Wednesday, April 6, 2016

"മൂക്കു  മുട്ടെ മൂക്കുകൾ !"

അങ്ങനെയൊരു  അവധിക്കാലത്ത്‌ -20

                           അങ്ങനെ ഈ ആത്മകഥാകഥനം അമ്മാത്തെ അടുക്കള വരെ എത്തി . ഈ  അടുക്കളയിൽ  നിന്ന്  പോകാൻ തോന്നുന്നില്ല ! പോകാൻ ആ അടുക്കളയുടെ പുറത്തേക്കു കിഴക്കോട്ടും പടിഞ്ഞാട്ടും തുറക്കുന്ന  ഓരോ  വാതിലുകളുണ്ടെങ്കിലും ഓർമ്മകളുടെ മേലടുക്കളയിൽ നിന്നും   ആ അടുക്കളയിലേക്ക്  കാലൂന്നി നില്ക്കുകയാണ് കൃഷ്ണകുമാറിൻറെ  മനസ്സ് ! തിരിച്ചു  നടന്ന്  വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ   പുറത്താളത്തിലേക്ക് തിരിച്ചു  വന്നാലും വീണ്ടും  ആ നാലിറയത്തിന്റെ  പടിഞ്ഞാറേ  ഇറയത്തു കൂടി  ഓടി  വടുക്കിണിയിലൂടെ വർത്തമാനകാല കൃഷ്ണനെ  പിന്നിലാക്കി ആ അടുക്കള  പോകുകയാണ് അയാളുടെ  മനസ്സ് ! കാരണം  എന്നേയ്ക്കുമായി ഭൂതകാലത്തിനു  വിട്ടു കൊടുത്തത്  ആ  ബാല്യം  മാത്രമാണല്ലോ ; ആ  ഓർമ്മകൾ  ഇന്നും അയാളുടെ  സ്വന്തമാണല്ലോ !  

                                       അടുക്കളയിലേക്ക് കടക്കാൻ രണ്ടു  വാതിലുകൾ. അവിടെ നിന്ന് പുറത്തു കടക്കാനും ! ഇത്രയധികം  വാതിലുകളോ  എന്ന് എന്നു വായനക്കാർ ചിന്തിക്കുന്നുണ്ടാകാം. അതൊരു എട്ടുകെട്ടിന്റെ ഭാഗമായിരുന്നു. അതു  പൊളിച്ചു പോയി. കൃഷ്ണന്  ഓർമ്മ നാലു കെട്ടി ന്റെ  ഭാഗം  മാത്രമായ അടുക്കളയാണ്‌  അതിനാലാണ്   അടുക്കളയിൽ നിന്ന്  കിഴക്കോട്ടുള്ള വാതിലിലൂടെ  നോക്കിയാൽ  അവിടെയുണ്ടായിരുന്ന ശ്രീലകത്തിനു  പകരം കിഴക്കേ കുളത്തിലേക്ക്‌  പോകുന്ന  ചെറിയ  വഴിയും അവിടെ  വളർന്നു നിൽക്കുമായിരുന്ന  ഇളം പുല്ലുകളും മറ്റും  തെളിഞ്ഞു  കാണാനാകുന്നത് . ആ വഴിയേ  മറ്റൊരവസരത്തിൽ  നിങ്ങളെ കൊണ്ടു  പോകാം . അൽപ്പ നേരം  കൂടി അമ്മാത്തെ അടുക്കളയിൽ ചെലവഴിച്ചു കൊള്ളട്ടെ ! 
      
