"പൈനാപ്പിൾനീരും മാങ്ങാത്തൊലിയും കട്ടു തീറ്റയും ! "
പാഞ്ഞാളിൽ 1970-8o കാലത്ത് കയ്പ്പഞ്ചേരി മനയ്ക്കലെ അടുക്കളയിൽ വി.ബി. കൃഷ്ണകുമാർ എന്ന മരുമഹൻ കൂടി പങ്കെടുക്കാനിടയായ പൈനാപ്പിൾ തീറ്റയുടെ കാര്യമാണല്ലോ കഴിഞ്ഞ അധ്യായത്തിൽ വിവരിച്ചത് . അതിന്റെ ഒടുവിൽ സംഭവിക്കുന്ന ഒരു കാര്യമുണ്ട്. മിക്കവാറും അതിൽ, ഒരു നാടൻ വാഴപ്പഴം പോലും വെങ്കിടങ്ങിലെ തെങ്ങിൻപറമ്പിൽ ഉണ്ടായിട്ടു തിന്നാൻ യോഗമില്ലാത്ത പട്ടേരില്ലത്തെ കൃഷ്ണൻ തന്നെയായിരുന്നു പ്രധാന റോൾ വഹിക്കുമായിരുന്നത് .
പൈനാപ്പിൾ ജലാംശം ഏറെയുള്ള പഴമാണല്ലോ .അതു ചെത്തുമ്പോൾ വിരലമരുന്നതു കൊണ്ട് കുറച്ചൊക്കെ നീര് കിണ്ണത്തിൽ വീഴാതെ തരമില്ല . ചെറുതും വലുതുമായ എല്ലാ കഷണങ്ങളും അകതാക്കിക്കഴിഞ്ഞാൽ കിണ്ണത്തിൽ കുറച്ചു കാണപ്പെടുമായിരുന്ന പൈനാപ്പിളിന്റെ നീര് കിണ്ണം എടുത്തൊരു മോന്തു മോന്തും ! കൊതിയൻ കൃഷ്ണന് അതിനു മൌനാനുവാദം ഉണ്ടായിരുന്നു . മറ്റു കുട്ടികൾക്കറിയാമല്ലോ ഇതൊന്നും പട്ടേരില്ലത്ത് കിട്ടുന്നതല്ലെന്ന് .
ആ അടുക്കളയിൽ വെച്ച് ഒരു വൈകുന്നേരം അമ്മാമൻ ഒട്ടുമാങ്ങയോ മറ്റോ ചെത്തിക്കൊണ്ടിരിക്കുകയായിരുന്നു . തൊലിയുടെ പുറമെയും നല്ല പഴുപ്പു നിറം വ്യാപിച്ച അസ്സൽ ഒട്ടുമാങ്ങകൾ . പടിക്കലെ ആ ഒട്ടു മാങ്ങയ്ക്ക് ഒരു പ്രത്യേക സ്വാദായിരുന്നു . ചെത്തുന്നതിനനുസരിച്ച് തോല് അങ്ങനെ താഴെ വീണു കൊണ്ടിരുന്നു . കുട്ടികൾ ഉണ്ടോ അടങ്ങിയിരിക്കുന്നു ! ആ പഴുപ്പുനിറം വ്യാപിച്ച തോലിൽ അങ്ങനെ നോക്കിയിരിക്കുന്ന ആ കൊതിയന്മാർ ! എന്തിനു പറയുന്നു അമ്മാമൻ മാങ്ങകൾ എല്ലാം ചെത്തിക്കഴിഞ്ഞു നുറുക്കാൻ നോക്കുമ്പോൾ മങ്ങാത്തോലെല്ലാം ക്ലീൻ ക്ലീൻ ! എല്ലാം ആ നാൽവർ സംഘം അകത്താക്കിക്കഴിഞ്ഞിരുന്നു !!
മാങ്ങാത്തോൽ കുറച്ചധികം വയറ്റിൽ പെട്ടാൽ ഒരു കുഴപ്പമുണ്ടല്ലോ , വയറു വേദന .എങ്കിലും തിന്നുന്ന നേരത്ത് അതൊക്കെ വിസ്മരിക്കാനുള്ള വരം കിട്ടിയവരായിരുന്നു അവർ !
