Wednesday, October 31, 2012

ഊഴിയോളം താഴ്മ !











"പാദുകങ്ങളുടെ സാക്ഷ്യം _
ഭരണനീതി ;
ഭരതഹൃദയം !"

സഹസ്രാക്ഷദൃഷ്ടിപാതം !
ശിലാഹൃദയമഭയം  തേടിയ
രാമപാദം !

ഉഴവുചാലിലെ ജന്മം ;
അഴലിന്നൊപ്പം ;
ഊഴി തന്നങ്കത്തിലൊടുക്കം !






Tuesday, October 30, 2012











ഉളിയേന്തിയ ശില്‍പ്പി ;
ശിലയിലുറച്ചൊരു ധ്യാനദൃഷ്ടി ;
വിരല്‍പ്പാടുദൂരത്തൊരാന !



എന്‍റെ തന്നെ ഒരു കവിതയുടെ ഹൈക്കു രൂപം .
http://thisismevb.blogspot.in/2012/10/blog-post_29.html

Monday, October 29, 2012

ശില്‍പ്പിയുടെ ആന










നയുണ്ടൊരു വിരല്‍പ്പാടു ദൂരത്തീ ശില
തന്നിലെന്നുളി കാട്ടും വഴിയില്‍ നില്‍പ്പാണവന്‍ ;
സാകൂതമെന്നെ നോക്കി നില്‍ക്കയാ,മതല്ലെങ്കില്‍
പാര്‍ശ്വഭാഗാലോകനം ചെയ്‌വാന്‍ പാകത്തില്‍ നില്പ്പാം !
അതുമല്ലെങ്കില്‍,ച്ചെമ്മേ പുറം തിരിഞ്ഞാം നില-
എല്ലാമേ,യെന്നംഗുലീസ്പര്‍ശവൈഭവം പോലെ !!
എമ്മട്ടു നിമന്ത്രിപ്പെന്‍ ഭാവന,യതിന്‍ വശ-
ഗതനീ,ക്കരിവീരന്‍ ഞാനതിന്‍ നിയന്താവും !!!
എത്രമേല്‍ പ്രിയങ്കര,നിടഞ്ഞെന്നാല്‍പ്പോലു,മെ -
ന്നുള്ളിലുണ്ടിവന്നിടം കല്ലല്ലെന്‍ മനം തെല്ലും !!!! "


_______________________________________________________________________________________________

Sunday, October 28, 2012


"ശാഖയില്‍ ശേഷിക്കുമിലകളെ-
പ്പറത്തുമത്യുഗ്രമാം കാറ്റ് ;
വിജനമാമങ്കണം."







ഫേസ്ബുക്കില്‍ ഹൈക്കു പോയം ഗ്രൂപ്പില്‍ അനിതാ വര്‍മ എഴുതിയ ഇംഗ്ലീഷ് ഹൈക്കുവിനെ ഉപജീവിച്ച് എഴുതിയ കവിത .

മനസ്സിലെ,ത്തെളിവെയില്‍

"ദിനകരകരലാളനമേറ്റൊരു കിളി,യെന്‍ ദൃഷ്ടിയില്‍ ;
മനസ്സില്‍,ത്തെളിവെയില്‍ !"





                                 ഹൈക്കു പോയംസ് എന്ന ഗ്രൂപ്പില്‍ ദിവസങ്ങള്‍ക്കു മുന്‍പൊരു കവിതയും ഫോട്ടോയും വന്നിരുന്നു. മുളങ്കൂട്ടത്തില്‍ ഇലത്തുമ്പില്‍ വന്നിരുന്നു വെയിലേറ്റുകൊണ്ടൊരു കിളി. 
ആ കവിതയും ഫോട്ടോയുമാണീ കവിതയ്ക്കു പ്രചോദനം .

Saturday, October 27, 2012

മണലും മണലാടിയും !

                              കടലും കടലാടിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ലല്ലോ ! ഇതു പോലെ ചില സ്ഥലങ്ങളുണ്ട്.പേരും സ്ഥലനാമവും തമ്മില്‍ എന്തെങ്കിലും ബന്ധം കണ്ടെത്താന്‍ വരുന്ന ഗവേഷകരെ തോല്പ്പിച്ചോ  ടിക്കുന്ന സ്ഥലങ്ങള്‍ ! ചേലക്കരയുടെ കാര്യത്തില്‍ ഉടുക്കുന്ന ചേലയുമായി എന്തെങ്കിലും ബന്ധമുള്ളതായി ആരെങ്കിലും കരുതുന്നുണ്ടോ ? ചില ചെട്ട്യാന്മാര്‍ ഉള്ളതിനാല്‍ ചെറിയ പുലബന്ധം അവകാശപ്പെടാം എന്നല്ലാതെ പ്രത്യേകിച്ചൊരു വസ്ത്ര നിര്‍മ്മാണ പാരമ്പര്യമൊന്നും ഈ സ്ഥലത്തിനില്ല .പുലബന്ധമില്ലെങ്കില്‍പ്പിന്നെ  നൂല്‍ബന്ധമില്ലാതെ  നില്‍ക്കുന്നവരാണോ  ഇവിടത്തുകാര്‍ എന്നൊന്നും ചോദിക്കരുതേ ! ശരിയായ പുലബന്ധം  ചേലയെന്ന മരവുമായിട്ടാണ്. പണ്ട് ചേലമരങ്ങള്‍ നിറയെ വളര്‍ന്നു നിന്നിരുന്ന പ്രദേശമായിരുന്നത്രേ ഈ സ്ഥലം .ഈ സ്ഥലത്തിനോടു ചേര്‍ന്നു  കിടക്കുന്ന ചേലക്കോട് എന്ന പ്രദേശത്തൊരിടത്ത് ആലിന്‍റെ കുടുംബത്തില്‍ പെടുന്ന ഈ മരം ഞാന്‍ കണ്ടിട്ടുണ്ട്.          
                         തുടങ്ങിയത് കടലും കടലാടിയും എന്നാണല്ലോ.ഇതേ പോലെ പരസ്പരബന്ധമില്ലാത്ത ഒരു ജോഡിയിലെ സ്ഥലനാമം മാത്രം  ഞാന്‍ ആദ്യം പറയാം . മണലാടി ! കേട്ടിട്ടുണ്ടോ ഇങ്ങനെയൊരു സ്ഥലനാമം ?! കണ്ടിട്ടുണ്ടാവാം നിങ്ങളില്‍ ചിലരെങ്കിലും ഈ സ്ഥലം . എന്തായാലും മണലും മണലാടിയും തമ്മില്‍  എന്തു ബന്ധമാണുള്ളത് എന്നൊന്നു ചിന്തിച്ചു നോക്കൂ . 
    
                     തന്നിരിക്കുന്ന  പ്രാദേശികഭൂപടങ്ങളില്‍ കാണുമ്പോലെ വടക്കാഞ്ചേരിയില്‍ നിന്നു ഷൊറണൂര്‍ക്കു  പോകുമ്പോള്‍ മുള്ളൂര്‍ക്കരയെത്തും മുന്‍പേ ഒരു ജങ്ങ്ഷനുണ്ട്.വാഴക്കോട്. അവിടെ നിന്നാണു  ചേലക്കര ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ വലത്തോട്ടുള്ള റോഡിലൂടെ  തിരിഞ്ഞു  പോകേണ്ടത്.  അവിടെ നിന്നു പഴയ ഭാഷയില്‍ സുമാറൊരു രണ്ടു മൂന്നു  നാഴിക കൂടി പോയാല്‍ മണലാടിയായി. 
                              
ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകളുടെ ഭാരം :ചുമടുതാങ്ങികള്‍ 
പഴയ കാലഘട്ടത്തിന്‍റെ  ഏതൊക്കെയോ ഓര്‍മ്മകള്‍ പേറുന്ന ഒരു ചുമടുതാങ്ങി ഇപ്പോഴും അവിടെയുണ്ട്. പഴയ കാലത്ത് നെല്ലിന്‍ ചാക്കേറ്റി വഴിയൊരു പാടു നടന്നു വന്നിരുന്ന ചുമട്ടുകാരുടെ ദീര്‍ഘനിശ്വാസങ്ങള്‍ എത്ര കേട്ടിരിക്കുന്നു ആ ചുമടുതാങ്ങി ! അവരുടെ എത്ര വിയര്‍പ്പു കണങ്ങള്‍ മണ്ണിലുതിര്‍ന്നു വീഴുന്നത് ആ ചുമടുതാങ്ങി  നോക്കി നിന്നിരിക്കുന്നു ! ചുമടു താങ്ങിക്കു തണലേകി കൊണ്ടൊരു പ്ലാവു നിന്നിരുന്നു . 

മണലാടിയിലെ  ചുമടുതാങ്ങി 
                   റോഡിന്‍റെ തെക്കുവശത്ത്  ഉമ്മറിന്‍റെ പെട്ടിക്കട . വടക്കു ഭാഗത്ത് ഒരു നസ്രാണിയുടെ പല ചരക്കുകടയും. ഇത്രയുമായിരുന്നു കാല്‍ ശതാബ്ദത്തിലേറെ മുന്‍പു വരെ അവിടത്തെ വാണിജ്യകേന്ദ്രങ്ങള്‍ ! അവിടെ ബസ്സിറങ്ങി നടക്കും പാഞ്ഞാള്‍ നിവാസികള്‍ ! അതിരാത്ര ഭൂമിയിലെയ്ക്കെത്താന്‍ പുറമെയുള്ളവരും   'നടരാജ മോട്ടോഴ്സി'നെത്തന്നെ ശരണം പ്രാപിച്ചു വന്നു അന്നൊക്കെ ! എനിക്ക് ഓര്‍മ്മ വെയ്ക്കുമ്പോള്‍ മണലാടി  ബസ്സിറങ്ങി പാഞ്ഞാള്‍ക്കെത്താന്‍ എത്തിച്ചു റോഡുണ്ട്.പൊടി പറത്താത്ത തനി ചെമ്മണ്‍പാത ! എങ്ങനെ പൊടി പറത്തും, ബസ്സുകളോ മറ്റെന്തെങ്കിലും വാഹനമോ ഓടിയെങ്കിലല്ലേ  !! മണലാടിക്കും പാഞ്ഞാളിനും ഇടയ്ക്കുള്ള പാടത്തു കൂടി പാത വെട്ടാന്‍ മുന്നിട്ടിറങ്ങിയത് എന്‍റെ  അമ്മാമന്‍ കുഞ്ഞുണ്ണി നമ്പൂതിരി ആയിരുന്നു.അതില്‍ പിന്നീട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്   'കേബീയെന്‍' ഓടാന്‍ തുടങ്ങിയത്. ഷൊറണൂരു നിന്ന് പാഞ്ഞാള്‍ വഴി എളനാട്ടേയ്ക്കു പോകുന്ന ബസ്സ്‌ . ഒരു ഒരിരുപത്തിയഞ്ചോ ഇരുപത്തേഴോ  കൊല്ലങ്ങള്‍ക്കു  മുന്‍പ്.

പാഞ്ഞാള്‍  റോഡ്‌ 
                          'മണലാടി'..'മണലാടി '..തിരുവില്വാമല 'രാജി'ലെയും 'മായ'യിലെയും  മറ്റും മറ്റും കണ്ടക്ടര്‍മാര്‍ ഉറക്കെ വിളിച്ചു പറയും . തൃശൂര്‍ ജില്ലയിലെ മണലൂരിനടുത്തു മണല്‍ പ്രദേശമായ വെങ്കിടങ്ങില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ആ പേര് അന്നൊക്കെ എന്തൊരു കൌതുകമായിരുന്നെന്നോ ! ഒരു തരി പോലും മണലില്ലാത്ത മണലാടി ! മണലാടുകയോ ?! വേണമെങ്കില്‍ കൊത്തങ്കല്ലാടാം ! ഇഷ്ടം പോലെ കല്ലിന്‍ കഷണങ്ങള്‍ ആ ചെമ്മണ്‍ പാതകളില്‍ കിടന്നിരുന്നു. നല്ല എണ്ണയിട്ടു മിനുക്കിയാലെന്ന പോലെ കീടക്കല്ലുകളും . പക്ഷെ ആവശ്യക്കാര്‍ക്ക് നേരാം വഴിക്കുള്ള മണലുമായി വാടകലോറികള്‍ അപൂര്‍വ്വം  കടന്നു പോകുമായിരുന്നിരിക്കണം എന്നല്ലാതെ മണലുമായി ഒരു ബന്ധവുമില്ലാത്ത പ്രദേശം . എനിക്കു ചിരി വരാതിരിക്കുമോ ! എന്‍റെ അമ്മാത്തേയ്ക്കു പോകാന്‍ ബസ്സിറങ്ങേണ്ട സ്റ്റോപ്പിനെക്കുറിച്ച് അന്യേട്ടനും കുഞ്ഞ്യേട്ടനും ഒരിക്കല്‍ കളിയാക്കി ചിരിച്ചതില്‍ തെറ്റുണ്ടോ !!! പക്ഷെ എനിക്ക് അങ്ങോട്ടും കളിയാക്കാന്‍ വഹയുണ്ടായിരുന്നു എന്നു പിന്നെയും  കുറേ കാലം കഴിഞ്ഞല്ലേ ഞാന്‍ മനസ്സിലാക്കുന്നത് !!!
                           എന്‍റെ  ഏട്ടന്‍റച്ഛന്‍റെ മക്കള്‍ . അന്യേട്ടനും കുഞ്ഞ്യേട്ടനും . വല്യച്ഛന്‍ വേളി കഴിച്ചത്‌ ഓക്കിയില്‍ നിന്ന് .രണ്ടാമത്തെ വേളി ! ആദ്യ വേളിയിലുണ്ടായ 'വല്യേട്ട'ന്‍റെ  അമ്മ മരിച്ചപ്പോള്‍ അദ്ദേഹം വീണ്ടും വെട്ടു .ഷൊറണൂര്‍ മുണ്ടായ 'പെരുമന'ത്തെ മരുമഹളായ പാപ്തി അന്തര്‍ജനത്തെ ! എന്‍റെ ഏട്ടന്‍റമ്മയെ.  ഏട്ടന്‍റമ്മയുടെ അനിയത്തിയെ പാഞ്ഞാള്‍ക്കാണു 'കൊടുത്തത്'.'കൈപ്പഞ്ചേരി'ക്ക് ! എന്‍റെ വഹയിലൊരമ്മാമിയാണവര്‍. . അപ്പോള്‍ എന്‍റെ അമ്മാത്ത് കൈപ്പഞ്ചേരി മന;.ഏട്ടന്മാരുടെ ഇച്ചമ്മയുടെ അഥവാ എന്‍റെ ആ വഹയിലുള്ള അമ്മാമിയുടെ   തറവാടും കൈപ്പഞ്ചേരി മന ! 
                                ഞാന്‍ ആ സ്ഥലപ്പേരിന്‍റെ പേരിലുള്ള കൌതുകം അറിയാതെ ഇന്നും മനസ്സില്‍ കൊണ്ടു നടക്കുന്നതിനാലാവാം ഇത്രയും കാര്യങ്ങള്‍ ഇപ്പോള്‍ പങ്കു വെച്ചത്. എടീ മണലാടീ , നിനക്കീ പേരെങ്ങനെ കൈവന്നു എന്നു ചിന്തിച്ചു പോകുന്നത് !!!


