Saturday, October 27, 2012

മണലും മണലാടിയും !

                              കടലും കടലാടിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ലല്ലോ ! ഇതു പോലെ ചില സ്ഥലങ്ങളുണ്ട്.പേരും സ്ഥലനാമവും തമ്മില്‍ എന്തെങ്കിലും ബന്ധം കണ്ടെത്താന്‍ വരുന്ന ഗവേഷകരെ തോല്പ്പിച്ചോ  ടിക്കുന്ന സ്ഥലങ്ങള്‍ ! ചേലക്കരയുടെ കാര്യത്തില്‍ ഉടുക്കുന്ന ചേലയുമായി എന്തെങ്കിലും ബന്ധമുള്ളതായി ആരെങ്കിലും കരുതുന്നുണ്ടോ ? ചില ചെട്ട്യാന്മാര്‍ ഉള്ളതിനാല്‍ ചെറിയ പുലബന്ധം അവകാശപ്പെടാം എന്നല്ലാതെ പ്രത്യേകിച്ചൊരു വസ്ത്ര നിര്‍മ്മാണ പാരമ്പര്യമൊന്നും ഈ സ്ഥലത്തിനില്ല .പുലബന്ധമില്ലെങ്കില്‍പ്പിന്നെ  നൂല്‍ബന്ധമില്ലാതെ  നില്‍ക്കുന്നവരാണോ  ഇവിടത്തുകാര്‍ എന്നൊന്നും ചോദിക്കരുതേ ! ശരിയായ പുലബന്ധം  ചേലയെന്ന മരവുമായിട്ടാണ്. പണ്ട് ചേലമരങ്ങള്‍ നിറയെ വളര്‍ന്നു നിന്നിരുന്ന പ്രദേശമായിരുന്നത്രേ ഈ സ്ഥലം .ഈ സ്ഥലത്തിനോടു ചേര്‍ന്നു  കിടക്കുന്ന ചേലക്കോട് എന്ന പ്രദേശത്തൊരിടത്ത് ആലിന്‍റെ കുടുംബത്തില്‍ പെടുന്ന ഈ മരം ഞാന്‍ കണ്ടിട്ടുണ്ട്.          
                         തുടങ്ങിയത് കടലും കടലാടിയും എന്നാണല്ലോ.ഇതേ പോലെ പരസ്പരബന്ധമില്ലാത്ത ഒരു ജോഡിയിലെ സ്ഥലനാമം മാത്രം  ഞാന്‍ ആദ്യം പറയാം . മണലാടി ! കേട്ടിട്ടുണ്ടോ ഇങ്ങനെയൊരു സ്ഥലനാമം ?! കണ്ടിട്ടുണ്ടാവാം നിങ്ങളില്‍ ചിലരെങ്കിലും ഈ സ്ഥലം . എന്തായാലും മണലും മണലാടിയും തമ്മില്‍  എന്തു ബന്ധമാണുള്ളത് എന്നൊന്നു ചിന്തിച്ചു നോക്കൂ . 
    
                     തന്നിരിക്കുന്ന  പ്രാദേശികഭൂപടങ്ങളില്‍ കാണുമ്പോലെ വടക്കാഞ്ചേരിയില്‍ നിന്നു ഷൊറണൂര്‍ക്കു  പോകുമ്പോള്‍ മുള്ളൂര്‍ക്കരയെത്തും മുന്‍പേ ഒരു ജങ്ങ്ഷനുണ്ട്.വാഴക്കോട്. അവിടെ നിന്നാണു  ചേലക്കര ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ വലത്തോട്ടുള്ള റോഡിലൂടെ  തിരിഞ്ഞു  പോകേണ്ടത്.  അവിടെ നിന്നു പഴയ ഭാഷയില്‍ സുമാറൊരു രണ്ടു മൂന്നു  നാഴിക കൂടി പോയാല്‍ മണലാടിയായി. 
                              
ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകളുടെ ഭാരം :ചുമടുതാങ്ങികള്‍ 
പഴയ കാലഘട്ടത്തിന്‍റെ  ഏതൊക്കെയോ ഓര്‍മ്മകള്‍ പേറുന്ന ഒരു ചുമടുതാങ്ങി ഇപ്പോഴും അവിടെയുണ്ട്. പഴയ കാലത്ത് നെല്ലിന്‍ ചാക്കേറ്റി വഴിയൊരു പാടു നടന്നു വന്നിരുന്ന ചുമട്ടുകാരുടെ ദീര്‍ഘനിശ്വാസങ്ങള്‍ എത്ര കേട്ടിരിക്കുന്നു ആ ചുമടുതാങ്ങി ! അവരുടെ എത്ര വിയര്‍പ്പു കണങ്ങള്‍ മണ്ണിലുതിര്‍ന്നു വീഴുന്നത് ആ ചുമടുതാങ്ങി  നോക്കി നിന്നിരിക്കുന്നു ! ചുമടു താങ്ങിക്കു തണലേകി കൊണ്ടൊരു പ്ലാവു നിന്നിരുന്നു . 

