Thursday, August 14, 2014

ഓര്‍മ്മയുടെ സുഷിരങ്ങളിലൂടെ !


"ഓർമ്മയുടെ സുഷിരങ്ങളിലൂടെ....."



അമ്മാത്ത് ഒരു ചാരുപടിയുണ്ടായിരുന്നു. 'ഒരു കോണി കയറിയ നടൂലറ'യില്‍ ! മുകളില്‍ കയറിക്കിടന്നു സുഖമായി ഉറങ്ങാം. അഴികള്‍ക്കിടയിലൂടെ കടന്നു വരുന്ന ഇളം കാറ്റു തഴുകിയുറക്കിക്കൊള്ളും. എങ്കിലും എന്നെങ്കിലും അവിടെ കിടന്നുറങ്ങി യതായി ഒരു ഓര്‍മ്മ എനിക്കില്ല !
പ്രധാനമായും ആ മുറി ഞങ്ങള്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്നത് ഇരുട്ടു തപ്പിക്കളിക്കാന്‍ ആയിരുന്നു. കിഴക്കോട്ട് അന്നു നടുമുറ്റത്തിന്‍റെ ഭാഗത്തേക്കു തുറക്കുന്ന ജനല്‍ അന്നൊക്കെ ഉണ്ടായിരുന്നോ !? ഓര്‍മ്മയില്ല. എനിക്കു തോന്നുന്നത് അതു പിന്നീട് പഴയ ചെത്തി തേക്കാത്ത ചുമര്‍ സിമന്‍റ് കൊണ്ടു തേയ്ക്കുന്ന കൂട്ടത്തില്‍ അവിടെ ഒരു ജനല്‍ പില്‍ക്കാലത്ത്‌ വെച്ചതായിരിക്കണം എന്നാണ്. എന്തായാലും 1982 മുതല്‍ 1990 വരെ ഞാന്‍ അവിടെ താമസിക്കുന്ന കാലത്ത്‌ ആ ജനല്‍ ഉണ്ട്.
പറഞ്ഞു വന്നത്, ഈ അറയില്‍ കുട്ടികള്‍ കളിച്ചിരുന്ന തിനെപ്പറ്റിയാണല്ലോ ? ഇടയ്ക്ക് ഒരു ഓര്‍മ്മ ജാലകം തുറക്കാന്‍ ഞാന്‍ ഒരു വിഫല ശ്രമം നടത്തിയെന്നു മാത്രം !
ഇരുട്ടുതപ്പിക്കളിക്കാന്‍ പറ്റിയ ഇടം ! അവിടെ ചാരുപടി വഴി കടന്നു വരുമായിരുന്ന നേരിയ വെളിച്ചക്കീറുകളെ പുതപ്പുകളും കോസറിവിരിപ്പുകളുമുപയോഗിച്ചു ഞങ്ങള്‍ മറയ്ക്കുന്നതായിരുന്നു കളിയുടെ ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തില്‍ ഇരുട്ടില്‍ തപ്പി മറ്റുള്ളവരെ കണ്ടെത്തി പറയാന്‍ ഒരാളെ നിശ്ച്ചയിക്കുന്നു. എങ്ങനെയായിരുന്നു അത് എന്നോര്‍മ്മയില്ല ; അതെന്തോ ആകട്ടെ, ഞാനും അമ്മാമന്‍റെ അഞ്ചു മക്കളും എന്‍റെ ഓപ്പോള്‍ മാര്‍ രണ്ടു പേരും ഒക്കെ ആ കളിയില്‍ ഉണ്ടായിരുന്നിരിക്കണം. പിന്നെപ്പിന്നെ ഇച്ചമ്മമാരുടെ ( അമ്മയുടെ അനിയത്തിമാര്‍ ) കുട്ടികളും ഒക്കെ അവധിക്കാലത്ത്‌ ഈ കളികളില്‍ പങ്കെടുത്തിട്ടുണ്ടായിരിക്കണം.
ആ ചാരുപടിക്ക് മുന്‍ കാലങ്ങളിലെ എന്തൊക്കെ കഥകള്‍ പറയാനുണ്ടായിരുന്നുവോ ആവോ ! അമ്മാത്തെ ഏതെങ്കിലും കാരണവര്‍മാര്‍ അവിടെ ഉച്ചയൂണു കഴിഞ്ഞു വിശ്രമിക്കാന്‍ ഉപയോഗിച്ചിരുന്നുവോ എന്ന് ആര്‍ക്കറിയാം ! ചോദിച്ചു നോക്കാന്‍ ഇന്ന് അമ്മാത്തെ മുത്തശ്ശിയമ്മയില്ല ; അമ്മാമനുമില്ല ; അമ്മ പറയുന്നു അതു പ്രത്യേകിച്ചൊന്നിനും ആരും ഉപയോഗിച്ചിരുന്നില്ല എന്ന് !
മുന്‍ കാലങ്ങളില്‍ അമ്മാത്തെ അമ്മയടക്കമുള്ള അന്നത്തെ കുട്ടികളും അന്നത്തെ മരുമക്കളും ഇരുട്ടു തപ്പി ക്കളിക്കാന്‍ ഉപയോഗിച്ചിരുന്നുവോ ആവോ ! ഈ കളികള്‍ ഒക്കെ ആരാണ് കണ്ടു പിടിച്ചതാവോ ! എന്തായാലും ആ ചാരുപടിക്ക് അപ്പുറം വലിയ കാഴ്ച്ചകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പടിഞ്ഞാട്ടു നോക്കിയാല്‍ നേരെ മുന്‍പില്‍ കുളപ്പുരയും ആത്തേമാരുമാര്‍ ( സ്ത്രീജനങ്ങള്‍ ) കുളിക്കുന്ന കടവിന്‍റെ ഒരു ഭാഗികദൃശ്യം കിട്ടുമായിരുന്നു. ഇടയില്‍ ഒരു ചെറു മുറ്റവും പൂമുഖവും കാണാമായിരുന്നു. അതിനുമപ്പുറം കുളപ്പുരയുടെ തെക്കുഭാഗത്തുള്ള പടിഞ്ഞാറേപ്പടി വരെ നീളുന്ന വിശാലമായ മുറ്റത്തിന്‍റെയും ഭാഗിക ദൃശ്യം . കുളപ്പുരയുടെ തെക്കു ഭാഗത്തെ ഇറയവും തിണ്ണയും അങ്ങനെത്തന്നെ . ഇടയില്‍ ഒരു കടപ്പിലാവ് വളര്‍ന്നു വന്നത് പിന്നീട് എപ്പോഴോ ആയിരിക്കണം !
ഓര്‍മ്മകളുടെ ചെറു സുഷിരങ്ങളിലൂടെ കടന്നു വരുന്നനേരിയ വെളിച്ച ത്തുണ്ടുകള്‍ ഇന്നും ആ ചാരുപടി എനിക്ക് കാണിച്ചു തരുന്നു ! ഞാന്‍ ഈ ഓര്‍മ്മച്ചാരുപടിയില്‍ കിടന്ന് ഒന്നു മയങ്ങട്ടെ !

No comments:

Post a Comment