 
സമീപപ്രദേശത്തെ ഏറ്റവും വലിയ
പന്തല്‍പ്പണി ക്കാരായ പാഞ്ഞാള്‍
വീരമണിയുടെ കട .
**********************************************************************************************************************************
കാലം മണലാടിക്കും വരുത്തിയ മാറ്റങ്ങള്‍ ചില്ലറയല്ല . അവിടെ ഇപ്പോള്‍ വലിയ വ്യാപാരസ്ഥാപനങ്ങള്‍ പലതും വന്നു കഴിഞ്ഞു. പഞ്ഞാള്‍  റോഡിനോടു ചേര്‍ന്ന്  യാത്രക്കാരെ പ്രതീക്ഷിച്ച്‌  ഓട്ടോറിക്ഷകള്‍  കിടക്കുന്നുണ്ടിപ്പോള്‍ .പാഞ്ഞാള്‍ റോഡിനോടു ചേര്‍ന്നുള്ള  പഴയ വി ഇ ഓ ഓഫീസിനോ ഓട്ടോ റിക്ഷകള്‍ ക്കപ്പുറം കാണുന്ന പഴയ വീടിനോ ഒരു മാറ്റവുമില്ല .

Friday, October 26, 2012

ഞാനും ഡ്രാക്കുളയും !

ഞാന്‍ എന്നാണു 'ഡ്രാക്കുള'  വായിച്ചത് ?! ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുമ്പോഴായിരുന്നിരിക്കണം .   ബ്രാം സ്റ്റോക്കറുടെ   ഡ്രാക്കുളയല്ലാ ആദ്യം വായിച്ചതെന്ന കാര്യത്തില്‍ സംശയമേതുമില്ല. ആ ഒറിജിനല്‍ വേര്‍ഷന്‍ വായിച്ചാല്‍ ഞാന്‍ പേടിക്കുമായിരുന്നില്ല !ഇംഗ്ലീഷില്‍ ഗൗരവപ്പെട്ട എന്തെങ്കിലും വായി ച്ചാല്‍ മനസ്സിലായെങ്കിലല്ലേ !!!  സംശയമില്ല ,അതൊരു മലയാളി ഡ്രാക്കുളയായിരുന്നു . തര്‍ജമ കോട്ടയം പുഷ്പനാഥിന്‍റെയോ മറ്റോ ആയിരുന്നില്ലേ ?! അതോ  ദുര്‍ഗാപ്രസാദ്‌ ഖത്രിയുടെയുടെ തര്‍ജമയുടെ തര്‍ജമയോ ?!  എന്തായാലും ആ രക്തദാഹി എ ന്‍റെ ഉറക്കം കെടുത്തുകയൊന്നു മുണ്ടായില്ല . എന്നാല്‍ എന്‍റെ ഗൃ ഹാന്തരീക്ഷത്തിലെ സ്വൈരവി ഹാരത്തെ സ്വാധീനിക്കുകയു ണ്ടായി ! 
                    എങ്ങനെ സ്വാധിനിക്കാ തിരിക്കും !? എന്‍റെ  സഹവായന ക്കാരുടെ വാക്കുകള്‍ കൂടി എന്‍റെ  ബാലമനസ്സ് അന്നു കണക്കിലെടുക്കുമായിരുന്നില്ലേ ! ഇന്ദുവേ  ട്ടന്‍, ദാമുവേട്ടന്‍, മധു . അവരാ'ണവര്‍' ! എന്‍റെ  സഹ വായനക്കാര്‍.. എന്‍റെ അമ്മാമന്‍റെ മക്കള്‍ . വേനവധിക്കാലത്ത് അമ്മാത്തെത്തുന്ന എനിക്ക് അവരായിരുന്നു അവിടത്തെ കളിക്കൂട്ടുകാര്‍. . പാ ഞ്ഞാള്‍  വായനശാലയില്‍ പടിഞ്ഞാറേ ജനലഴി കടന്ന് പോക്കുവെയില്‍ ലൈബ്രറേറിയന്‍റെ  മേശ പ്പുറം തൊട്ടു നില്‍ക്കുന്ന ചില  സമയങ്ങളില്‍ ഞങ്ങള്‍ നാലംഗ സംഘം അവിടെയെത്തും. അങ്ങനെ യൊരിക്കല്‍ ഡീ.പീ.ഖത്രിയുടെയോ കോട്ടയം പുഷ്പനാഥിന്‍റെയോ  പുസ്തകങ്ങള്‍ ക്കൊപ്പമോ അവ തഴഞ്ഞോ ഒരിക്കല്‍ വായിക്കാനെടുത്ത പുസ്തകം. ഭയാശങ്കകള്‍ പെരുപ്പിക്കാ ന്‍ വേറെയു മുണ്ട് ആളുകള്‍ ! ഹര്യേട്ടനും വാസ്യേവേ ട്ടനും . അമ്മാമന്‍റെ മൂത്ത കുട്ടികള്‍ . എന്തിനു പറയുന്നു ഞാന്‍ അന്നാളുകളില്‍  ഡ്രാക്കുള വായിച്ചു തീര്‍ത്തു ഒരു വിധം .  അപ്പോളൊന്നും  എന്നെ  ശരിക്കും പിടി കൂടിയിരുന്നില്ല എന്നു വേണം കരുതാന്‍, ഡ്രാക്കുളപ്പേടി  പിന്നീട് അവധി കഴിഞ്ഞ് ഇല്ലത്തു  തിരിച്ചെത്തിയപ്പോളാണ് എന്നില്‍ പ്രഭാവം ചെലുത്താന്‍ തുടങ്ങിയത് !



                      ഒരു പഴയ ഇല്ലം. താഴെ കിഴക്കേ മുറിയിലോ മുത്തശ്യമ്മ കിടന്നിരുന്ന പടിഞ്ഞാറേ മുറി യിലോ ഡ്രാക്കുളപ്പേടി എന്നെ അലട്ടിയില്ല.അടുക്കള, മേലടുക്കള, എന്നിവിടങ്ങളിലും ഞാന്‍ ഭീതി കൂടാതെ സഞ്ചരിച്ചു. അവിടെയൊക്കെ ആള്‍പ്പെരുമാറ്റം എപ്പോഴുമുള്ളതല്ലേ ! അമ്മ എപ്പോഴും ഒന്നല്ലെങ്കില്‍ മറ്റൊരു പണിയില്‍ ഏര്‍പ്പെട്ടുകൊണ്ട് അടുക്കളയില്‍ ഉണ്ടാകും.മുത്തശ്യമ്മ അന്തി ത്തിരി തിരയ്ക്കുകയോ മറ്റോ ചെയ്തുകൊണ്ട് ശ്രീലകത്തോ മേലടുക്കളയിലോ മറ്റോ ഉണ്ടാകും. ഇരുളടഞ്ഞ നടുവിലെ മുറിയില്‍ കോണി കയറും വരെ പേടിയില്ല. കോണി കയറി മുകളില്‍   എത്തുമ്പോഴാണ് പ്രശ്നം ! പ്രശ്നം എന്നു  പറഞ്ഞാല്‍ അത്ര വലിയ പ്രശ്നമൊന്നുമില്ല. കോണി കയറി  .പടിഞ്ഞാറേ മുറിയിലേ യ്ക്കോ  കിഴക്കേ മുറിയിലേയ്ക്കോ പോകില്ലെന്നല്ല . പോകും . 'തട്ടുമ്മോളി'ലേയ്ക്ക് ഒരു പാളിനോട്ടം ഉണ്ടെനിക്ക് അന്ന് ! തട്ടുമ്മോളിലേയ്ക്കു പാളി നോക്കുന്നു എന്നു പറഞ്ഞാല്‍  ?! ഒരു കോണി കയറിച്ചെന്നയുടന്‍ ആ കോണിയ്ക്കു നേരെ മുകളില്‍ തട്ടുമ്മോളിലേയ്ക്കുള്ള കോണി യുണ്ട്. ആ കോണിപ്പഴുതിലൂടെ തട്ടിന്‍മോളിലെയ്ക്കു കയറിച്ചെല്ലുന്നയിടത്തേയ്ക്കു   ഒരു ചെറു ദര്‍ശനം കിട്ടും . അവിടെയെങ്ങാന്‍ ഡ്രാക്കുള പതുങ്ങി നില്‍പ്പുണ്ടോ എന്നാണു ഞാന്‍ അന്നാളുകളില്‍ കണ്‍കളില്‍ ചെറിയ ഭീതി നിറച്ചു കൊണ്ടു നോക്കാറുണ്ടായിരുന്നത് ! 
                    ജോനാതന്‍ ഹാക്കര്‍ ! അതോ ഹാര്‍പ്പറോ ?! ആരുമാക ട്ടെ കഥാനായകന്‍ അഥവാ ഡ്രാക്കുളപ്രഭുവിന്‍റെ  അതിഥി ആയി അദ്ദേഹത്തിന്‍റെ ( ആ രക്തദാഹിയായ പരേതാത്മാവിനെ അദ്ദേ ഹം എന്നു പരാമര്‍ശിച്ചു ബഹുമാനിക്കണോ എന്ന കാര്യത്തില്‍ എനിക്കു സംശയമില്ലേ ?!! )  ക്ഷണം സ്വീകരിച്ച് ഡ്രാക്കുളക്കൊട്ടാര ത്തിലെത്തുന്ന ആ മനുഷ്യന്‍ . തട്ടിന്‍മുകളിലേയ്ക്ക് അദ്ദേഹമോ അദ്ദേഹത്തിന്‍റെ കൂട്ടുകാരനോ  എന്നോര്‍മ്മയില്ല, നോക്കിയ അവസരത്തില്‍ പ്രേതാത്മാവിനെ കണ്ടതായി കഥാസന്ദര്‍ഭം വായിച്ചതില്‍പ്പിന്നെയാണ് ഡ്രാക്കുളപ്പേടി എന്നെ പിടി കൂടിയത് !
                    ഞാന്‍ ഒടുവില്‍ ഡ്രാക്കുള എന്നെ പിടികൂടാതിരിക്കാന്‍   ഒരു വഴി സ്വീകരിച്ചു. മുകള്‍നിലയില്‍ എത്താനല്ല ! അതിന് ആ കോണി കയറി എത്തുകയേ പാകമുണ്ടായിരുന്നുള്ളൂ. മറ്റു ചില പഴയ പുരകളിലെന്ന പോലെ മറ്റൊരു കോണി കയറി മുകള്‍ നിലയില്‍ എത്താവുന്ന ഒരു സംവിധാനം എന്‍റെ  ആ പഴയ ഇല്ലത്തിനുണ്ടായിരുന്നില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ എന്‍റെ ആ ബാലമനസ്സ് അവിടെയും ഡ്രാക്കുള എന്നെ കാത്തു പതുങ്ങി നില്‍ക്കുന്നതായി വിഭാവനം ചെയ്യുമായിരുന്നില്ലേ !!? 
                    ഞാന്‍ ചെയ്തത് ഇതാണ്. കോണി കയറിച്ചെന്ന് ഒരു വിധം ധൈര്യം സംഭരിച്ച് തട്ടുമ്മോളിലേയ്ക്കുള്ള കോണി കയറിച്ചെല്ലും . ഒന്നോ രണ്ടോ സ്റെറപ്പുകള്‍ മാത്രം ! എന്നിട്ടാണ് ധൃതഗതിയിലുള്ള ആ ഡ്രാക്കുളമാര്‍ഗപ്രതിരോധ നടപടി !
                    എന്‍റെ  കയ്യില്‍ കുരിശില്ലായിരുന്നു. കുന്തിരിക്കമില്ലായിരുന്നു. പ്രേതപ്രതിരോധത്തിനുതകുന്നത് എന്ന് ആ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന   ഏതെങ്കിലും   പൂക്കള്‍ ഇല്ലായിരുന്നു. കുന്തി രിക്കം മാത്രമേ എനിക്ക് സംഘടിപ്പിക്കാവുന്നതായ ഒരു വസ്തുവായി അക്കൂട്ടത്തിലുള്ളൂ .അതും   പെട്ടിമരുന്നു  കടയില്‍ കിട്ടുന്ന സാധനമാണ് എന്നൊന്നും എനിക്കന്നറിയാമായിരുന്നില്ല . പിന്നെ കാര്‍പ്പാ ത്യന്‍ മലനിരകളിലെ കാടുകളില്‍ കിട്ടിയേക്കാവുന്ന പൂക്കള്‍ തേടി പോകാനും എനിക്കു  കഴിയുമായിരുന്നില്ലല്ലോ ! 
                    പക്ഷെ ഒരു  കാര്യം ഞാനുറച്ചു വിശ്വസിച്ചു ! ഡ്രാക്കുള ജനവാതില്‍പ്പഴുതിലൂടെയും  താക്കോല്‍ പ്പഴുതിലൂടെയും കടന്നു വരാനും പോകാനും  കഴിവുള്ളയാളായാണ് ഞാന്‍ വായിച്ചിട്ടുള്ളതെന്നൊക്കെ ഞാന്‍ എന്തുകൊണ്ടോ  വിസ്മരിച്ചു . അതിനാലാണ് ഞാന്‍ ആ വഴി സ്വീകരിക്കാന്‍ തീരുമാനിച്ചത് !
                   ഓരോ കോണികള്‍ക്കും മറിവാതില്‍ ഉണ്ടായിരുന്നു . രണ്ടു പാളികളോടു കൂടിയ ഒന്നാമ ത്തെ നിലയിലേയ്ക്കുള്ള മറിവാതില്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല . രണ്ടാം നിലയിലേ യ്ക്കു ള്ള മറിവാതില്‍ ഒറ്റപ്പാളിയോടു കൂടിയതായിരുന്നു. വീതികൂടിയത്. അതങ്ങനെ തുറന്നു  ചുവരില്‍ ചാരി വെച്ചിരിക്കും . ഞാന്‍ കണ്ട രക്ഷോപായം ! ഞാന്‍ ഡ്രാക്കുളപ്പേടി  മനസ്സില്‍ കൊടുമ്പിരിക്കൊണ്ട ഒരു ദിവസം നേരത്തെ പറഞ്ഞ പോലെ രണ്ടു സ്റെറപ്പുകള്‍ കയറി ച്ചെന്നു. എന്നിട്ട് ക്ഷണനേരം കൊണ്ട് ആ മറിവാതില്‍ അടച്ചുകളഞ്ഞു ! ഇനിയെനിക്കു ഒരു കോണി കയറിയ നിലയിലെ പടിഞ്ഞാറേ   മുറിയിലെ ആട്ടുകട്ടിലിലാടാന്‍ പോകാനോ നടുവിലെ മുറിയില്‍  തട്ടുമ്മോളിലേയ്ക്കുള്ള കോണിയോടു ചേര്‍ന്ന് അമ്മ മുണ്ടും ഉപ്പിലിട്ടതു  ഭരണികളും സൂക്ഷിക്കുന്ന, മരം കൊണ്ടു  ' നെരച്ച ' മുറിയില്‍ ച്ചെന്ന്  അമ്മയുടെ ആമാടപ്പെട്ടികള്‍ തുറന്നു പരിശോധിക്കുന്നതിനോ ഡ്രാക്കുളയെ പേടിക്കേണ്ട !