ഒരിക്കൽ ആ അടുക്കളയിൽ പതിവില്ലാതെ ഒരു വിശിഷ്ടഭോജ്യം പാകം ചെയ്യാനിടയായി. കുട്ടികൾക്കൊക്കെ വലിയ ഉത്സാഹമായി . ചേലക്കരയ്ക്ക് പോയാൽ ഹോട്ടലിൽ നിന്ന് കഴിക്കുന്ന സാധനം . അല്ലെങ്കിൽ ഷൊർണൂർക്കു സിനിമയ്ക്ക് പോകുന്ന കൂട്ടത്തിൽ ശാപ്പിടുന്ന സാധനം . ഉരുളക്കിഴങ്ങും സബോളയും ഒക്കെ നുറുക്കുന്നു . നേതൃത്വം *'വല്ലിച്ചമ്മ'യ്ക്ക് ആയിരുന്നു .എന്നോർമ്മയുണ്ട് . അഥവാ വല്ലിച്ചമ്മ മുൻകൈ എടുത്താണ് മസാലദോശ ഉണ്ടാക്കിയത് എന്നു സാരം . അത്രയൊന്നും ആകൃതി കൊണ്ട് ശരിയായില്ല . എങ്കിലും സ്വാദിൽ അത് മുന്തി നിന്നു എന്നാണ് ഓർമ്മ . ഹോട്ടലിലെ ഒന്നെന്ന ലിമിറ്റ് അന്നവിടെ കുട്ടികൾക്ക് ബാധകമായില്ല . അവർ ആ അവസരം ശരിക്കും മുതലെടുക്കുക തന്നെ ചെയ്തു .
മറ്റൊരു സന്ദർഭം . കൃഷ്ണൻ അന്ന് ** 'ഒബിനിച്ചുണ്ണി' ആണ് . ആ കുംഭമാസത്തി ലോ മറ്റോ ഉപനയനം കഴിഞ്ഞ് സ്കൂൾ പൂട്ടിയപ്പോൾ അമ്മാത്തേക്ക് വന്നതാണ് . അമ്മ ശട്ടം കെട്ടിയിരുന്നു . ഉഴുന്ന് അടങ്ങിയ പലഹാരം , പപ്പടം ഒക്കെ വർജ്ജിക്കണം . അമ്മാത്തെ മുത്തശി യമ്മയും ഇത്തരം ആചാരങ്ങളിൽ കണിശമാണ് . കൃഷ്ണന് അന്ന് ഏറ്റവും ഇഷ്ടമായ ഇഡ്ഡലി തിന്നു കൂടാ . എന്നാലും വേണ്ടില്ല്യ , അമ്മാത്ത് എത്താതെ വയ്യ . വന്നു. എന്നും രണ്ടു നേരം വടുക്കിണിയിൽ ഓടിൻ മുകളിൽ കൂട്ടിയ അഗ്നിയിൽ ***ചമതയിട്ടു. രണ്ടു നേരം സന്ധ്യാ വന്ദനം ചെയ്തു . എന്നും ഉണ്ണുമ്പോൾ ഭവതി ഭിക്ഷാം ദേഹി എന്നു പറയുമ്പോൾ അമ്മാമി ****അയാൾക്ക് ഇലയിൽ ഭക്ഷണം വിളമ്പി . കുർക്കുർത്താൻ കിണ്ടിയിൽ വെള്ളം ഇറ്റിച്ചു കൊടുത്തു .
അങ്ങനെ പട്ടേരി ല്ലത്തെ കൃഷ്ണൻ ഒബിനിച്ചുണ്ണി യായി അമ്മാത്ത് വാഴും കാലം . എന്നും അമ്മാമന് ഇഡ്ഡലി നിർബ്ബന്ധമാണ് . അന്ന് ഗ്രൈന്റർ പോയിട്ട് മിക്സി പോലും നമ്മുടെ നാട്ടിൽ അവതരിച്ചിട്ടില്ല . ആട്ടു കല്ലേ ശരണം ! അതാണ് വൈകുന്നേരങ്ങളിൽ വടക്കേ ചുമരിനരികെയുള്ള ആട്ടുകല്ലിൽ മാവാട്ടുന്ന മുത്തശി യമ്മയെക്കാണാം എന്ന് മുൻ അധ്യായങ്ങളിൽ ഒന്നിൽ പറഞ്ഞത് . എന്തിനു പറയുന്നു പട്ടേരില്ലത്തെ കൃഷ്ണൻ ചമത ഇട്ടു തീർന്നാൽ കുട്ടികൾ കഴിക്കുകയായി പ്രാതൽ . ഇഡ്ഡലി നല്ല നാളികേര ചട്ടിണിയിൽ കുളിപ്പിച്ച് കഴിക്കാൻ കൃഷ്ണന് എന്തൊരു ഇഷ്ടമായിരുന്നു എന്നോ !
" ഒപ്പ്വെ പാടുള്ളൂ " ഒരിക്കൽ അമ്മാമൻ പറഞ്ഞു . ചട്ടിണി പിന്നെയും പിന്നെയും ഒഴിച്ച് ഇഡ്ഡലിക്കഷണങ്ങൾ അതിൽ കുളിപ്പിച്ച് തെരുതെരെ കഴിക്കുന്ന കൃഷ്ണൻ പിന്നെ അമ്മാമൻ കൂടെ കഴിക്കാൻ അടുക്കളയിൽ ഇരിക്കുന്നുണ്ടെകിൽ നല്ല പോലെ മനസ്സിരുത്തും . ഇഡ്ഡലി ഒപ്പി ക്കഴിച്ചാലുണ്ടോ അയാൾക്ക് മതിയാകുന്നു !