മണലാടിയിലെ  ചുമടുതാങ്ങി 
                   റോഡിന്‍റെ തെക്കുവശത്ത്  ഉമ്മറിന്‍റെ പെട്ടിക്കട . വടക്കു ഭാഗത്ത് ഒരു നസ്രാണിയുടെ പല ചരക്കുകടയും. ഇത്രയുമായിരുന്നു കാല്‍ ശതാബ്ദത്തിലേറെ മുന്‍പു വരെ അവിടത്തെ വാണിജ്യകേന്ദ്രങ്ങള്‍ ! അവിടെ ബസ്സിറങ്ങി നടക്കും പാഞ്ഞാള്‍ നിവാസികള്‍ ! അതിരാത്ര ഭൂമിയിലെയ്ക്കെത്താന്‍ പുറമെയുള്ളവരും   'നടരാജ മോട്ടോഴ്സി'നെത്തന്നെ ശരണം പ്രാപിച്ചു വന്നു അന്നൊക്കെ ! എനിക്ക് ഓര്‍മ്മ വെയ്ക്കുമ്പോള്‍ മണലാടി  ബസ്സിറങ്ങി പാഞ്ഞാള്‍ക്കെത്താന്‍ എത്തിച്ചു റോഡുണ്ട്.പൊടി പറത്താത്ത തനി ചെമ്മണ്‍പാത ! എങ്ങനെ പൊടി പറത്തും, ബസ്സുകളോ മറ്റെന്തെങ്കിലും വാഹനമോ ഓടിയെങ്കിലല്ലേ  !! മണലാടിക്കും പാഞ്ഞാളിനും ഇടയ്ക്കുള്ള പാടത്തു കൂടി പാത വെട്ടാന്‍ മുന്നിട്ടിറങ്ങിയത് എന്‍റെ  അമ്മാമന്‍ കുഞ്ഞുണ്ണി നമ്പൂതിരി ആയിരുന്നു.അതില്‍ പിന്നീട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്   'കേബീയെന്‍' ഓടാന്‍ തുടങ്ങിയത്. ഷൊറണൂരു നിന്ന് പാഞ്ഞാള്‍ വഴി എളനാട്ടേയ്ക്കു പോകുന്ന ബസ്സ്‌ . ഒരു ഒരിരുപത്തിയഞ്ചോ ഇരുപത്തേഴോ  കൊല്ലങ്ങള്‍ക്കു  മുന്‍പ്.