Tuesday, October 23, 2012

രണ്ടു ദിവസം പഠിക്കേണ്ട ! പരമസുഖം !



      നാവു നീട്ടാന്‍ പറഞ്ഞു അച്ഛന്‍ . ഞാന്‍ അനുസരിച്ചു . പിന്നെ ഉറപ്പിച്ച് "ഹരി :"എന്നും.എന്റെ മുന്നില്‍ നിലത്ത്‌ മണല്‍. അതു ചാണകം മെഴുകുമ്പോലെ  പരത്തിയിട്ടുണ്ട് .എന്റെ കൈ പിടിച്ച് വിരല്‍ ആ മണലില്‍ മുട്ടിച്ച് എഴുതി. തുടര്‍ന്ന് 'ശ്രീ'യെന്നും . എനിക്കു  മനസ്സിലായോ ആവോ ! 'ഗണപതയേ നമ: ' അച്ഛന്‍ നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട്  .എഴുതുമ്പോള്‍  എന്തായിരുന്നു അനുഭവം. മണലില്‍ എഴുതിയ അക്ഷരങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്ന് എന്ന ക്രമത്തില്‍ എഴുതുകയും മായ്ക്കുകയും ചെയ്തതെന്നില്‍ കൌതുകമുണര്‍ത്തി.
        പിന്നെപ്പിന്നെയുള്ള കൊല്ലങ്ങളില്‍  നാവില്‍ എഴുതാതെ മണലില്‍ മാത്രം എഴുതിയത് ഇതു പോലെ അച്ഛന്‍ പറഞ്ഞു തന്നിട്ടായിരുന്നു.
                   സ്കൂളില്‍ പോകേണ്ട ! രണ്ടു ദിവസം പഠിക്കേണ്ട ! പരമസുഖം ! അമ്മ പഠിക്കാന്‍   പറയില്ല . പേപ്പര്‍ കൂടി വായിക്കാന്‍ പാടില്ലത്രേ.
                  ഒന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും പുസ്തകങ്ങള്‍ അട്ടിയായി വെച്ച് അവ ഒരു പട്ടാല്‍ മൂടി. കോനയിലെയും അമ്മായിത്തെയും  മറ്റും കുട്ടികള്‍ കൊണ്ടു വന്നവയും ആ അട്ടിയില്‍ ഉണ്ടായിരുന്നുഡൈമന്‍ ആകൃതിയിലും മറ്റുമുള്ള ചില ഡിസൈനുകള്‍ ഉള്ള ഒരു പട്ടുതുണി .മൂടിയ നിലയില്‍വേട്ടേക്കരന്റെ  പീഠത്തിനരികെ ഇങ്ങനെ പുസ്തകഅട്ടി വര്‍ഷത്തിലൊരിക്കല്‍ ശ്രീലക ത്ത്  പ്രത്യക്ഷപ്പെടു കയും ആ അട്ടിയില്‍ നിന്നു പുസ്തകങ്ങള്‍ തിരികെ എടുക്കുന്ന ദിവസം മണലില്‍ എഴുതുകയും ചെയ്യുന്ന കൌതുകം തുടരുകയും ചെയ്തുകൊണ്ടിരുന്നു.                    

                 പദ്മമിടുന്നത് അമ്മയാണ് . ഗണപതിക്ക് ആദ്യം. പിന്നെ സരസ്വതിക്ക് ..വേദവ്വ്യാസന് ...ഗുരുവിന് ..ഒടുവില്‍ ദക്ഷിണാമൂര്‍ത്തിക്കും   അരിപ്പൊടിയും മഞ്ഞപ്പൊടിയും വേണം പദ്മമിടാന്‍ തൊട്ടുതൊട്ട് അഞ്ചു .ചെറുചതുരങ്ങള്‍ . ശരിക്ക് പദ്മം ഇടുന്നത് അങ്ങനെയല്ലത്രേ, അമ്മ പറയാറു ണ്ട്‌. പുസ്തകഅട്ടിയില്‍ കുത്തനെ ചാരി സരസ്വതിയുടെ ഫോട്ടോ വെയ്ക്കും.ഒരിളം റോസ് നിറത്തി ലുള്ള സാരി ധരിച്ച സരസ്വതീദേവി ! ദേവിക്ക് ചുറ്റും പൊയ്കയില്‍ താറാവുകള്‍ നീന്തിക്കളിക്കുന്നു ! ആദ്യമൊക്കെ അങ്ങനെയാണ് കരുതിയിരുന്നത് . അരയന്നങ്ങളാണവ എന്നു അമ്മ പറഞ്ഞായിരിക്കാം  ഞാനറിഞ്ഞു. താമരപ്പൂക്കള്‍ക്കിടയിലൂടെ അവ നീന്തുകയാ യിരുന്നു.ഒരു പഴയ ഫോട്ടോ.വര്‍ഷത്തിലെ മറ്റു ദിവസങ്ങ ളില്‍ മുകളിലെ നിലയില്‍ പടിഞ്ഞാറേ മുറിയിലെ ചുവരി ലോ തട്ടിലെ തുലാക്കട്ടയ്ക്കു മുകളിലോ ആണിയില്‍ തൂങ്ങിക്കി ടക്കുമ്പോള്‍ ഇടയ്ക്കൊക്കെ ഞാന്‍ അതില്‍ നോക്കി നില്ക്കാ റുണ്ടായിരുന്നു.എനിക്ക് ദേവിയുടെ കൈകളിലെ വീണ ഒരു കൌതുകമായിരുന്നു.പശ്ചാത്തലത്തില്‍ നീലമലകള്‍ ആ ചിത്രത്തിലുണ്ടായിരുന്നു.
       ചോറ്റാനിക്കരയമ്മയുടെ ഫോട്ടോയും ഒപ്പം വെയ്ക്കുമായിരുന്നു.അനാവൃതമായ ഉരുണ്ട സ്തനങ്ങള്‍ .സരസ്വതിയെ പ്പോലെ സാരിയുടുത്തിട്ടല്ല ! നാലു കൈകള്‍ .ഓരോന്നിലും പേരറിയാ ത്ത ആയുധങ്ങള്‍ . എന്തിനാണു  ചോറ്റാനിക്കരയമ്മയുടെ ഫോട്ടോ യും വെയ്ക്കുന്നത് ?! സംശയിച്ചു പോ കില്ലേ ഒരു കൊച്ചുബാലകന്‍ ?!!
            ദുര്‍ഗാഷ്ടമി ദിവസം വൈകു ന്നേരം .മഹാനവമിദിവസവും അ വില്‍ ശര്‍ക്കരപ്പാവും നാളികേര വും  നേന്ത്രപ്പഴവും  ചേര്‍ത്ത് സരസ്വതി ക്കു നിവേദിക്കും.വേദവ്യാസനും ഉ ണ്ട് ഒരു വിഹിതം.പിന്നീടാണറി  ഞ്ഞത് ഗണപതിക്കും ഗുരുവിനും ദക്ഷിണാ മൂര്‍ത്തിക്കും നിവേദിക്കാറുണ്ട് എന്ന് ! മൂന്നാം നാള്‍ പുസ്തക അട്ടിക്കു മുകളില്‍ നിന്ന് അവിടെ നേരത്തെ ചിരട്ടയില്‍ വെച്ചിരുന്ന മണലെടുത്ത് 'മേലടുക്കള'യിലെ നിലത്ത് ശ്രീലകവാതിലിനു മുന്നിലായി   പരത്തും. "ഹരി:ശ്രീ..." എന്നെഴുതി എല്ലാ അക്ഷരങ്ങളും ഒരു പ്രാവശ്യം പറയുന്നു. പിന്നെ നേരത്തെ എഴുതി നിര്‍ത്തിയ ഹരിശ്രീ തൊ ട്ടങ്ങോട്ട് എഴുതുകയായി. മോതിരവിരല്‍ കൊണ്ടു വേണം എഴുതാന്‍ .അച്ഛന്‍  പറയും ;അമ്മ നിഷ്കര്‍ ഷിക്കും. ഇന്നധികപേരും ചെയ്യുമ്പോലെ ചൂണ്ടാണിവിരല്‍ കൊണ്ടല്ല !
            "സരസ്വതി നമസ്തുഭ്യം
            വരദേ കാമരൂപിണീ ,
            വിദ്യാരംഭം കരിഷ്യാമി
            സിദ്ധിര്‍ ഭവതു മേ സദാ "
      അമ്മ പഠിപ്പിച്ചു തന്നു. .സരസ്വതിക്കു നമസ്കാരം ! ശ്രീലകത്തെ  നിലത്ത് നമസ്കരിക്കും ഞങ്ങള്‍ ഞങ്ങളെന്നാല്‍ ഓപ്പോള്‍മാര്‍ രണ്ടു പേരും ഞാനും .ഒപ്പം കേള്‍ക്കാമായിരുന്നു,മന്ത്രം കൂടാതെ ഞ ങ്ങളുടെ വക "വേദവ്യാസനു നമസ്കാരം " !