                          പടിഞ്ഞാറേ  വാതിലും  കിഴക്കേ വാതിലെന്ന പോലെ  ചുമരിന്റെ വടക്കേ അറ്റത്തായിരുന്നു. കിഴക്കേ  വാതിലിനും കൊട്ടത്തളത്തിനും  ഇടയിൽ കിഴക്കേച്ചുമരിൽ  അടുപ്പും  മീതെ  കരിപിടിച്ച നീളൻമരയഴിയും ആണുണ്ടായിരുന്നതെങ്കിൽ  പടിഞ്ഞാറേച്ചുമരിൽ ആ  വാതിലിനും പുറമേ ഒരു ചെറു മരയഴി മാത്രമാണ്  ഉണ്ടായിരുന്നത് ഇടയ്ക്കുള്ള  ഭിത്തി    കാലപ്പഴക്കം കൊണ്ടും  നിത്യോപയോഗം  കൊണ്ടും നിറം  മങ്ങിക്കിടന്നു.ആ ഭിത്തിക്കരികെ ഒരു  ബെഞ്ചും  ഡസ്ക്കുമിട്ടിരുന്നു. ആദ്യകാലത്ത്  നിലത്തിരുന്ന് ഊണു കഴിക്കുമായിരുന്ന  അമ്മാമനെ ഓർമയുണ്ട്. മറ്റൊരു  അവധിക്കാലം വന്നണഞ്ഞപ്പോൾ  അമ്മാമൻ  എന്നോ ഉയർന്നിരുന്നു കൊണ്ടു ഭക്ഷണം കഴിക്കുന്നത് തെല്ലു കൌതുകത്തോടെയാണ് കണ്ടത്.  ഇല്ലത്തോ മറ്റെവിടെയുമോ ഊണുമേശ പോലും കൃഷ്ണൻ കണ്ടിട്ടില്ലല്ലോ.


                     ഈ  രണ്ടു വാതിലുകൾക്കും  ഇടയിൽ  വടക്കേ ചുവരിനോടു  ചേർന്ന്  അട്ടുകല്ല്   ഉണ്ടായിരുന്നതും   മറ്റും  നേരത്തെ  പറഞ്ഞിട്ടുണ്ട് .

                                  അടുക്കളയിലിരുന്നും  ചക്ക  ചുള പറിച്ച്  ഇശ്ശി തിന്നിട്ടുണ്ട് . പൈനാപ്പിൾ  ചെത്തി തിന്നിട്ടുണ്ട് . അതിനൊക്കെ  നേതൃത്വം  വഹിച്ചിരുന്നത്  ഇന്ദുവേ ട്ടനായിരുന്നു . എന്നാൽ  പലപ്പോഴും അമ്മാമൻ  പൈനാപ്പിൾ  ചെത്തി പാത്രത്തിൽ  കഷണങ്ങൾ  ആക്കി ഇടുമായിരുന്നു. അപ്പോഴൊക്കെ  ഒരു ഭയമാണ് .    ഇന്ദുവേട്ടൻ,ദാമ്വേട്ടൻ,മധു എന്നിവർ  മാത്രമേ ഉള്ളൂ  എങ്കിൽ അതൊന്നുമല്ല  സ്ഥിതി. വലിയ  കിണ്ണത്തിലാണ് ഇടുക  പലപ്പോഴും . 

                                 ആദ്യം കൈതച്ചക്കയുടെ തലഭാഗം  മുറിച്ചു കളയുന്നു . അത്  ദേഹത്തു  കൊണ്ട്  പല തവണ  വേദനിച്ചിട്ടുണ്ട്. കട ഭാഗവും ചെത്തിക്കളഞ്ഞ് നേർപാതിയായി മുറിക്കുന്നതും  അവ  വീണ്ടും  മുറിക്കുന്നതും  നോക്കി കൃഷ്ണൻ  ക്ഷമയോടെ അങ്ങനെയിരിക്കും . പിന്നെ  തോലു  ചെത്തുന്നു . മൂക്ക് വേറെ ചെത്തിയിടുന്നു  !  ആദ്യമായി  ഒരു  പഴത്തിന്റെ  പേര്  ഇംഗ്ലീഷിൽ പഠിച്ചത്  അന്നായിരുന്നു  എന്നു  തോന്നുന്നു.കൈതച്ചക്ക എന്നതിനേക്കാൾ പൈനാപ്പിൾ  എന്നാണ്  ഏട്ടന്മാരും  മറ്റും  പറയുന്നത്  കേട്ടിട്ടുള്ളത് .  മാംഗോ എന്നു  പോലും പിന്നീടായിരിക്കണം . അന്നൊന്നും  നാലാം  ക്ലാസ്സു കഴിഞ്ഞല്ലാതെ  ഇംഗ്ലീഷ് ഉണ്ടായിരുന്നിലല്ലോ !
               
