കു,മിനി,വരു,മന്തിക്കു,മിടയില്‍
മധ്യവഴി താണ്ടുന്നതേയുള്ളു; പടുതിരി കത്തുന്നൊരു സൂര്യനുണ്ടീ ഘടാകാശത്ത് !!!