  

Saturday, October 20, 2012

അച്ഛന്‍റെ കൈവിരല്‍പ്പാടുകള്‍; മായാത്ത ഓര്‍മ്മപ്പാടുകള്‍

                   അച്ഛന്‍റെ കൈവിരലുകള്‍ ! 
എത്രയെണ്ണം എന്‍റെ ദേഹത്തു പതിയാനിടയായി എന്നു വാവിട്ടു  കരയുന്നതിനിടയില്‍ അന്നു ഞാനെണ്ണുകയുണ്ടായില്ല ! 
ഞാനാ തിണര്‍ത്ത കൈവിരല്‍പ്പാടുകളില്‍ വിരലോടിച്ചു കൊണ്ടുറക്കെ കരഞ്ഞു കൊണ്ടിരുന്നു.  സരസ്വതിയോപ്പോളുടെ ഒക്കത്താണ് ഇരിക്കുന്ന തെങ്കിലും എനിക്കവ കാണാമായിരുന്നു.എന്‍റെ കുഞ്ഞുതുടയില്‍ ചുവന്നു തുടുത്തങ്ങനെ പതിഞ്ഞു കിടക്കുന്നു ! 
നല്ല  വേദന.
എങ്ങനെ വേദനിക്കാതിരിക്കും?! അങ്ങനെ അമര്‍ത്തിയല്ലേ അച്ഛനെന്നെ അടിച്ചത് ! 
എങ്ങനെ അടിക്കാതിരിക്കും?! ആ മാതിരി സാഹസമല്ലേ ഞാന്‍ അന്നു കാണിച്ചത്‌ ! 
അന്നെന്നു പറഞ്ഞാല്‍ എന്നായിരിക്കും ?! എനിക്ക് ഒരു ഏഴോ എട്ടോ വയസ്സ് പ്രായം മാത്രമുള്ളപ്പോള്‍ എന്നു കൂട്ടിക്കോളൂ ! അതിലും മൂത്ത പ്രായത്തില്‍ ആയിരിക്കില്ല 
വലിയ കുട്ടിയായിരുന്നെങ്കില്‍ എന്നെ ഒക്കത്തെടുത്തു  സാന്ത്വനപ്പെടുത്താന്‍ ഓപ്പോള്‍ മുതിര്‍ന്നിരിക്കുകയില്ലല്ലോ  ! 
                  
പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന
കോണി അല്ല ഇത്.
      സരസ്വതിയോപ്പോള്‍ എന്‍റെ മൂത്ത ഓപ്പോള്‍ ആണ്. എന്നെക്കാള്‍ കൃത്യം ആറു വയസ്സിനു മൂത്തയാളാണ്.ഫുള്‍ പാവാട ഉടുത്തിരുന്ന പ്രായം ആയിരുന്നു എന്നു ഞാനോര്‍ക്കുന്നു. 
ഒന്നാം നില കയറിച്ചെല്ലുമ്പോള്‍ നടുവിലെ മുറിയില്‍ ആണെത്തുക. ആ കോവണിയ്ക്കു നേരെ മുകളില്‍ 'തട്ടിന്‍മോളി'ലേയ്ക്കുള്ള 'കോണി' ആണ്. അതു കയറിച്ചെന്നാല്‍ വിശാലമായ തട്ടിന്‍മുകളിലെത്താം. കോണി കയറിച്ചെന്നയുടനെ ഒരു ചെറിയ  ജനലുണ്ട്. അതിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ തൊഴുത്തും മുറ്റത്തെ തൈച്ചെന്തെങ്ങിന്‍റെ മണ്ടയും മറ്റും കാണാം.
കോണി കയറിയതും  ഇടത്തുഭാഗത്ത്‌   ഒരു അരച്ചുമര്‍ ഉണ്ട്. അതിനു മുകളിലേയ്ക്കു ഞാന്‍  പില്‍ക്കാലത്ത് പൊത്തിപ്പിടിച്ചു കയറുകയും തട്ടിന്‍പുറത്തെ പല പല സൂക്ഷിപ്പുകള്‍ അവിടത്തെ മങ്ങിയ ഇരുട്ടില്‍ നിറഞ്ഞ കൌതുകത്തോടെ പരിശോധിക്കുകയും ചെയ്യുമായിരുന്നു. 
പഴയ ട്രങ്കുപെട്ടികള്‍, പനയോലകള്‍, രുട്രാക്ഷമാലകള്‍, മരപ്പെട്ടികള്‍  എന്നിങ്ങനെ എന്തൊക്കെയോ സാധനങ്ങള്‍ !
ആ അരച്ചുമരിലൂടെ കയറി ഒളിക്കാന്‍ സാധിച്ചാല്‍ പിന്നെ ഒളിച്ചുകളിയില്‍ ജയിച്ചതു  തന്നെ ! 
തോറ്റു എന്നു പറഞ്ഞാല്‍ അതിനു മുകളിലൂടെ ഒന്നുകില്‍ പിടഞ്ഞു താഴെയിറങ്ങും;അല്ലങ്കില്‍ നിലത്തേയ്ക്ക് ഒരു ചാട്ടം വെച്ച് കൊടുക്കുമായിരുന്നു ! 
        ഈ അരച്ചുമരിനടുത്തു നിന്നായിരുന്നു  ഓപ്പോളെന്നെ ഒക്കത്തെടുത്തതും  സമാധാനിപ്പിക്കാന്‍ ശ്രമിച്ചതുമെന്ന്  അവ്യക്തമായി ഞാനിന്നും ഓര്‍ക്കുന്നു.(അന്നു വേദനയാല്‍ വിങ്ങി വിങ്ങി ഞാന്‍ കരയുകയായിരുന്നു. ഇന്നാണെങ്കില്‍ ഈ മനസ്സ് ആ പൊയ്പ്പോയ കാലമോര്‍ത്ത് വെറുതെയെന്നറിഞ്ഞിട്ടും വിങ്ങു കയാണ് . )
           എല്ലാ വശങ്ങളിലേയ്ക്കും നിറയെ ജനലുകളുള്ള തട്ടിന്‍മുകള്‍. 
ഞങ്ങള്‍ കുട്ടികള്‍ ഒളിച്ചു കളിക്കാനും മറ്റും അവിടം ഉപയോഗിക്കു മായിരുന്നു. പക്ഷെ അവിടെ കയറിച്ചെല്ലുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നു ; നരച്ചീരിന്‍ കാഷ്ഠം ചവിട്ടാതിരിക്കാന്‍ ! 
പക്ഷെ എത്ര പ്രാവശ്യം അയ്യേ എന്നു പറഞ്ഞിരിക്കുന്നു  !!     
പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന
തട്ടിന്മുകള്‍  അല്ല ഇത്.
                   എന്‍റെ ഇല്ലത്തിന്‍റെ  രണ്ടാം നില എന്‍റെ കുട്ടിക്കാലത്തെ കേളീവിഹാരരംഗങ്ങളില്‍ ഒന്നായിരുന്നു.രാത്രിയോ സന്ധ്യാവേളകളിലോ ഒഴികെ ഞാന്‍ അവിടെ കയറിച്ചെല്ലുമായിരുന്നു. അവിടെ തട്ടിന്‍മുകളില്‍  മുറികള്‍  ഇല്ലായിരുന്നു. 
          അവിടെ നേരത്തെ പറഞ്ഞ അരച്ചുമര്‍ കടന്ന് ഇടം തിരിഞ്ഞ് പടിഞ്ഞാറു ഭാഗത്തു ചെന്നാല്‍ അരഭിത്തി കെട്ടി അതിനു മുകളിലുറപ്പിച്ച നീളന്‍ ജനാല കാണാം .അല്പം വിട്ട്  നിലവിതാനത്തില്‍ നിന്ന്  ചുമരുയരത്തില്‍ ഒരു മരയഴിയുണ്ട്.അകത്തു നിന്നടയ്ക്കാവുന്ന വാതിലായിരുന്നു അതിന്റേത്. ആ ജനലിന് ഒരു മരയഴി കാലപ്പഴക്കത്തില്‍ നഷ്ടമായിരുന്നു. 
       ഞാന്‍ കൃശഗാത്രന്‍, നന്നേ മെലിഞ്ഞ പ്രകൃതം.
ആ ജനലിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ പടിഞ്ഞാറില്ലത്തേയ്ക്കു പോകുന്ന വഴി കാണാം. വഴിയോടു ചേര്‍ന്നു നില്‍ക്കുന്ന പാമ്പിന്‍ കാവും  പടിഞ്ഞാറു ഭാഗത്തെ കിണറും ഒക്കെ വളരെ വ്യക്തമായി ദൃശ്യമാകുന്ന 'വ്യൂ പോയന്‍റ്' ആയിരുന്നു ആ മരയഴി. അതിനു പുറത്ത്‌ ഒരു  വെള്ളം കോരുന്ന തുടിയുണ്ടായിരുന്നു. പണ്ടൊക്കെ താഴെ പടിഞ്ഞാറേ മുറ്റത്തു നിന്ന് വിറക് ഈ തുടി വഴി 'തട്ടിന്‍മോളി'ലേക്ക് കെട്ടി ക്കേറ്റുമായിരുന്നുവത്രേ !
         പക്ഷെ എന്നെ  അവിടേയ്ക്ക് ആകര്‍ഷിച്ചത് ഏതോ സാഹസബുദ്ധിയാണ്.
എട്ടും പൊട്ടും തിരിയാത്ത ഒരുണ്ണിയായിരുന്നല്ലോ ഞാനന്ന് ! 
പക്ഷെ അഞ്ചു പെണ്ണുണ്ടായ ശേഷം  അതും ആദ്യത്തെ മൂന്നു കുട്ടികളും മരിച്ച ശേഷം ജീവനോടെ കിട്ടിയ  രണ്ടു പെണ്‍കുട്ടികളുടെ താഴെ 'ആറ്റുനോറ്റുണ്ടായോരുണ്ണി'യാണു ഞാനെന്നു ഞാനുണ്ടോ ഓര്‍ക്കുന്നു ! 
        ആ നഷ്ടം വന്ന ജനലഴികളിലൂടെ എനിക്ക് എന്‍റെ ദേഹം അപ്പുറത്തേയ്ക്കു 'സുഖമായി' കടത്താമായിരുന്നു  ! 
ഞാന്‍ ഏതോ ഒരവസരത്തില്‍ അക്കാര്യം മനസ്സിലാക്കിയ സൂത്രവിദ്യയായിരുന്നു അത് ! 
അതില്‍പ്പിന്നെ അവിടെ ചെല്ലുമ്പോഴൊക്കെ ആ വിടവിലൂടെ പുറത്തു കടന്നു നില്‍ക്കുകയെന്നതെന്‍റെ ഇഷ്ട വിനോദങ്ങളിലൊന്നായിമാറി ! 
        അങ്ങനെ ഞാന്‍ വിനോദിച്ച ഒരവസരത്തിലാണ് അതച്ഛന്‍റെ അടുത്തെത്താനിടയായതും എനിക്കാ കൈവിരലുകളഞ്ചും പതിയുമാറ് ചുട്ട അടി കിട്ടിയതും. ഞാന്‍ താഴെ പടിഞ്ഞാറേ മുറ്റത്തു നില്‍ക്കുകയായിരു ന്ന   സരസ്വതിയോപ്പോളെ വിളിച്ച് എന്‍റെ സാഹസം കാണിച്ചു കൊടുക്കുകയായിരുന്നു എന്നോര്‍ക്കുന്നു.
         അച്ഛന്‍റെ അടുത്ത് അക്കാര്യം എത്തിച്ചയാള്‍ തന്നെ സാന്ത്വനിപ്പിക്കാനുമെത്തി !!! 
        അതില്‍പ്പിന്നെ ഞാന്‍ അത്തരം ദുസ്സഹസങ്ങള്‍ക്കൊന്നും മെനക്കെടുകയുണ്ടായിട്ടില്ല എന്നു പ്രത്യേകം രേഖപ്പെടുതെണ്ടതില്ലല്ലോ !  
(പില്‍ക്കാലത്തു വേറെ  വികൃതികളിലേക്കു തിരിയാനിടയായെന്നു ഇനി ഞാന്‍ രേഖപ്പെടുത്താനിരിക്കുന്നതല്ലേയുള്ളൂ ! )

Monday, October 15, 2012

'സുനില്‍നിവാസ്'