                          പൈനാപ്പിൾ  കഷണങ്ങൾക്കിടയിൽ  ഏതാണ്ട്  കാലിഡസ്ക്കോപ്പി ന്റെ  ത്രിമാനാകൃതിയിലുള്ള  നീണ്ട  കഷണങ്ങൾ  വളരെ ഇഷ്ടമായിരുന്നു . മൂക്ക് എന്നാണു  പറയുക . ആദ്യം  അക്കാര്യം  കേട്ടപ്പോൾ,  'മൂക്കോ !?'  എന്ന് അതിശയത്തോടെ  ചോദിച്ചിട്ടുണ്ട് . മൂക്ക് പ്രത്യേകം  തെരഞ്ഞെടുത്ത് തിന്നുമായിരുന്നു.  പൈനാപ്പിളി ന്റെ മറ്റു കഷണങ്ങളിൽ മുള്ളു  പോലെയുള്ള ഭാഗങ്ങൾ നാവിലുരസുമെങ്കിലും  ഏറെ സ്വാദിഷ്ഠ മായ  ഇട ഭക്ഷണമായി അതൊക്കെ  എത്രയെത  കഴിച്ചിരിക്കുന്നു !

                             അമ്മാത്ത്   റബ്ബറും പൈനാപ്പിളും  മണക്കുമായിരുന്ന  കാലം !
പൈനാപ്പിൾ  ഇഷ്ടം പോലെ  നീലി  വള്ളിക്കുട്ടയിൽ ചുമന്നു കൊണ്ടു  വരും . കിഴക്കേ   തോപ്പിലും പടിഞ്ഞാറേ തോപ്പിലും അത്  ധാരാളം  കൃഷി ചെയ്തിരുന്നു. അതെക്കുറിച്ച്  പിന്നീടു  പറയാം . പടിക്കലെ  കടമ്പായ  കടന്നു നീലി  ചിലപ്പോഴൊക്കെ  വന്നിരുന്നത്  കൈതച്ചക്കകളുമായിട്ടായിരുന്നു . കൈതത്തലകൾ കുട്ടയിൽ  ഉയർന്നു  നിൽക്കുന്നത്  കാണാം . പൂമുഖത്തെ പടിഞ്ഞാറേ  ഇറയത്ത്‌  അതിറക്കി  വെയ്ക്കും .വാഴടെ  നാരും കശുമാവിന്റെ ഇലയും മറ്റിലകളും  ഒക്കെ കൂട്ടിപ്പിരിച്ചുണ്ടാക്കുന്ന  'തെരിക' ചിലപ്പോൾ താഴെ വീഴും .   ഇല്ലത്ത്  തെങ്ങാക്കുട്ട ചുമക്കാൻ  പൊന്നിയും  ചന്ദ്രന്റെ ഭാര്യയും തലയിൽ  വെയ്ക്കുന്ന തെരികയിൽ നിന്നു  വ്യത്യസ്തമായിരുന്നു  ആ തെരിക . കുട്ടികൾ  രണ്ടു മൂന്നു പേർ  ചേർന്നോ  മറ്റോ  ഇടനാഴിയിലേക്കോ നാലിറയത്തേക്കോ  പിടിച്ചു വെയ്ക്കും കുട്ട .

                             നല്ല  പഴുപ്പു  കയറിയവയും   പാതി പഴുപ്പുനിറമുള്ളവയും അക്കൂട്ടത്തിൽ  ഉണ്ടായിരുന്നു . കൈതച്ചക്കകളുടെ അവശിഷ്ടങ്ങൾ പശുക്കൾക്ക്  നൽകി വന്നിരുന്നു .
 *                          *                         *                         *                      *                     *                       *  

                           

                                       

No comments:

Post a Comment