Wednesday, August 6, 2014

ഇനിയും നരയ്ക്കാത്ത കുറേ ഓര്‍മ്മകള്‍ !

18 February 2014 at 00:54
         ഒരു ഒറ്റത്തോര്‍ത്ത്‌ ; തടിച്ചു കുറുകിയ ദേഹം . അമ്പേ   നരച്ചതും ചീകി വെയ്ക്കാത്തതും ആയ തലമുടി..... ഇങ്ങനെയൊക്കെയായിരുന്നു  എനിക്ക് ഒരു മാതിരി കാര്യങ്ങള്‍  കണ്ടറിയാന്‍ കഴിയാറായതു  മുതല്‍ക്കേ ഞാന്‍ കാണുന്ന ആ രൂപം .
         മറ്റു കുട്ടികളുടെ അച്ഛന്മാരില്‍ പലരും 'രാമോ'ന്റെ സ്കൂളില്‍ വരുന്ന അവസരങ്ങളില്‍ എന്റെ കുഞ്ഞുമിഴികള്‍ ഒരു താരതമ്യം നടത്താന്‍ തുടങ്ങിയിരുന്നുവോ !? അതോ അല്ലാതെ ഏതെങ്കിലും വിധത്തില്‍ അച്ഛന് പ്രായം തോന്നിക്കുന്നു എന്ന വസ്തുത എന്റെ മനസ്സില്‍ പതിഞ്ഞതായിരിക്കുമോ ? ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയുന്നില്ല. എന്നാല്‍ ....

         "സ്കൂളില് പടിക്ക് മ്പളേ നെന്റെ അച്ഛന്റെ തല നരയ്ക്കാന്‍ തൊടങ്ങീക്ക്ണൂ"  എന്ന് അന്നത്തെ ബാല കൌതുകം പൂണ്ട അന്വേഷണങ്ങള്‍ക്ക് അമ്മയോ മുത്തശ്ശിയമ്മയോ ആരെന്ന് ഓര്‍മ്മയില്ല സമാധാനം പറഞ്ഞതായി അവ്യക്തമായി ഓര്‍ക്കുന്നു.

അത്യോ ! എന്നദ്ഭുതം പൂണ്ടു കൊണ്ട് നില്‍ക്കുമായിരുന്നു ഞാന്‍ .
പാരമ്പര്യം സ്കൂള്‍ കുട്ടികളായിരിക്കുമ്പൊഴേ പിടി കൂടുന്നതെന്തിനാവോ ! ഇന്നത്തെ കുട്ടികളെ പിടി കൂടാന്‍ ആരെല്ലാം കാത്തു നില്‍ക്കുന്നു !!!