            എവിടെ നിന്നാണന്നു മണ്ണു കൊണ്ടു വന്നത് എന്നോര്‍മ്മയില്ല ; ആരായിരുന്നു മുഖ്യ പണിക്കാരന്‍ അല്ലെങ്കില്‍ ആര്‍ക്കിട്ടെക്റ്റ് എന്നും.ഒന്നോര്‍മ്മയുണ്ട്, എന്‍റെ പഴയ ഇല്ലത്തിന്‍റെ പൊട്ടിപ്പൊളിഞ്ഞ ആ ഇറയത്ത് 'സുനില്‍നിവാസ്'പണി കഴിക്കപ്പെട്ടു ! ഞങ്ങള്‍  കുട്ടികള്‍ സുനില്‍ നിവാസിനു ചുറ്റും നിന്ന് കൈ കൊട്ടിച്ചിരി ച്ചിരിക്കണം. അത്ര മാത്രം ആഹ്ലാദമായിരുന്നു ഞങ്ങളുടെ മനസ്സുകളില്‍ അന്നു നിറഞ്ഞത്‌.
            ഇല്ലം നാലുകെട്ടായിരുന്നു.എനിക്ക് ഓര്‍മ്മ വെയ്ക്കുമ്പോള്‍ മാളിക പ്പുരയില്‍ നിന്നു വേറിട്ട ഒരു കെട്ടി ടമായിരുന്നു ആ പൂമുഖവും മച്ചും പുറത്താളവും ചേര്‍ന്ന ഭാഗം.തെക്കോട്ടായിരുന്നു അതിന്‍റെ മുഖം. പുര യ്ക്കു തെക്കോട്ടു മുഖമാവുന്നതു നല്ലതല്ലെന്ന ഒരു വിശ്വാസവും വൈകാതെ എന്‍റെ ബാല്യ കൌതുകങ്ങളെ തൊ ട്ടു തലോടിക്കൊണ്ട് പറഞ്ഞു കേട്ടു. ഇല്ലം നശിക്കുമത്രേ !
             ആ വേറിട്ടു നിര്‍ത്തപ്പെട്ട പുരയുടെ പുറത്താളത്തിന്‍റെ കിഴക്കു ഭാഗത്തെ ഇറയം ആണു 'ഞങ്ങളു'ടെ സുനില്‍ നിവാസ് പണി കഴിക്കാന്‍ തെരഞ്ഞെടുത്തത്! കണ്ടാത്തെ ശ്രീധരനും  അന്യേട്ടനും ഓപ്പോള്‍മാരും  ഒക്കെയുണ്ടായിരുന്നു അതിന്‍റെ നിര്‍മാണത്തിന്.കുഞ്ഞ്യേട്ടന്‍ ഇല്ലായിരുന്നു എന്നാണോര്‍മ്മ  ;അപ്പോഴേയ്ക്കും കുട്ടിപ്രായം പിന്നിട്ടു കഴിഞ്ഞിട്ടുണ്ടായിരുന്നിരിക്കണം.  ഏതോ അവധിക്കാലത്ത്..അതെ, അങ്ങനെ ഒരു വേളയില്‍ ഞങ്ങളില്‍ മുതിര്‍ന്നവരായ ആരുടെയോ തലയില്‍ ഒരു നട്ടുച്ചയ്ക്കുദിച്ച ആശയം..കളിമണ്ണു കൊണ്ടൊരു കളിവീട്. കുറെ നേരത്തെ പരിശ്രമത്തിന്‍റെ ഫലമായി ഒന്നോ രണ്ടോ മുറികളുള്ള ടെറസ്സു മാതൃകയില്‍ അതു നിര്‍മ്മിക്കപ്പെട്ടു. എന്തു പേരിടണം !? എന്ന ചര്‍ച്ചയ്ക്കിടയില്‍ 'പള്ളിവാസല്‍' എന്ന പേരും ഉയര്‍ന്നു വന്നു. ആരോ പഠിച്ച പാഠത്തിന്‍റെ ഓര്‍മ്മ !. പല പേരുകളും പലരും നിര്‍ദേശിച്ചിരിക്കണം   ഒടുവില്‍ ആണ് സുനില്‍ നിവാസ് എന്നു തീരുമാനിച്ചത്. എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ടു  ആ പേര്. അന്ന് കുമാര്‍ എന്നു കൂട്ടി ചേര്‍ത്തു കൊണ്ടുള്ള പേരുകള്‍ ഫാഷന്‍ ആയിരുന്നതു പോലെ വീടുകള്‍ക്ക് നിവാസ് എന്നും ചേര്‍ക്കുന്നതാ യിരുന്നു ആളുകള്‍ക്കു പ്രിയം ! പത്തു മുപ്പത്തഞ്ചു നാല്‍പ്പതു കൊല്ലം മുന്‍പത്തെ കാര്യം !
              എന്തിനു പറയുന്നൂ ഞങ്ങള്‍ സുനില്‍ നിവാസിനു പേരിട്ടെന്നു മാത്രമല്ല അത് എവിടെ നിന്നോ കിട്ടിയ ചായം കൊണ്ട് അതിനു മുകളില്‍ എഴുതി വെയ്ക്കുകയും ചെയ്ത ശേഷമേ സംതൃപ്തരായുള്ളൂ .കുറേക്കാലം അതവിടെ കേടു കൂടാതെയുണ്ടായിരുന്നു.കാലവര്‍ഷത്തിന്‍റെയും വെയിലിന്‍റെയും കരപാതങ്ങളേററ് ആ പഴയ പുര ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍  നിലം പൊത്തും വരെ !    

Sunday, October 14, 2012

കണ്ണടയ്ക്കാത്ത മൂല്യബോധം !




         കുട്ടികളങ്ങനെ നോക്കി നില്‍ക്കുകയാണ്, തട്ടിക കൊണ്ടു മാത്രം വേര്‍തിരിച്ച  ഓഫീസ് മുറിയില്‍ ഹെഡ്‌മിസ്ട്രസ് പെരുന്നാളിന്‍റെ വകയായി ഉണ്ടാക്കിയ കുഴലപ്പവും കള്ളപ്പവും മറ്റും വീതിച്ചു വെച്ചിട്ടു ണ്ട്.പതിവല്ലെന്കിലും ചില ഇന്റര്‍വെല്‍ വേളകളിലിത്തരം ഒരു ദൃശ്യം. ഒരു നാട്ടിന്‍പുറത്തെ വിദ്യാലയ ത്തില്‍ നടക്കുന്നത് ആരെങ്കിലും ഗൌരവമായി എടുക്കുമോ എന്നറിഞ്ഞു കൂടാ ! ആരെങ്കിലും അറിയാറുണ്ടോ എന്നും പറയാന്‍ വയ്യാ ! അവനവന്‍റെ വീതം എടുത്ത് ടീച്ചര്‍മാര്‍ തിന്നുകൊണ്ടിരിക്കുന്നതാണ് ഇതിന്‍റെ തുടര്‍ രംഗം. കുട്ടികളില്‍ ചിലരെങ്കിലും എത്തി നോക്കാതെ ഒരു പെര്‍ഫെക്റ്റ്‌ ഓഫീസ്‌ മുറി. സ്വപ്നം കാണുന്നവരാ യി ആ ടീച്ചര്‍മാരില്‍ ആരെങ്കിലും ഉണ്ടായിരിക്കില്ലെ ? എങ്കില്‍ കണ്ണടച്ചു പാല് കുടിക്കും പോലുള്ള ഈ രംഗം ഒഴിവാക്കാമല്ലോ എന്നു കരുതി ?! കുട്ടികളെ,” അങ്ങട് പോടാ ചെക്കന്മാരേ ”എന്നിങ്ങനെ ശകാരിച്ച് ആട്ടി വിടുന്നതിലുപരി കൂടുതലായൊന്നും അവരിതില്‍ ചിന്തിക്കുമോ എന്നെനിക്കറിയില്ല. നിങ്ങള്‍ക്കോ ?!
        അതിരിക്കട്ടെ, തന്‍റെ വീതമെടുത്ത് നേരെ ബാഗില്‍ വെയ്ക്കുന്ന ഒരാളെ അക്കൂട്ടത്തില്‍ സങ്കല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവുമോ ?! “വീട്ടിലുള്ളവരോട് ഭയങ്കര സ്നേഹമാണല്ലേ, കുട്ടികള്‍ക്കു കൊടുക്കാനാണല്ലേ” എന്നൊക്കെ ആയിരിക്കില്ലേ വ്യത്യസ്തയോടെ പെരുമാറുന്ന ആ ഒരു വ്യക്തിയെക്കുറിച്ചു കമെന്റ്റ് വരാനിടയുള്ളത് ?! ആ വ്യക്തി സൂക്ഷ്മതലത്തില്‍ ചില ചില മൂല്യങ്ങള്‍ സ്വാംശീകരിക്കുകയും തന്‍റെ ദൈനന്ദിനവര്‍ത്തനമണ്ഡലങ്ങളില്‍ ഏതു സാഹചര്യങ്ങളിലും പാലിക്കുകയും ചെയ്യുന്ന ഒരാളായിക്കൂടേ ?! കുട്ടികള്‍ നോക്കി നില്ക്കെ വിശിഷ്ട ഭോജ്യങ്ങള്‍ തിന്നുന്നതിലെ അധാര്‍മികത ആ വ്യക്തിയുടെ മനസ്സിനെ അലട്ടുന്നതാവാം അതപ്പോള്‍ തിന്നാതെ ബാഗില്‍ എടുത്തു വെയ്ക്കാന്‍ അയാളെ പ്രേരിപ്പിക്കുനത് എന്നു കരുതാന്‍ നിങ്ങള്ക്കു കഴിയുമോ ! എങ്കില്‍ അതേ മൂല്യബോധം നിങ്ങളിലും മറ്റൊരളവില്‍ ഉണ്ടെന്നു കരുതാം !

"ങാ.. ങാ. ങാ.....ഓക്കേ ഓക്കേ ഓക്കേ".

        മൊബൈല്‍ ഫോണ്‍വിളി  മലയാളിയുടെ സംസാരത്തില്‍ ഉണ്ടായ കൃത്രിമത്വം നമുക്കു ബോധ്യപ്പെടുത്തി ത്തരും ! ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങള്‍ ?! "ങാ.. ങാ. ങാ.. ങാ... ങാ... ങാ" എന്ന ഒരു 'എരിശെരിവെയ്ക്കല്‍' ഉണ്ടു പലര്‍ക്കും ! പിന്നെയൊരു  'ഓക്കേ ഓക്കേ ഓക്കേ ഓക്കേ ഓക്കേ'യുണ്ട് ! അവസാ)))))))നത്തെ ഒരു ഓ)))))))ക്കേ യുണ്ട് ഫോണ്‍ വെയ്ക്കും മുന്പ് !എല്ലാവരുമല്ല,ചിലര്‍ ! ഈ ചിലരുടെ ഓക്കേ ആണ് ഓക്കേ അല്ലാതെ തോന്നാറുള്ളത്! 
         
                                                                                                                                                                                            പിന്നെയൊരു പാലക്കാടന്‍ ടോണ്‍ ഉണ്ടിപ്പോള്‍. "അത്യോ)))) ഒ :" എന്നു വിസര്‍ഗത്തില്‍ അവസാനിക്കും പോലെ ഒരു ചോദ്യം.  "അത് ശെരി"യുടെ അനിയന്‍ ആണിവന്‍ ! 
         










ചിരി മൊത്തം മായം ആണ്. നമ്മുടെ സന്തോഷങ്ങളില്‍ പങ്കു കൊള്ളുന്നു എന്നു വരുത്താന്‍  ശ്രോതാക്ക ള്‍ പെടുന്ന പാട് ! അപ്പുറത്ത് നമ്മുടെ ഫോണ്‍ സംസാരം കേട്ട്  പല്ലിറുമ്മുന്നതു നമ്മള്‍ "കാണില്ലല്ലോ))))ഒ:"!(നോക്കൂ വിമര്‍ശിച്ചു വിമര്‍ശിച്ച്‌ എന്‍റെ ഗൂഗിളിനും പാലക്കാടന്‍ സ്വരം ! 

Saturday, October 13, 2012

മറ്റൊരു ആട്ടുകട്ടില്‍.

           

ഗൂഗിളില്‍ നിന്നു കിട്ടിയ ചിത്രം .
      ഇല്ലത്ത്  മുകളിലെ നിലയിൽ  കിഴക്കേമുറിയി ൽ ഒരു ആട്ടുകട്ടിൽ ഉണ്ടായിരുന്നു. ആ  ആട്ടുകട്ടി ൽ  അൽപ്പം താണിട്ടാ യിരുന്നു.  കോണി കയറാന്‍ പറ്റാതാവും വരെ മുത്തശ്ശ്യമ്മ ആ കട്ടിലില്‍ ആ ണു രാത്രി ഉറങ്ങിയിരുനത്.ഒരു കോണി കയറി ച്ചെന്ന് നടുവിലെ മുറിയില്‍ എത്തും. ഇടത്തോട്ടു തിരിഞ്ഞ് രണ്ടടി വെച്ചാല്‍ കിഴക്കേ മുറി. അവി ടെ വാതില്‍ കടന്നയുടന്‍ തെക്കോട്ടുള്ള ജനല്‍. അ വിടെ ഓപ്പോള്‍ മാരില്‍ ഒരാള്‍ക്ക് സ്കോളര്‍ഷിപ്പ്‌ തുക കിട്ടിയപ്പോള്‍  അതുകൊണ്ടു വാങ്ങിച്ച  ര ണ്ടു മരക്കസേരകളില്‍ ഒന്നാ  ജനാലയോട് ചേര്‍ ത്തിട്ടു കൊണ്ട് അവിടെയിരുന്നാണ് ശ്രീദേവിയോ പ്പോള്‍ സ്കൂളിലെ പാഠങ്ങ ള്‍ പഠിച്ചി രുന്നത്. തെ ക്കേ ജനാലയുടെ നേരെ എതിര്‍വശത്ത് വടക്കേച്ചുവരി ല്‍ മറ്റൊരു ജനാല. അതിനോടു ചേര്‍ന്നാ ണ് ആ ആട്ടുകട്ടില്‍ ഉണ്ടായിരുന്നത്. പ ടിഞ്ഞാ റേ മുറിയില്‍ ഉണ്ടായിരുന്ന ആട്ടുകട്ടിലില്‍ നിന്ന് വ്യത്യസ്തമായിരുന്നു അത് . രണ്ടഗ്രങ്ങളും ഇകാരചിഹ്നം പോലെ വളഞ്ഞ ഈരണ്ട് ഇരുമ്പുതൂക്കുക ളിലായി  മരത്തിന്‍റെ രണ്ടു പടികള്‍. 
ഇരുമ്പുമരത്തൂക്കുകളില്‍ ഓരോന്ന്
ആ പടികളിലെ  'കൊത'കളില്‍ ഇറക്കി വെയ്ക്കാവുന്നതാ യിരുന്നു   കട്ടില്‍പ്പ ലക. കറുത്ത ഏതോ തടി കൊണ്ടുള്ളതാ ണ്  ആ കട്ടിലിന്‍റെ പലക. 
ആ ആട്ടുകട്ടില്‍ ഇന്നു നാല്‍ക്കാലിരൂപത്തില്‍ !

