Monday, October 15, 2012

'സുനില്‍നിവാസ്'

            എവിടെ നിന്നാണന്നു മണ്ണു കൊണ്ടു വന്നത് എന്നോര്‍മ്മയില്ല ; ആരായിരുന്നു മുഖ്യ പണിക്കാരന്‍ അല്ലെങ്കില്‍ ആര്‍ക്കിട്ടെക്റ്റ് എന്നും.ഒന്നോര്‍മ്മയുണ്ട്, എന്‍റെ പഴയ ഇല്ലത്തിന്‍റെ പൊട്ടിപ്പൊളിഞ്ഞ ആ ഇറയത്ത് 'സുനില്‍നിവാസ്'പണി കഴിക്കപ്പെട്ടു ! ഞങ്ങള്‍  കുട്ടികള്‍ സുനില്‍ നിവാസിനു ചുറ്റും നിന്ന് കൈ കൊട്ടിച്ചിരി ച്ചിരിക്കണം. അത്ര മാത്രം ആഹ്ലാദമായിരുന്നു ഞങ്ങളുടെ മനസ്സുകളില്‍ അന്നു നിറഞ്ഞത്‌.
            ഇല്ലം നാലുകെട്ടായിരുന്നു.എനിക്ക് ഓര്‍മ്മ വെയ്ക്കുമ്പോള്‍ മാളിക പ്പുരയില്‍ നിന്നു വേറിട്ട ഒരു കെട്ടി ടമായിരുന്നു ആ പൂമുഖവും മച്ചും പുറത്താളവും ചേര്‍ന്ന ഭാഗം.തെക്കോട്ടായിരുന്നു അതിന്‍റെ മുഖം. പുര യ്ക്കു തെക്കോട്ടു മുഖമാവുന്നതു നല്ലതല്ലെന്ന ഒരു വിശ്വാസവും വൈകാതെ എന്‍റെ ബാല്യ കൌതുകങ്ങളെ തൊ ട്ടു തലോടിക്കൊണ്ട് പറഞ്ഞു കേട്ടു. ഇല്ലം നശിക്കുമത്രേ !
             ആ വേറിട്ടു നിര്‍ത്തപ്പെട്ട പുരയുടെ പുറത്താളത്തിന്‍റെ കിഴക്കു ഭാഗത്തെ ഇറയം ആണു 'ഞങ്ങളു'ടെ സുനില്‍ നിവാസ് പണി കഴിക്കാന്‍ തെരഞ്ഞെടുത്തത്! കണ്ടാത്തെ ശ്രീധരനും  അന്യേട്ടനും ഓപ്പോള്‍മാരും  ഒക്കെയുണ്ടായിരുന്നു അതിന്‍റെ നിര്‍മാണത്തിന്.കുഞ്ഞ്യേട്ടന്‍ ഇല്ലായിരുന്നു എന്നാണോര്‍മ്മ  ;അപ്പോഴേയ്ക്കും കുട്ടിപ്രായം പിന്നിട്ടു കഴിഞ്ഞിട്ടുണ്ടായിരുന്നിരിക്കണം.  ഏതോ അവധിക്കാലത്ത്..അതെ, അങ്ങനെ ഒരു വേളയില്‍ ഞങ്ങളില്‍ മുതിര്‍ന്നവരായ ആരുടെയോ തലയില്‍ ഒരു നട്ടുച്ചയ്ക്കുദിച്ച ആശയം..കളിമണ്ണു കൊണ്ടൊരു കളിവീട്. കുറെ നേരത്തെ പരിശ്രമത്തിന്‍റെ ഫലമായി ഒന്നോ രണ്ടോ മുറികളുള്ള ടെറസ്സു മാതൃകയില്‍ അതു നിര്‍മ്മിക്കപ്പെട്ടു. എന്തു പേരിടണം !? എന്ന ചര്‍ച്ചയ്ക്കിടയില്‍ 'പള്ളിവാസല്‍' എന്ന പേരും ഉയര്‍ന്നു വന്നു. ആരോ പഠിച്ച പാഠത്തിന്‍റെ ഓര്‍മ്മ !. പല പേരുകളും പലരും നിര്‍ദേശിച്ചിരിക്കണം   ഒടുവില്‍ ആണ് സുനില്‍ നിവാസ് എന്നു തീരുമാനിച്ചത്. എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ടു  ആ പേര്. അന്ന് കുമാര്‍ എന്നു കൂട്ടി ചേര്‍ത്തു കൊണ്ടുള്ള പേരുകള്‍ ഫാഷന്‍ ആയിരുന്നതു പോലെ വീടുകള്‍ക്ക് നിവാസ് എന്നും ചേര്‍ക്കുന്നതാ യിരുന്നു ആളുകള്‍ക്കു പ്രിയം ! പത്തു മുപ്പത്തഞ്ചു നാല്‍പ്പതു കൊല്ലം മുന്‍പത്തെ കാര്യം !
              എന്തിനു പറയുന്നൂ ഞങ്ങള്‍ സുനില്‍ നിവാസിനു പേരിട്ടെന്നു മാത്രമല്ല അത് എവിടെ നിന്നോ കിട്ടിയ ചായം കൊണ്ട് അതിനു മുകളില്‍ എഴുതി വെയ്ക്കുകയും ചെയ്ത ശേഷമേ സംതൃപ്തരായുള്ളൂ .കുറേക്കാലം അതവിടെ കേടു കൂടാതെയുണ്ടായിരുന്നു.കാലവര്‍ഷത്തിന്‍റെയും വെയിലിന്‍റെയും കരപാതങ്ങളേററ് ആ പഴയ പുര ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍  നിലം പൊത്തും വരെ !    

2 comments:

  1. മണ്ണും മറ്റും വെച്ച് കളിച്ച എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപോയി മാഷടെ ഈ ലളിത സുന്ദര ലേഘനം.സുനില്‍ നിവാസ നിലംപൊത്തി എന്നറിഞ്ഞപ്പോള് എന്തോ ഒരു നൊമ്പരം .അസ്സലായി മാഷേ......

    ReplyDelete
    Replies
    1. നല്ല വായനയ്ക്ക് നന്ദി.ഇനിയും വായിച്ച് പ്രോല്‍സാഹനം തരണം :)

      Delete