ആരു പറഞ്ഞിട്ടാണാവോ അച്ഛന്‍ പത്താം ക്ലാസ്സിന്റെ പടിക്കല്‍ വെച്ച് സ്കൂളിനോട് യാത്ര പറഞ്ഞു പോന്നത് ?!
അറിയില്ല . ചോദിച്ചിട്ടില്ല .
ആ അച്ഛന്‍ പിന്നെ ആ പടി കടന്നു ചെല്ലുമായിരുന്നു . മകന്റെ വര്‍ഷാവര്‍ഷറിസല്‍റ്റുകള്‍  അറിയാന്‍ !
ഒരിക്കല്‍ എങ്ങണ്ടിയൂരില്‍ നിന്നു  വന്നിരുന്ന കേ.ബീ. ശശികുമാറും മറ്റും  കളിയാക്കി.
 " ടാ ,ഞാന്‍  ഇവന്‍റച്ചനെ കണ്ടൂടാ . ഇവന്‍റച്ചന്‍  വന്നേര്‍ന്നൂടാ മ്മളെ സ്കൂളില് . " എന്നിങ്ങനെ . കഴിഞ്ഞില്ല,കേട്ടപ്പോള്‍ ചിരിച്ചു കാണിച്ചുവെങ്കിലും അവര്‍ ഇങ്ങനെ തുടര്‍ന്നു :
"എന്നിട്ടേയ് ഇവന്‍റച്ചന്‍ ചോയ്ക്ക്യാ ഇവന്റെ പേരിന്റെ മുകളില്‍ നക്ഷത്രം ണ്ടോ ന്ന് ! ... ഞാമ്പറഞ്ഞൂ നക്ഷത്രം മാനത്താ ന്ന് ! "
എന്നിട്ട് എല്ലാരും കൂടി ഒരു ചിരിയും .
ഈ മകനെക്കുറിച്ചുള്ള ആ പാവം ശുദ്ധാത്മാവിന്റെ സ്വപ്‌നങ്ങള്‍ മുഴുവന്‍ അവരുടെ വാക്കുകളില്‍ ഉണ്ടായിരുന്നു . പക്ഷേ....!
അന്ന് ഒന്നുമീ മകനു മനസ്സിലായില്ല.
അച്ഛന്‍ പറയുമായിരുന്നു : " ഞാനോ ഇങ്ങന്യായി ; നിങ്ങളോ പഠിച്ച് നേര്യാവണം "
ഇല്ലത്തെ വടക്ക്വോറത്തെ പവിഴമല്ലിച്ചുവട് ഓര്‍മ്മ വരുന്നതെന്താണാവോ ! ഒരു വേള  അവിടെ നില്‍ക്കുന്ന സമയത്തായിരുന്നിരിക്കണം എന്നോ ഒരിക്കല്‍ അച്ഛന്‍ എന്നോട് അങ്ങനെ പറഞ്ഞത് .
എന്നിട്ടും ..... !
അച്ഛാ..., ആ മനസ്സില്‍ ഒരു പ്രൈമറി സ്കൂള്‍  അദ്ധ്യാപകന്‍ എന്ന സങ്കല്പം ആയിരുന്ന്വോ ?
അറിയില്ല.
പറഞ്ഞിട്ടില്ല .ചോദിച്ചിട്ടുമില്ല.
പഠിച്ചു വല്ല്യേ ആളാവണം . എനിക്കോ ഇത്രേ പറ്റീള്ളൂ എന്നിങ്ങനെ പാവം എന്റെ അച്ഛന്‍ പറയുമായിരുന്നു .
ആ അച്ഛന്‍ സങ്കല്പ്പിച്ച പോലെ എന്റെ പേരിനു മുകളില്‍ വിജയതാരകങ്ങള്‍ ഏറെയൊന്നും ഉദിച്ചില്ല.  എന്നാലും പത്താം ക്ലാസിലെ അന്നത്തെ നിലയില്‍ മോശമല്ലാത്ത ഒരു വിജയം . ആ വിജയം എന്നെ ഈ അധ്യാപകപദവിക്ക് അര്‍ഹനാക്കി. അച്ഛാ, അങ്ങയുടെ അദൃശ്യമായ പ്രാര്‍ത്ഥനകള്‍ എന്നെ കൈ പിടിച്ചുയര്‍ത്തിയതായിരിക്കണം.