പടിഞ്ഞാറേ മുറിയിലേതിനു 'വെള്ളരാശി'യാ യിരുന്നു . രണ്ടറ്റങ്ങളിലും ഇരു മ്പു കൊളുത്തു കള്‍ പി ടിപ്പിച്ച മരം കൊണ്ടുള്ള 'ഞാത്തു'കളില്‍ ആ ണാ ആട്ടുക ട്ടില്‍ തൂക്കിയിട്ടിരുന്നത്. ഈ ആട്ടുകട്ടിലിലിരുന്നാല്‍  കാലുകള്‍ നിലം തൊടുമാ യിരുന്നു.  അതുകൊണ്ടാണോ എന്നറിയി ല്ല അതിലിരുന്നാടാന്‍ വലിയ മോഹ മൊന്നും ഞങ്ങള്‍ കുട്ടികള്‍ ക്കുണ്ടായിരുന്നി ല്ല. ഏട്ടന്‍റ ച്ഛന്‍റെ മകള്‍ ആയ അനി യത്തി അനില, എന്‍റെ വലിയച്ഛന്‍റെ മകള്‍ വല്ല്യോപ്പോളുടെ മകള്‍ പ്രീത എന്ന മരുമകള്‍ തുടങ്ങി അന്നത്തെ കു ട്ടികള്‍ ആരും തന്നെ അതിലിരുന്നാടാനായി ഓ ടി വരുമായിരുന്നില്ല . പടിഞ്ഞാറേ മുറിയിലെ കട്ടിലില്‍ ആടുന്ന കാര്യത്തില്‍ അങ്ങനെയായി രുന്നില്ല .  ഞങ്ങള്‍ താഴത്തുനിന്ന് പല സന്ദര്‍ഭങ്ങളിലും 'ഓട്ടമ ത്സരം' തന്നെ നടത്തു മായിരുന്നു ! 

'നമ്മക്ക് ആട്ട്വട്ടിലാട്വാ ?!' 
മറ്റു കളികളില്‍ ഏതിലെങ്കിലും ഏര്‍പ്പെട്ടിരിക്കുന്നതിനിടയില്‍  അതില്‍ ആര്‍ ക്കെങ്കിലും വിരസത തോന്നിത്തുടങ്ങുന്ന സന്ദര്‍ഭങ്ങളിലോ ഒക്കെ ആയിരിക്കും പലപ്പോഴും ഞങ്ങള്‍ ഇങ്ങനെ പറയു മായിരുന്നത്. താഴെ മുറ്റത്തു നിന്നോ  പ ടിഞ്ഞാറ്റിയില്‍ നിന്നോ ഒക്കെ ആയിരുന്നിരിക്കണം നടുവിലെ മുറിയിലെ മങ്ങി യ വെളിച്ചത്തിലൂടെ  പാഞ്ഞ് കുത്തനെയുള്ള മരക്കോവണി  കയറിക്കൊ ണ്ടുള്ള ഈ പ്രയാണം !   
             എന്നാല്‍ ഞാന്‍  'മോള്‍ലെ കിഴക്കേ മുറി'യിലെ  കട്ടിലിലിരുന്നും ആടാറുണ്ടായിരുന്നു. 

അതിലിരുന്നാടാന്‍ മറ്റൊരു രീതി ഞാന്‍ കണ്ടു പിടിച്ചി രുന്നു !  അതായത്അതിന്‍റെ ഭാരിച്ച കട്ടില്‍പ്പലക വളരെ മനസ്സിരുത്തി താഴെയിറക്കി വെയ്ക്കുക.ആരെയും കൂട്ടി നു വിളിക്കുവാന്‍ ഞാന്‍ നി ല്‍ക്കാറില്ലായിരുന്നു.വേണ മെങ്കില്‍ ശ്രീദേവിയോപ്പോ ളെ വിളിക്കാം. കിഴക്കേ മു റിയിലെ തെക്കേ ജനാല യ്ക്കരികെ  ഓപ്പോള്‍മാരി ലാര്‍ക്കോ സ്കോളര്‍ഷിപ്പ്‌ കിട്ടിയ തുക കൊണ്ടു അച്ഛന്‍ വാങ്ങിച്ചു കൊടുത്ത  ചുവന്ന ചായമടിച്ച മരക്കസേരയിലിരുന്നു വളരെ അ ധ്വാനിച്ചു പഠിക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും ഈ ആവശ്യത്തിനായി ഓ പ്പോളെ വിളിച്ചതായി എനിക്കോര്‍ മ്മയില്ല . കാരണം ഞാന്‍ അന്നേ ഇത്തരം കാര്യങ്ങളില്‍ അല്‍പ്പം 'റിസ്ക്‌' എടുക്കുന്ന കൂട്ടത്തിലായിരുന്നു. അല്‍പ്പം ദു സ്സാഹസം ഒക്കെ ചെയ്യാന്‍ മടിക്കാത്ത പ്രകൃതം . അങ്ങനെ  ആ കട്ടില്‍പ്പലക ഇറക്കി വെച്ചാല്‍ ഒരു ഊഞ്ഞാലില്‍ ഇരുന്നാടുന്നതു പോലെ അതിലാടാമാ യിരുന്നു. ഇരുവശങ്ങളിലെയും ഈരണ്ട് ഇരുമ്പുതൂക്കുകളില്‍ തൂങ്ങുന്ന മര പ്പടി കളിലാണു കട്ടില്‍പ്പലക കയറ്റിവെച്ചി രുന്നത് എന്നു മുന്നേ പറഞ്ഞുവല്ലോ. ആ പലക ഇറക്കി വെച്ചാല്‍ പരസ്പരം നോക്കി നില്‍ക്കുന്ന രണ്ട് ഊഞ്ഞാലു കളിലെന്ന പോലെ  ആടാമായിരുന്നു. ഒരെണ്ണത്തില്‍ തന്നെ  കുട്ടികളായ ഞങ്ങ ള്‍ക്ക് ഒന്നിലധികം പേര്‍ക്ക് ഒന്നിച്ചിരുന്ന് ആടാം. പ്രീതയും അനിലയും ഞാനും മുട്ടിമുട്ടിയിരുന്ന്‍ അങ്ങ നെ പല അവസരങ്ങളിലും ആടാറുണ്ടായിരുന്നു. 

      കട്ടില്‍  ഒരു സ്റേറജ്‌ ആക്കി നാടകം പോലെ ചില കളികള്‍ കളിക്കാറുണ്ടാ യിരുന്നു.തെക്കു ഭാഗത്തുള്ള തൂക്കുക ളില്‍ ഒരു പഴയ മുണ്ടു നീട്ടിക്കെട്ടും. എന്നിട്ട് വേഷം കെട്ടിക്കളിക്കുക . മി ക്കവാറും രാജാപ്പാര്‍ട്ട് ആയിരിക്കും ആ ഏകാംഗനാടകത്തില്‍ ഞാന്‍ കെട്ടു മായിരുന്നത്. അമ്മാത്തു നിന്നാണ് ഈ വേഷം കെട്ടിക്കളിയുടെ ബാലപാഠങ്ങ ള്‍ ഞാനഭ്യസിച്ചത്. പാഠപുസ്തകങ്ങ ള്‍ താഴെ വെയ്ക്കുന്ന  കാലങ്ങളിലൊ ന്നില്‍ ! മൂന്നു വയസ്സിനു മാത്രം മൂപ്പുള്ള ശ്രീദേ വിയോപ്പോളെ  കൂട്ടിനു കിട്ടാറി ല്ലായിരുന്നു. ആറു വയസ്സിനു മൂപ്പുള്ള സരസ്വതിയോപ്പോ ളെ ഇത്തരം ബാല കേളികള്‍ക്ക് പ്രതീക്ഷിക്കുകയേ വേണ്ടല്ലോ .എന്നാല്‍ കുറച്ചു കാലം എനിക്കും കോമന ഭാസ്കരന്‍ നായരുടെ മകള്‍ ഷീല, എന്‍റെ മറ്റൊരു മുന്‍ സഹപാഠികളി ലോരാളായ കാദര്‍ സായ് വിന്‍റെ മകന്‍ ഷാഫി തുടങ്ങി വിരലിലെണ്ണാവുന്ന ഏ താനും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റ്റ്യൂഷനെടുത്തു കൊടുക്കുമ്പോള്‍ ഓ പ്പോളും ഞാനും ഇരുന്നിരുന്നത് ഈ ആട്ടുകട്ടിലില്‍ ആയിരുന്നു.  മറ്റു കുട്ടികള്‍ ക്കിരിക്കാന്‍ ഒരു ബഞ്ചും ഡസ്കും ഏതോ പഴയ കനം കുറഞ്ഞ മരപ്പലകകള്‍ കൊണ്ട് ഉണ്ടാക്കിച്ചു തന്നിരുന്നു അച്ഛന്‍. ഒരു ബെഞ്ചും. അപ്പോഴും 'സരസ്വതി ട്ടീച്ചര്‍'ക്കിരി ക്കാന്‍ കസേരയില്ല. പാവം അച്ഛന്‍, നിത്യനിദാനത്തിനു തന്നെ വി ഷമിക്കുമ്പോള്‍ എന്തൊക്കെ സംഘടിപ്പിച്ചു തരും . ഓപ്പോളും ഞാനും ആട്ടുക ട്ടിലില്‍ കുനിഞ്ഞിരുന്നു കൊണ്ട് പുസ്തകം നോക്കും . എന്നാല്‍ ഈ സ്വകാര്യാ ധ്യയനപരിപാടി അധികം കാലം നീണ്ടു നിന്നില്ല. എന്നെപ്പോലെയായി ആ ആട്ടു കട്ടിലും ! കൂട്ടുകുടുംബവ്യവസ്ഥ അന്നേയ്ക്ക് എന്‍റെ ഇല്ലത്ത്   മിക്കവാറുമവ സരങ്ങളിലും ഞാന്‍ എകാകിയായിരുന്നു. എന്നാല്‍ എനിക്ക് ഒരു വിരസതയും അനുഭവപ്പെടാറില്ലായി രുന്നു. എന്‍റെ അഭിനയലോകത്ത് ഞാന്‍ തന്നെ കാണിയുമായിക്കൊണ്ട്  ഒരു സ്വന്തന്ത്ര നാടകവേദി. ഈ നാടകവേദി പില്‍ക്കാലത്ത് എനിക്കു കൂടുതല്‍ പ്രശോഭിക്കാന്‍ സാധ്യതകള്‍ അധികമൊന്നും കിട്ടിയില്ലെങ്കിലും വേണ്ടത്ര ആത്മവിശ്വാസം പകര്‍ന്നു തന്നു എന്നു കരുതാന്‍ ന്യായമുണ്ട്. പാ ഞ്ഞാളില്‍ താമസിച്ചിരുന്ന കാലത്ത് നാടകകൃത്തായ ഡ്രോയിംഗ് മാഷ്‌ ടെ അഥവാ  സാക്ഷാല്‍ തുപ്പേട്ടന്‍റെ അനുഗ്രഹാശിസ്സുകളോടെയും മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയും  'ഇയ്യൂബീയേ'* എന്ന കലാ സംഘടന എല്ലാക്കൊല്ലവും വായനശാലാവാര്‍ഷികത്തിന്അവതരിപ്പിച്ചു വരാറുള്ള   നാട കങ്ങളിലൊന്നെന്ന നിലയില്‍ മാത്രമല്ലാതെ, തൃശൂര്‍ ആകാശവാണി നിലയം ഒരോണക്കാലത്തു പാലക്കാട്ടു വെച്ച് സംഘടിപ്പിച്ച നാടകമത്സരത്തില്‍ 'വന്നന്ത്യേക്കാണാം' എന്ന നാടകത്തില്‍ ചെറിയ റോള്‍ ആണ് എങ്കിലും ആദ്യന്തം രംഗത്തുള്ള ഒരു കഥാപാത്രമെന്ന നിലയില്‍ എനിക്ക് വിശേഷിച്ചു പരിഭ്രമം ഒന്നും തോന്നിയില്ല .    
ഒരേ ഒരിക്കല്‍ 'ചേന്നാത്തെ' ജയനും സതീശനും കളിയ്ക്കാനാ ണെന്നു തോന്നുന്നു,വന്നപ്പോള്‍  ഞാന്‍ അവിടെ യിരുന്ന് എന്തോ ചെയ്യുകയായിരുന്നു. അന്നവ രെ എനിക്കു ശരിക്കറിയുക പോലുമില്ലായിരു ന്നു. ചേന്നാത്തെ അമ്മ സൌഹൃദസന്ദര്‍ശനമെ ന്ന നിലയില്‍ 'പട്ടേരില്ല'ത്തു വന്നതായിരിക്കണം ഒപ്പം മക്കളെ തുണയ്ക്കു കൂട്ടിയിരുന്നതായിരി ക്കുമോ ? 1970 കള്‍ ഒക്കെ ആയപ്പോഴേക്കും മന-
കളിലെ ആത്തോലമ്മമാര്‍ക്കു തുണ പോകാന്‍ 
'ഇരിക്കണമ്മ'മാരെ കിട്ടാന്‍ ഞെരുക്കം തുടങ്ങി യിരിക്കണം . പേരെടുത്ത ഗുരുവായൂര്‍ തന്ത്രി കുടുംബം ആണ് എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല.   