പാഞ്ഞാള്‍  റോഡ്‌ 
                          'മണലാടി'..'മണലാടി '..തിരുവില്വാമല 'രാജി'ലെയും 'മായ'യിലെയും  മറ്റും മറ്റും കണ്ടക്ടര്‍മാര്‍ ഉറക്കെ വിളിച്ചു പറയും . തൃശൂര്‍ ജില്ലയിലെ മണലൂരിനടുത്തു മണല്‍ പ്രദേശമായ വെങ്കിടങ്ങില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ആ പേര് അന്നൊക്കെ എന്തൊരു കൌതുകമായിരുന്നെന്നോ ! ഒരു തരി പോലും മണലില്ലാത്ത മണലാടി ! മണലാടുകയോ ?! വേണമെങ്കില്‍ കൊത്തങ്കല്ലാടാം ! ഇഷ്ടം പോലെ കല്ലിന്‍ കഷണങ്ങള്‍ ആ ചെമ്മണ്‍ പാതകളില്‍ കിടന്നിരുന്നു. നല്ല എണ്ണയിട്ടു മിനുക്കിയാലെന്ന പോലെ കീടക്കല്ലുകളും . പക്ഷെ ആവശ്യക്കാര്‍ക്ക് നേരാം വഴിക്കുള്ള മണലുമായി വാടകലോറികള്‍ അപൂര്‍വ്വം  കടന്നു പോകുമായിരുന്നിരിക്കണം എന്നല്ലാതെ മണലുമായി ഒരു ബന്ധവുമില്ലാത്ത പ്രദേശം . എനിക്കു ചിരി വരാതിരിക്കുമോ ! എന്‍റെ അമ്മാത്തേയ്ക്കു പോകാന്‍ ബസ്സിറങ്ങേണ്ട സ്റ്റോപ്പിനെക്കുറിച്ച് അന്യേട്ടനും കുഞ്ഞ്യേട്ടനും ഒരിക്കല്‍ കളിയാക്കി ചിരിച്ചതില്‍ തെറ്റുണ്ടോ !!! പക്ഷെ എനിക്ക് അങ്ങോട്ടും കളിയാക്കാന്‍ വഹയുണ്ടായിരുന്നു എന്നു പിന്നെയും  കുറേ കാലം കഴിഞ്ഞല്ലേ ഞാന്‍ മനസ്സിലാക്കുന്നത് !!!
                           എന്‍റെ  ഏട്ടന്‍റച്ഛന്‍റെ മക്കള്‍ . അന്യേട്ടനും കുഞ്ഞ്യേട്ടനും . വല്യച്ഛന്‍ വേളി കഴിച്ചത്‌ ഓക്കിയില്‍ നിന്ന് .രണ്ടാമത്തെ വേളി ! ആദ്യ വേളിയിലുണ്ടായ 'വല്യേട്ട'ന്‍റെ  അമ്മ മരിച്ചപ്പോള്‍ അദ്ദേഹം വീണ്ടും വെട്ടു .ഷൊറണൂര്‍ മുണ്ടായ 'പെരുമന'ത്തെ മരുമഹളായ പാപ്തി അന്തര്‍ജനത്തെ ! എന്‍റെ ഏട്ടന്‍റമ്മയെ.  ഏട്ടന്‍റമ്മയുടെ അനിയത്തിയെ പാഞ്ഞാള്‍ക്കാണു 'കൊടുത്തത്'.'കൈപ്പഞ്ചേരി'ക്ക് ! എന്‍റെ വഹയിലൊരമ്മാമിയാണവര്‍. . അപ്പോള്‍ എന്‍റെ അമ്മാത്ത് കൈപ്പഞ്ചേരി മന;.ഏട്ടന്മാരുടെ ഇച്ചമ്മയുടെ അഥവാ എന്‍റെ ആ വഹയിലുള്ള അമ്മാമിയുടെ   തറവാടും കൈപ്പഞ്ചേരി മന ! 
                                ഞാന്‍ ആ സ്ഥലപ്പേരിന്‍റെ പേരിലുള്ള കൌതുകം അറിയാതെ ഇന്നും മനസ്സില്‍ കൊണ്ടു നടക്കുന്നതിനാലാവാം ഇത്രയും കാര്യങ്ങള്‍ ഇപ്പോള്‍ പങ്കു വെച്ചത്. എടീ മണലാടീ , നിനക്കീ പേരെങ്ങനെ കൈവന്നു എന്നു ചിന്തിച്ചു പോകുന്നത് !!!


 
സമീപപ്രദേശത്തെ ഏറ്റവും വലിയ
പന്തല്‍പ്പണി ക്കാരായ പാഞ്ഞാള്‍
വീരമണിയുടെ കട .
**********************************************************************************************************************************
കാലം മണലാടിക്കും വരുത്തിയ മാറ്റങ്ങള്‍ ചില്ലറയല്ല . അവിടെ ഇപ്പോള്‍ വലിയ വ്യാപാരസ്ഥാപനങ്ങള്‍ പലതും വന്നു കഴിഞ്ഞു. പഞ്ഞാള്‍  റോഡിനോടു ചേര്‍ന്ന്  യാത്രക്കാരെ പ്രതീക്ഷിച്ച്‌  ഓട്ടോറിക്ഷകള്‍  കിടക്കുന്നുണ്ടിപ്പോള്‍ .പാഞ്ഞാള്‍ റോഡിനോടു ചേര്‍ന്നുള്ള  പഴയ വി ഇ ഓ ഓഫീസിനോ ഓട്ടോ റിക്ഷകള്‍ ക്കപ്പുറം കാണുന്ന പഴയ വീടിനോ ഒരു മാറ്റവുമില്ല .

5 comments:

  1. Manalaadi krishnante ambalathil krishnan manalil kalich swayam manalu kond aadarundayirunnathre...angane vannu bhavicha peranathre MANALAADI

    ReplyDelete
  2. ഓ!ഇക്കഥ അറിയില്ലായിരുന്നു. അതേതായാലും നന്നായി. അത് കൊണ്ടല്ലേ എനിക്ക് ഈവിധം എഴുതാന്‍ കഴിഞ്ഞത് ! കൃഷ്ണന്‍ മണ്ണ് സംഘടിപ്പിച്ചത് എവിടെ നിന്നെന്നു ചോദിക്കുന്നില്ല. ഭുവനമഖിലവും വായില്‍ കാട്ടി ക്കൊടുത്തയാളല്ലേ :)

    ReplyDelete
  3. നന്നായിരിക്കുന്നു, കൃഷ്ണകുമാര്‍...ഇനിയും എഴുതുക...:)

    ReplyDelete
  4. നന്നായി, കൃഷ്ണകുമാര്‍....ഇനിയും എഴുതുക...:)

    ReplyDelete
  5. നന്നായി, കൃഷ്ണകുമാര്‍....ഇനിയും എഴുതുക...:)

    ReplyDelete