അങ്ങനെയുള്ള ഇഡ്ഡലി ക്ക് പകരം അമ്മാമി കൃഷ്ണന് കരണ്ടിയപ്പം വിളമ്പി . മുത്തശ്ശിയമ്മയുടെ നിർദേശപ്രകാരം ആയിരിക്കാം . അന്നെന്തോക്കെയോ ചർച്ചകൾ അമ്മയും അമ്മാമിയും മുത്തശ്ശി യമ്മയും ഒക്കെ നടത്തിയെന്നു ചെറിയ ഒരോർമ്മ പോലെ !
എന്തിനു പറയുന്നു കരണ്ടിയപ്പം ഉണ്ടോ പാവം കൃഷ്ണന് മതി വരുന്നു ?! എങ്കിലും നിവൃത്തിയില്ലല്ലോ ! കുറച്ചു നാൾ അങ്ങനെ കഴിഞ്ഞു. ഇഡ്ഡലി കഴിക്കാത്ത സങ്കടം അധികരിച്ചു വന്നു പ്രതിദിനം . അക്കാര്യം ദാമുവേട്ടനോടോ ഇന്ദുവേ ട്ടനോടോ വെളിപ്പെടുത്തി. അന്നു തന്നെ അതിനു പരിഹാരം കണ്ടെത്തി !
ഉച്ചയൂണു കഴിഞ്ഞ് അമ്മാമിയും മുത്തശ്ശിയമ്മയും ഒക്കെ തെക്കിണി യിലോ മറ്റോ വിശ്രമിക്കുന്നു . ഈ നാൽ വർ സംഘം അടുക്കളയിലേക്ക് നീങ്ങി . ഒരു സംശയവും ആർക്കും ഉണ്ടായില്ല . അടുക്കളയിൽ അടുപ്പിനു മേലെ കെട്ടിത്തൂക്കി യിരുന്ന ഉറിയിൽ കാലത്ത് ഉണ്ടാക്കി വെച്ച് ബാക്കിയായ ഇഡ്ഡലി ഉണ്ടായിരുന്നു . അതിൽ നിന്നെടുത്ത് തന്നത് ആരെന്നോർ ക്കുന്നില്ല , ഇന്ദുവേട്ടനാകാം . 'അതൊന്നും കൊഴപ്പല്ല്യടോ ' എന്ന് പറഞ്ഞു കൊണ്ട് ! അല്ലെങ്കിൽ ദാമുവേട്ടൻ . മൂന്നോ നാലോ എണ്ണം വായിലിട്ട് പോക്കിപ്പോക്കിത്തിന്നു ! എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ മടങ്ങിപ്പോന്നു . ആ കട്ടു തീറ്റ പിന്നെയും രണ്ടോ മൂന്നോ പ്രാവശ്യം ആവർത്തിച്ചു എന്നാണോർമ്മ .
ഇങ്ങനെയൊക്കെ തിന്നിട്ടും കൃഷ്ണന്റെ അന്നത്തെ തിരുവുടൽ !
ഇങ്ങനെയൊരു എല്ലാങ്കോലൻ ! അമ്മ അന്നൊക്കെ പറയുമായിരുന്നു . അമ്മാത്ത് കഷ്ടി രണ്ടു മാസത്തോളം അവധിക്കാലം ചെലവഴിച്ച ശേഷം തിരിച്ചു വന്നാലും ആ തിരുമേനി ഒരു മാറ്റവും കൂടാതെ നില നിന്നു !
അന്ന് പൈനാപ്പിൾ തൂക്കുന്ന ഒരു ത്രാസ് ഉണ്ടായിരുന്നു .
* വല്ലിച്ചമ്മ - അമ്മയുടെ നേരെ താഴെയുള്ള സോദരി . അവരെ ചേലക്കര വെങ്ങാനെല്ലൂർ വെമ്പോല മനയിലേക്ക് ആണ് കൊടുത്തിരികുന്നത് .
** ഉപനയനം ( പൂണൂൽ കല്ല്യാണം ) കഴിഞ്ഞ ഉണ്ണി .
***ഉപനയനം കഴിഞ്ഞ് നിശ്ചിതകാലം ഉപനയിച്ച ഉണ്ണിയായി കഴിയുമ്പോൾ ദിവസവും രണ്ടു നേരം സന്ധ്യകളിൽ ചമത ഹോമിക്കണം .
****നമ്പൂതിരിമാരുടെ ഇടയിൽ ചെറിയ കുട്ടികളെപ്പോലും ഉദ്ദേശിച്ച് അയാൾ എന്നു പറയുന്ന രീതിയുണ്ട് . അവനെന്നല്ല .
No comments:
Post a Comment