            ആ ആട്ടുകട്ടിലിനു തൊട്ടുള്ള ജനലിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ വടക്കുപുറത്തെ മുറ്റവും ഉണ്ട ത്തെച്ചിമരവും  മറ്റും കാണാം. അവയെക്കാള്‍ ശ്രദ്ധ ആകര്‍ഷിക്കുമായിരുന്നത് 'കരിങ്കല്ലോവു'കള്‍ ആണ്. ഇവ യിലൂടെ 'ഓവറ'യില്‍ ഇരുന്ന് ഒഴിക്കുന്ന മൂത്രമത്രയും താഴെ 'വടക്ക്വോറ'ത്തെ മുറ്റത്തു ചെന്നു വീഴുമായിരു ന്നു. 

             ഒരിക്കല്‍ വെമ്പോലെ 'വാസ്യേവേട്ടന്‍' വന്നപ്പോള്‍ ആ കട്ടിലില്‍ ആണു കിടന്നത്.തൃശ്ശൂരില്‍ സൌത്തി  ന്ത്യന്‍ ബാങ്കിലെ ജോലിസംബന്ധമായിട്ടാണ് എന്നു തോന്നുന്നു,മടക്കത്തില്‍ ഇല്ലത്തേയ്ക്കു വന്നു. അന്ന് ആ കട്ടിലില്‍  ആകെയുള്ള ഭേദപ്പെട്ട കോസറി വിരിച്ച് അദ്ദേഹത്തെ അവിടെ കിടത്തി. ഞാനും അച്ഛനും താഴെ പായയില്‍ കിടന്നു."ഞാന്‍ താഴെ കിടന്നോളാം" എന്നൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും ഞങ്ങള്‍ സമ്മതിച്ചില്ല.

ആട്ടുകട്ടില്‍

                ഇല്ലത്തെ മുകളിലെ നിലയില്‍ പടിഞ്ഞാറേ മുറി എന്നു  വിളിച്ചിരുന്ന മുറിയില്‍ ഒരു ആട്ടികട്ടില്‍ ഉണ്ടായിരുന്നു. വടക്കോട്ടു തുറക്കുന്ന ജനവാതിലിനടുത്തായിരുന്നു ഈ ആട്ടുകട്ടില്‍.ഇതില്‍ ഇരുന്ന് ആടുന്നത് ഞങ്ങള്‍ കുട്ടികളുടെ ഒരു വിനോദമായിരുന്നു.ഞങ്ങളില്‍ പലപ്പോഴും ഞാനും അനിലയും മാത്രമേ ഉണ്ടാകൂ . അനില എന്‍റെ  വല്യച്ഛന്‍റെ മകളാണ്. പതിനൊന്നു മാസത്തിനു ഞാന്‍ മൂക്കും.ഞാനാണേട്ടന്‍. മറ്റു ചിലപ്പോള്‍ മിക്കപ്പോഴും അവധിക്കാലങ്ങളില്‍ പ്രീതയും മറ്റു മരുമക്കളും 'ഞങ്ങളി'ല്‍ ഉണ്ടാകാറുണ്ട്. കിഴക്കു പടി ഞ്ഞാറായി ഇരു ഭിത്തികള്‍ക്കും ഇടയില്‍ പരമാവധി വേഗതയില്‍ ഞങ്ങള്‍ ആട്ടുകട്ടില്‍ ആട്ടും. ബസ്സെന്ന സങ്കല്പത്തില്‍ ആയിരുന്നു ആ വിനോദം.വെങ്കിടങ്ങിലൂടെ അന്നോടിയിരുന്ന ബസ്സുകളില്‍ ഇഷ്ടപ്പെട്ടവയുടെ ഏതിന്‍റെയെങ്കിലും പേരു സ്വീകരിച്ചു കൊണ്ടായിരുന്നു ആ കളിയില്‍ ഞങ്ങള്‍ ഏര്‍പ്പെട്ടിരുന്നത്.ന്യൂ സ്വരാജ് അല്ലെങ്കില്‍ ബീയെമ്മെസ് എന്നൊക്കെ ! എല്ലായ്പ്പോഴും  ഞാനായിരിക്കും ഡ്രൈവര്‍ ! കുട്ടികളെ വേഗത കൊണ്ട് ഭയപ്പെടുത്തുന്നത്  എനിക്കു  വലിയ ഇഷ്ട്ടമായിരുന്നു.അനിലയും പ്രീതയും ഒക്കെ വല്ലാതെ ബഹളം വെയ്ക്കും. പ്രീത ആടുന്ന ആട്ടുകട്ടിലില്‍ നിന്നു കൊണ്ട് ആടുന്ന സാഹസബുദ്ധി കാണിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ആവേശത്തില്‍ വേഗത വര്‍ദ്ധിച്ച് പടിഞ്ഞാറേ ചുമരില്‍ ആട്ടുകട്ടില്‍ ചെന്നിടിക്കും. അങ്ങനെ പല തവണ ഇടിച്ചതിന്‍റെ ഫലമായി ചുമരിലെ കുമ്മായക്കട്ടകള്‍ കുറേശ്ശെ അടര്‍ന്നു ചാടാറുണ്ടായിരുന്നു.ഇക്കാര്യം അറിഞ്ഞ് അമ്മ എന്നെ ശാസിക്കാറുണ്ടായിരുന്നു.
              ഈ ആട്ടുകട്ടിലില്‍ ആയിരുന്നു ഞാന്‍ എന്‍റെ ഒഴിവു വേളകള്‍ പലപ്പോഴും ചെലവഴിച്ചിരുന്നത്. പല പ്പോഴും രാത്രി അമ്മയും അച്ഛനും കിടന്നിരുന്നത് അതിനു മുകളില്‍ ആയിരുന്നു. അന്നത്തെ ബാല പ്രസിദ്ധീകര ണങ്ങളും ലൈബ്രറി പുസ്തകങ്ങളും പില്‍ക്കാലത്ത് മനോരമയും സിനിമാ പ്രസിദ് ധീകരണങ്ങളായ നാനയും ഫിലിം മാഗസിനും ഞാന്‍ വായിച്ചിരുന്നത് ഇതേ ആട്ടുകട്ടിലില്‍ മടക്കി വെച്ച കോസറി മേല്‍ തല വെച്ചു കിട ന്നുകൊണ്ടായിരുന്നു.
              ആ ആട്ടുകട്ടിലില്‍ കിടന്നാല്‍ ജനലഴികള്‍ക്കിടയിലൂടെ 'വടക്കേലെ' തൊട്ടടുത്തുള്ള പാമ്പിന്‍ കാവിന്‍റെ ഉയര്‍ന്ന ഭാഗം കാണാം.ശീമക്കൊന്നകള്‍ നിരക്കെ വളര്‍ന്നു നില്‍ക്കുന്ന വടക്കേ 'എത'യ്ക്കപ്പുറം     നടുക്കിലില്ല ത്തേയ്ക്കുള്ള വഴിയാണ്.ശീമ കൊന്നത്തലപ്പിനും മുകളിലൂടെ ഉയര്‍ന്ന ആ പാമ്പിങ്കാവിന്‍റെ ദൃശ്യം ഏതൊക്കെ യോ പ്രത്യേകമായ അനുഭൂതിവിശേഷങ്ങള്‍ എനിക്കു പകര്‍ന്നു തരുമായിരുന്നു.ആ പാമ്പിന്‍ കാവിനു മുകളി ലൂടെ മഴക്കാലത്ത് ഞാന്‍ പെയ്ത്തു തുള്ളികള്‍ വീഴുന്ന ദൃശ്യം നോക്കി അങ്ങനെ എത്രയെത്ര പ്രാവശ്യം ഇരുന്നിട്ടുന്ടെന്നോ ! ഒപ്പം തൊട്ടരികില്‍ വളര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകളില്‍ തട്ടി ചിതറി തെറിച്ചു വീഴുന്ന മഴതുള്ളികള്‍ താഴെ മുറ്റത്ത് മണലില്‍ ഉണ്ടാക്കുന്ന  കുഴികള്‍ നോക്കിയങ്ങനെ ഞാന്‍ നില്‍ക്കുമായിരു ന്നു !
             ആ ആട്ടുകട്ടില്‍ ഇന്നും ഉണ്ട്. ചലനമറ്റ് ! നിലം തൊട്ട് ! ഏതോ ആശാരി നാലുകാലുകള്‍ വെച്ചു കൊടുത്ത അതേ ആട്ടുകട്ടിലില്‍ കിടന്നാണ് അമ്മ ഇന്നും ഉറങ്ങാറുള്ളത്. 

Friday, October 12, 2012

പൊട്ടിപ്പൊളിഞ്ഞ ഒരു പൂമുഖം : നേരിയ വെളിച്ചം മാത്രമായ ഓര്‍മകള്‍

     നിലമാകെ  പൊട്ടിപ്പൊളിഞ്ഞ ഒരു പൂമുഖം.അതിനോട് ചേര്‍ന്ന് തെക്കു ഭാഗത്ത് ഒരു മച്ച്; വടക്കുഭാഗത്ത് പുറത്താളവും. അവയുടെ മുന്‍പില്‍ പഴയ നാലിറയത്തിന്‍റെ ബാക്കിയായി കിഴക്കു ഭാഗത്ത് ഇറയങ്ങള്‍.
     എപ്പോഴൊക്കെയോ ആ പൂമുഖത്ത് മുത്തപ്ഫന്‍റെ നാമജപം മുഴങ്ങി കേട്ടിരുന്ന ഒരു ചെറിയ ഓര്‍മ്മ.ആ പുറത്താളം പോലെ ഓര്‍മകളിലേയ്ക്കും  നേരിയ വെളിച്ചം മാത്രമാണു  കടന്നു വരുന്നത് ! മുത്തപ്‌ഫന്‍ എല്ലാ ദിവസവും അവിടെയുണ്ടായിരുന്നില്ല. ചാഴൂര്‍ കോലോത്തു നിന്നു വന്ന ദിവസങ്ങളില്‍ 'ശംഭോ മഹാദേവാ' എന്നു ജപിച്ചുകൊണ്ടു ഭസ്മം നനച്ചു കുറിയിട്ട ശേഷം ശ്രീലാകത്തേയ്ക്കു  നടന്നു വരുന്ന ഒരവ്യക്തരൂപം ! അദ്ദേഹം മരിച്ചത് എങ്ങനെയായിരുന്നു?! പിണ്ടസ്സദ്യയുടെ അന്ന് ആ പൂമുഖം അവിടെയുണ്ട് .എന്നാണ് അതു പൊളിച്ചു പോയത് ?! അദ്ദേഹം മരിച്ച ശേഷം ഏറെക്കാലം ഇല്ല ! അവിടെ മച്ചിന്നകത്ത് അച്ഛന്‍ നിര്‍മിച്ച കളിമണ്‍ വിഗ്രഹങ്ങള്‍. അവ യ്ക്കു നിറം നല്‍കാന്‍ അച്ഛന്‍ വാങ്ങി വെച്ച നീലയും മഞ്ഞയും ചുവപ്പും ഒക്കെയായ പെയിന്റ് ഡപ്പികള്‍. കിരീടവും വളകളും നിറം കൊടുക്കാന്‍ പെയിന്റിനോടൊപ്പം വാങ്ങിക്കുന്ന 'സ്വര്‍ണ്ണത്തരി'കളും ! ഒന്നോ രണ്ടോ സ്റെപ്പുകള്‍ കയറി വേണമായിരുന്നു മച്ചി നകത്തേ  യ്ക്കു  പ്രവേശിക്കാന്‍. ഇരുള്‍ നിറഞ്ഞ ആ മച്ചിന്നകത്തിരുന്ന് അച്ഛന്‍ മഹാബലിയുടെ രൂപം  ഏറെക്കുറെ  പൂര്‍ത്തിയാക്കിയതായിരുന്നു .ആ നിര്‍മ്മാണവേളയില്‍ അടുത്തുള്ള ഏതോ കരിങ്കണ്ണന്‍ അതോ കരിങ്കണ്ണിയോ അവിടെയ്ക്കു കടന്നു വന്നു . ആ നാക്കില്‍ കടന്നു വന്നത് വികടസരസ്വതിയും.അച്ഛന്‍ മനം മടുത്ത് ആ പ്രതിമാ നിര്‍മ്മാണം അവസാനിപ്പിച്ചതിന്‍റെ ഒരു ചെറിയ ഓര്‍മ്മക്കീറു മാത്രമാണിപ്പോള്‍ ഈ മനസ്സില്‍ വന്നു വീഴുന്നത്! കളിമണ്ണൊക്കെ മുഴുവന്‍ നിലം പൊത്തി.എന്നാല്‍ അച്ഛന്‍ പിന്നീട് ഒരു വെണ്ണക്ക്കൃഷ്ണനെ നിര്‍മ്മിച്ചു.ഒരു തടിയന്‍ കണ്ണന്‍.അച്ഛന്‍ കുറെയധികം കളിമണ്‍ വെണ്ണ കണ്ണന് അന്ഗോപാംഗം  കൊടുത്തു !!! ആ തടിച്ച രൂപത്തെക്കുറിച്ച് അമ്മാത്തെ ഏട്ടന്‍മാര്‍ കമന്റ്‌  ചെയ്യാറുണ്ടായിരുന്നു. പട്ടേരില്ലത്തെ  കുഞ്ച്വേട്ടന്‍ തന്നെപ്പോലുള്ള ഒരു ശ്രീകൃഷ്ണനെ ഉണ്ടാക്കി എന്നോ മറ്റോ ആയിരുന്നു അത് ! ആ കൃഷ്ണന്‍  മാത്രമാണ്  ഇന്നു കൂടെയുള്ളൂ .
        പുറത്താളത്തിലേയ്ക്ക് വളരെ ചുരുങ്ങിയ അവസരങ്ങളിലേ കടന്നു ചെന്നിട്ടുള്ളൂ.അവിടെ ചുമരില്‍ ചില ഫോട്ടോകള്‍ തൂങ്ങിക്കിടന്നിരുന്നു.കുടുമ്മ വെച്ച അതിലൊരു രൂപം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ എന്ന് അതാരാ എന്ന മട്ടിലുള്ള  അന്നത്തെ എന്‍റെ ബാലകൌതുകത്തിനുള്ള ഉത്തരം കിട്ടിയതും  വളരെ അവ്യക്തമായി ഞാന്‍ ഓര്‍മ്മിക്കുന്നു. ആ ചുവരുകളില്‍ ഒന്നില്‍ പിച്ചള കൊണ്ടു കെട്ടിയ  ഒരു പോത്തിന്‍കൊമ്പ്‌ തൂങ്ങിക്കിടന്നിരുന്നു. കാട്ടു പോത്തിന്റെ കൊമ്പാണ് അതെന്നാണ്‌ അന്നെനിക്ക് കിട്ടിയ മറ്റൊരു ഉത്തരം ! എങ്ങനെ ഒരു വന്യജീവിയുടെ കൊമ്പ് അവിടെ കിട്ടാനിടയായി എന്നൊന്നും അന്നു ഞാന്‍ ചോദിക്കുകയുണ്ടായിട്ടില്ല. ഞാന്‍ ഒരു നിഷ്കളങ്കനായ  ബാലന്‍ ആയിരുന്നല്ലോ !    