ഒരിക്കല്‍ എങ്കിലും എന്റെ കൈ വിരലുകളില്‍ പിടിച്ചു നടന്നിട്ടുള്ള തായി എനിക്ക് ഓര്‍മ്മയില്ല. ആ കൈവിരലുകള്‍ എന്റെ കുഞ്ഞുതുടകളില്‍ പല തവണ പതിഞ്ഞിട്ടുണ്ട്. എന്നാലും ഒരിക്കല്‍പ്പോലും അച്ഛനെ വെറുത്തിട്ടില്ല ഞാന്‍ .
ഭയം മാത്രമായിരുന്നു കുട്ടിക്കാലത്ത് മനസ്സില്‍ . അല്‍പ്പം കൂടി മുതിര്‍ന്നപ്പോള്‍  മനസ്സിലായി പാവമായിരുന്നു എന്റെ അച്ഛനെന്ന്.
എന്റെ കൂട്ടുകാര്‍ക്കു പോലും കളിയാക്കാന്‍ പാകത്തില്‍ മഹാസാധു . അവരുടെ മറുപടി കേട്ട് അന്ന് ആ മുഖം വിവ ര്‍ണ്ണമായോ ആവോ ? അതോ നിസ്സംഗഭാവത്തില്‍  ഒന്നും പറയാതെ ഏനാമാവു സ്കൂളിന്റ ഓഫീസ് മുറിയുടെ മുന്നില്‍ പതിച്ചിരുന്ന റിസല്‍റ്റുകളുടെ പട്ടികയില്‍ നിന്ന് എന്റെ പേര്‍ നക്ഷത്രങ്ങളുടെ കൂടെ കാണാതെ നിരാശനായി മടങ്ങിയിരിക്കണം . എന്നാലും സമാധാനിച്ചു കാണും ആ മനസ്സ് നക്ഷത്രങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തി എന്നെങ്കി ലും ഒരിക്കല്‍ ഏതെങ്കിലും ഉയരങ്ങളില്‍ കാണും എന്ന് .
ഉവ്വ്, അച്ഛാ എനിക്കുമുണ്ട് മനസ്സിലോര്‍ക്കാന്‍ ചില പൊന്‍തൂവലുകള്‍ .
ഒരിക്കല്‍ ഏനാമാവു സ്കൂളിലെ അധ്യാപികമാരെ ഞാന്‍ ഒരു വേദിയില്‍ വെച്ചു പരിചയപ്പെട്ടു . അധ്യാപകരുടെ ഇദം പ്രഥമമായ കലാമേള തൃശൂര്‍ ജില്ലയില്‍ നടക്കുന്ന സമയം . അവര്‍ക്കാണ് സംഘ ഗാനത്തില്‍ ഫസ്റ്റ്.
"ഞാന്‍ അവിടുത്തെ ഓള്‍ഡ്‌ സ്റ്റുഡന്റാട്ടോ " ഞാന്‍ അവരോട് പറഞ്ഞു . അവര്‍ക്കും സന്തോഷം . മാഷ്‌ എന്തിലാ പങ്കെടുത്തത് എന്നിങ്ങനെ ചോദിച്ചു കൊണ്ടിരിക്കേ എനിക്കാണ് അത്തവണത്തെ അധ്യാപകകലാശ്രേഷ്ഠ സ്ഥാനം എന്നറിഞ്ഞപ്പോള്‍ അവര്‍ക്കും ആഹാദം ! ഞാന്‍ ശരിക്കും ത്രില്‍ അടിച്ചു പോയ വിജയം !
ഏതാണ്ട് പത്തു വര്ഷം മുന്‍പായിരുന്നു അത് . അതുപോലെ എനിക്ക് സ്വപ്നം കാണാന്‍ പോലുമാകാത്ത ഒരു സ്ഥാനം. കഴിഞ്ഞ വര്ഷം ചാവക്കാട് വിദ്യാഭ്യാസജില്ലയുടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ ജില്ലാകണ്‍വീനര്‍ എന്ന നിലയില്‍ എന്റെ കയ്യൊപ്പു പതിക്കാനും അതില്‍ അന്നത്തെ ബഹുമാനപ്പെട്ട  ഡീ ഈ ഓ ശ്രീമതി.സീ.വീ.ലീജീ മാഡത്തിന്‍റെ വാക്കുകളിലൂടെ ഔദ്യോഗികവും അനൌദ്യോഗികവും  സന്ദര്‍ഭങ്ങളി ല്‍ പ്രശംസാ വചനങ്ങളുടെ അംഗീകാരമുദ്ര പതിപ്പിക്കാനും കഴിഞ്ഞത് ഒരു ചെറിയ നേട്ടം ആണോ !
