Sunday, September 16, 2012

നന്‍മഴത്തുള്ളികള്‍ !

നന്‍മഴത്തുള്ളികള്‍ !

അമ്മഴത്തുള്ളികള്‍ക്കുണ്ടാര്‍ദ്രതയിന്നും ;ഭദ്ര-
മെന്‍ മണിച്ചെപ്പിലിട്ടു സൂക്ഷിക്കുന്നു ഞാനവ !
കളിയായൊന്നു ചെവിയില്‍ച്ചേര്‍ത്തു കിലുക്കുമ്പോള്‍,

കേള്‍പ്പിപ്പതതേ ചിലമ്പൊലി ചേര്‍ന്നൊരത്താളം !
ശ്യാമാഭയാര്‍ന്ന മുഖപടം വലിച്ചിട്ടിങ്ങ-
ന്നവതീര്‍ണ്ണയായ്‌ മന്ദം ചുവടു വെച്ചിട്ടവള്‍,
ദ്രുതനര്‍ത്തന,മാടാറുണ്ടായിരുന്നന്നൊക്കെ ;
യാമങ്ങള്‍; ദിനങ്ങളും നീളുന്ന നൃത്തോത്സവം !
എറാലിവെള്ളം വീഴ്ത്തി മണലില്‍ നിരയൊത്ത
കുഴികള്‍ തീര്‍ത്തു കൊണ്ടന്നവള്‍ നര്‍ത്തനമാടീ .
തകരപ്പാത്തി മേലേയിടയ്ക്കു മുറുകിയും
ചിലപ്പോള്‍ മന്ദമായും താളം കേള്‍പ്പിച്ചാളവള്‍ .
എന്തൊരു വശ്യമനോഹാരിതയന്നൊക്കെയും
ഹന്ത മറന്നോ കഷ്ടമവളാച്ചുവടുകള്‍ !
അമ്മഹാരവം ദൂരേ നിന്നും ! പെയ്തൊഴിയാതെ
ചെമ്മാനം കാണ്‍കെ വന്ന വിരുന്നെന്ന പോല്‍ വന്നു,
നിന്നു നര്‍ത്തനമാടുമാവര്‍ഷത്തുവാം വശ്യ-
നര്‍ത്തകിയെങ്ങേ പോയീ ?! മറന്നോയീ നാടിനെ ?!
ഞാറ്റുവേലകള്‍ക്കൊത്തു ചുവടു വെച്ചും കാറ്റി-
ന്നുറ്റവളായി വന്നാളന്നത്തെ മഴക്കാലം !
ഞാറ്റുപാട്ടുകള്‍ക്കൊത്തു നൃത്തം ചെയ്തു നമ്മളി-
ലേറ്റവുമാനന്ദത്തെ,പ്പെയ്തു നിറച്ചാളവള്‍,!
ഇന്നു ഹാ കഷ്ടമവള്‍ ! ചോടുകളൊക്കെപ്പിഴ-
വന്നു പോയ്‌ ദീനം നിന്നു വിലപിപ്പതു കാണ്‍കെ,
എന്‍ മണിച്ചെപ്പിലിന്നും സൂക്ഷിക്കുമാ നന്‍മഴ -
ത്തുള്ളികള്‍ പൊഴിക്കും തന്നാദം ഞാന്‍ ശ്രവിക്കട്ടെ !

No comments:

Post a Comment