Wednesday, October 10, 2012

മൂല്യവത്തായ കഥകള്‍


          മൂല്യവത്തായ കഥകള്‍ 

     വിദ്യാഭ്യാസം മനുഷ്യനെ സംസ്കാരസമ്പന്നനാക്കുമെന്നാണ്  പൊതുവേ നമ്മുടെ വിശ്വാസം. എന്നാലത് ഏതു തരത്തിലുള്ള വിദ്യാഭാസത്തിനും സാധിക്കുന്ന കാര്യമാണോ ?! അല്ല എന്ന് ഒറ്റ വാക്കിലിതിനുത്തരം പറയാം. എന്നാലതെന്തു കൊണ്ടാണെന്നു പറയുമ്പോഴേ ആ ചോദ്യം നമ്മെ ശരിയായ പ്രശ്നത്തിലേയ്ക്കു നയിക്കുകയുള്ളൂ. നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായത്തിന്‍റെ  അപര്യാപ്തതകളെക്കുറിച്ച് അല്പമെങ്കിലും ബോധാവാന്മാരാകാനതു സഹായിച്ചേക്കും. 
          കേവലം വിജ്ഞാനവിതരണം മാത്രം നല്കുന്ന ഒന്നായി ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം അധ:പതി ച്ചിട്ടു കാലം കുറച്ചായി.പരീക്ഷയ്ക്ക് എഴുതിവെയ്ക്കാനുള്ള കാര്യങ്ങളായാണ് ഇന്നു മാനുഷിക മൂല്യങ്ങളെ ക്കുറിച്ചുള്ള ബോധനം കൂടി നിര്‍വഹിക്കപ്പെടുന്നത് ഗുണപാഠം പറഞ്ഞു കൊടുക്കുന്നതോടെ അധ്യാപകര്‍ ത ങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞെന്ന നാട്യത്തില്‍ ആണ് ! മാത്രമല്ല മൂല്യവത്തായ കഥകള്‍ അവതരിപ്പിച്ചത് കൊണ്ട് മാത്രം എല്ലാം ആയെന്ന ധാരണയും ഉണ്ടു പലര്‍ക്കും വാസ്തവത്തില്‍ കുട്ടികളില്‍ സദാചാരമൂല്യ ങ്ങള്‍ വളര്‍ത്താന്‍ കഥകള്‍ വളരെ നല്ല ഉപാധി തന്നെയാണ്. എന്നാല്‍ അവ വേണ്ട വിധം അവതരിപ്പിക്കപ്പെ ടണം.ഷൊര്‍ണൂരിലെ പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ. ആനന്ദ് മോഹന്‍ ഇക്കാര്യത്തില്‍ തന്‍റെ  അനുഭവം ഇങ്ങനെ പറയുകയുണ്ടായി. അദ്ദേഹം ഒരിക്കല്‍ കണ്ണൂര്‍ ജില്ലയിലെ ഒരു ദുര്‍ഗുണപരിഹാരപാഠശാലയിലെ അന്തേവാസികള്‍ക്കായി ക്ലാസ് എടുക്കാന്‍ പോയി.ക്ലാസ്സിനു ശേഷം "നിങ്ങള്‍ക്ക് ഇവിടെ നിന്നു പുറത്തു പോ യാല്‍ എന്തു ചെയ്യാനാണ് ആഗ്രഹം ?" എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നത്രേ : എന്തു  കുറ്റത്തിനാണോ അവര്‍ പിടിക്കപ്പെട്ടത് ആ കുറ്റങ്ങള്‍,ഇനി പിടിക്കപ്പെടാത്ത വിധം ചെയ്യാന്‍ കഴിയണം എന്നാ യിരുന്നുവത്രേ !  ഡോക്ടര്‍ അവിടെ ക്ലാസ് സംഘടിപ്പിച്ച സ്ഥലത്തെ സത്യസായിസംഘടനാപ്രവര്‍ത്തകരോട്  ആഴ്ചയില്‍ ഒരിക്കല്‍ ആ കുട്ടികള്‍ക്കായി കഥകള്‍ പറഞ്ഞു കൊടുക്കാന്‍ നിര്‍ദ്ദേശം കൊടുത്താണ് മടങ്ങിയത് . പിന്നീട് ഒരു വര്‍ഷത്തിനു ശേഷം അതേ കുട്ടികള്‍ക്കായി ക്ലാസ് എടുക്കനെത്തിയ ഡോക്ടര്‍ ചോദ്യം ആവര്‍ത്തിച്ചു. അദ്ദേഹത്തിന് കിട്ടിയ മറുപടി "എനിക്ക് മഹാത്മാഗാന്ധി ആകണം" ; "എനിക്ക്  സ്വാമി വിവേ കാനന്ദനെപ്പോലെയാകണം" എന്നൊക്കെ ആയിരുന്നുവത്രേ ! അദ്ദേഹത്തെപ്പോലുള്ള മൂല്യാധിഷ്ടിത വിദ്യാഭ്യാ സപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് അതാണ്‌ : കഥകള്‍ തന്മയത്വത്തോടെ  കുട്ടികള്‍ക്കു മുന്‍പാകെ അവതരിപ്പിക്കുക ; അവയിലെ മൂല്യങ്ങള്‍ കുട്ടികള്‍ തനിയെ സ്വാശീകരിച്ചു കൊള്ളും എന്ന് . മാത്രമല്ല ഗുണപാഠം കഥാന്ത്യത്തില്‍ പറഞ്ഞു കൊടുക്കുന്നതോടെ അതിന്‍റെ ഫലം ഇല്ലാതാവും എന്നു കൂടിയത്രേ ! 

കണ്ണന്‍ കോത്തായി



                                                                                                                                                                    കണ്ണന്‍ കോത്തായി 
        വെങ്കിടങ്ങില്‍ ഒരു കണ്ണന്‍ കോതതായിയെക്കുറിച്ചുള്ള കഥകള്‍ കേട്ട് കൊണ്ടാണ് ഞാന്‍ ബാല്യം പിന്നിട്ടത്. കണ്ണന്‍ കോതതായി ഒരു പേടിപ്പിക്കുന്ന മിത്തായി ഞങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു.പടിഞ്ഞാറില്ലത്തു വെച്ചാണ് ഈ കണ്ണന്‍ കോത്താ യിയെക്കുറിച്ചു ഞാന്‍ കേട്ടതെന്നു തോന്നുന്നു .ഇന്നും ആ പേരോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു വരുന്നത് പടിഞ്ഞാറില്ലത്തെ വടക്ക്വോറത്തെ മുറ്റവും മറ്റുമാണ്. ഭാനുവും അനിലയും ഒക്കെ എന്നോടൊപ്പം നില്‍ക്കുന്ന ഒരവ്യക്തചിത്രം ! 
            ഭാനു പടിഞ്ഞാറില്ലത്തെ പണിക്കാരിയായിരുന്നു. അനില എന്‍റെ  ഏട്ടന്‍റച്ഛന്‍റെ മകളാണ്. എന്‍റെ അനിയത്തി.ഞങ്ങളുടെ ബാലമനസ്സുകളില്‍ സ്വാഭാവികമായും ഭയത്തിന്‍റെ വിത്തുകള്‍ വിതയ്ക്കാന്‍ വേലക്കാരി എന്ന നിലയില്‍ ഭാനു തന്‍റെ വര്‍ഗസ്വഭാവം കൃത്യമായി പ്രകടിപ്പിച്ചു എന്നു പറയുന്നതാണ് ശരി !
                                                                                                                                  കണ്ണന്‍ കോത്തായി വെങ്കിടങ്ങിലെ നാട്ടു പാതകള്‍ പിന്നിട്ടു നടക്കാറുണ്‍ടായിരുന്ന ദിവ്യ പരിവേഷമുള്ള വ്യക്തിയായിരു ന്നോ എന്നൊന്നും ഞാന്‍ ഒരിക്കലും അന്വേഷിക്കുകയുണ്ടായിട്ടില്ല. ചോദിച്ചാല്‍ വല്യേട്ടന്‍ പറഞ്ഞു തരുമായിരിക്കും !             
                                                                         





പിന്നീടാണ് ഈ കൊത്തായി എന്നാല്‍ ഗോസായി ആണ് എന്നറിയുന്നത്. ഗോസായി എന്നാല്‍സന്ന്യാസി. ഈ സന്ന്യാസിയായ ഗോസായി എങ്ങനെയാണ് ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഭീതിദമായ ചിത്രമായി സ്ഥാനം പിടിച്ചതെന്നറിയില്ല. ഒരു പക്ഷെ ഇന്നത്തെ കള്ളസ്സന്ന്യാ സിസിമാരുടെ പൂര്‍വികനായിരുന്നോ ഈ കണ്ണന്‍ കോത്തായി ?! എനിക്കിന്നും അറിയില്ല !

Tuesday, October 9, 2012

ഇന്നത്തെ വിദ്യാഭാസം

        സമൂഹത്തില്‍ നന്മകളുടെ ബീജാവാപം സാധിക്കണമെങ്കില്‍ വിദ്യാഭ്യാസപ്രക്രിയ വളരെ ഫല വത്തായ രീതിയില്‍ അനുസ്യൂതമായി നടക്കേണ്ടതുണ്ട്. ഇന്നോളം  നമ്മുടെ സംസ്ഥാനത്ത്  ആ തര ത്തില്‍ ഒരു വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലായിട്ടില്ല എന്നതാണ് വാസ്തവം . കുട്ടികളില്‍ മൂല്യങ്ങ ള്‍ വേരുറയ്ക്കണമെങ്കില്‍ അവര്‍ക്കു മുന്നില്‍  അനുകരണീയമായ മാതൃകകള്‍ ഉണ്ടായിരിക്ക്കണം . നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ തിരക്കു  പിടിച്ച ജീവിതത്തിനിടയില്‍ അച്ഛനമ്മമാര്‍ക്ക് അവരവരുടെ കുഞ്ഞുങ്ങളെ നേര്‍വഴിക്കു നയിക്കാന്‍ കഴിയാറുണ്ടോ ?! 
        അധ്യാപകര്‍ക്കോ ? സിലബസ്സിന്‍റെ എടുത്താല്‍ തീരാത്ത ചുമടെടുപ്പിനിടയില്‍  കുട്ടികള്‍ മൂല്യങ്ങള്‍ സ്വാംശീകരിക്കണമെങ്കില്‍ അധ്യാപകര്‍ ചില്ലറ പണിയൊന്നും എടുത്താല്‍ പോരാ ! അവര്‍  നടപ്പിലും ഉടുപ്പിലും ഒക്കെ ശ്രദ്ധിക്കണം ! ആളുകള്‍ അവരെ ശ്രദ്ധിക്കുന്നതല്ലേ ? എന്നാല്‍ അവര്‍ക്കുണ്ടോ വല്ല കുലുക്കവും. അവരില്‍ പലരും സിഗരറ്റ് കുട്ടികള്‍ കാണ്‍കെ വലിച്ചു തള്ളും ; കുട്ടികളോട് നുണ പറയരുതെന്ന് ഉപദേശിച്ച ശേഷം 'ത്രെ' എന്ന് കൂട്ടിച്ചേര്‍ക്കും ! അവര്‍ക്കേ അവര്‍ എത്ര നുണ പറഞ്ഞാണ് വീട്ടിലും നാട്ടിലും സ്കൂളിലും പിടിച്ചു നില്‍ക്കുന്നത് എന്ന്. എങ്കിലും ഉപടെഷിക്കാതെ പറ്റുമോ ! ഒരു ശീലമായിപ്പോയില്ലേ !!!