അച്ഛാ ഒക്കെ അവിടുത്തെ അനുഗ്രഹം കൊണ്ടു കൂടിയാണ് .
മിനിഞ്ഞാന്ന് എനിക്ക് ഓര്‍മ്മ വന്നു .
സജി പറഞ്ഞു ഇന്ന് അത് ; ഈയിടെയായി കൃഷ്ണേട്ടന്‍ അച്ഛന്റെ ശ്രാദ്ധം അടുക്കുന്ന ദിവസങ്ങളില്‍ അച്ഛനെ ഓര്‍മ്മിക്കുന്നത് പതിവായിട്ടുണ്ട് എന്ന് ! അറിയാതെ ഓര്‍ത്തു പോകുന്നു .
ഞാന്‍ മിനിഞ്ഞാന്നാണ്‌ പറഞ്ഞത് . പൂമുഖത്തെ തിണ്ണയില്‍ കൈകള്‍ ഊന്നിയിരുന്നു കൊണ്ട് അച്ഛന്‍ ഇങ്ങന്യാ ഇരിക്കുമായിരുന്നത് എന്ന് . കുട്ടിക്കാലത്ത് ഒരു മദ്ധ്യവേനലവധിക്കാലത്ത് അമ്മാത്തേക്കു പോകാന്‍ മുട്ടിയിരുന്ന എന്നെ പാഞ്ഞാളില്‍ അമ്മാത്തെത്തിച്ചയുടനെ അവിടത്തെ പൂമുഖത്തിണ്ണയില്‍ ഇതേ ഇരിപ്പിരുന്ന് എന്നോട് കുടിക്കാന്‍ വെള്ളം വേണം എന്ന് ആംഗ്യം കാട്ടിയ അച്ഛന്റെ രൂപം ആണ് ഞാന്‍ ഓര്‍ത്തത് !
അതെ അച്ഛന് ഇന്ന് ദാഹിക്കുന്ന ദിവസമായിരുന്നു !
കുംഭമാസത്തിലെ ഉത്രം നാള്‍ .
ഇരുപത്തിയെട്ടു കൊല്ലങ്ങള്‍ക്കു മുന്‍പ് ഈ ദിവസമായിരുന്നു അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയത് .
ആ അച്ഛനു വേണ്ടി ബലിയിട്ടു ഇന്നും . കാക്ക നേരത്തെ വന്നു കാത്തിരുന്നിരുന്നു .
ഞാനും അമ്മയും ഇട്ട ബലിച്ചോറു ഭക്ഷിച്ച് അച്ഛന്‍ പിതൃലോകത്തേക്കു മടങ്ങിപ്പോയി .  അടുത്ത വര്‍ഷവും വരാം ട്ടോ എന്ന് ചിറകടിച്ചു കൊണ്ട് !
ഞാന്‍ തെക്കോട്ടും അമ്മ കിഴക്കോട്ടും നമസ്കരിച്ചു .
ഞാന്‍ കവ്യത്തില്‍ ഒരു പങ്കു ജപിച്ചു കൊണ്ട് ഭക്ഷിച്ചു . അമ്മയും .
അച്ഛാ . ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഈ മകന്റെ കണ്ണുനീര്‍ ഉദകവും അര്‍പ്പിക്കട്ടെ . അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ തെറ്റുകള്‍ക്കും മാപ്പു തരണേ ഈ മകന് . എന്റെ മകനെ ഉയരങ്ങളില്‍ എത്തിച്ച് അങ്ങയുടെ അഭിലാഷം വൈകിയാണ് എങ്കിലും ഞാന്‍ സഫലമാക്കിക്കൊള്ളാം. ആ അനുഗ്രഹമുണ്ടാവും എന്നതിനാല്‍ !
എല്ലായ്പ്പോഴും ഒപ്പം ഉണ്ടാകണേ !






UnlikeUnlike ·  · 

No comments:

Post a Comment