Tuesday, September 17, 2013

ഓര്‍മ്മയിലെ ഓണത്തുമ്പികള്‍ !

ഓര്‍മ്മയിലെ ഓണത്തുമ്പികള്‍  !


      പൂത്തുമ്പികള്‍ പോലെ തുമ്പച്ചെടികള്‍ തോറും ചടുലതയോടെ പാറി നടന്ന ചില ഓണക്കാലങ്ങള്‍ . ചുവന്നതും കറുപ്പും തവിട്ടും നിറങ്ങളില്‍  ചിറകുകളുള്ള ഒരു പാടെണ്ണം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു .അന്നൊക്കെ പൂക്കള്‍ തലേന്ന് ശേഖരിച്ചു വെയ്ക്കുമായിരുന്നു ! ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട് : അക്കാലത്തെന്നോ വായിച്ച 'ബാലരമ'യില്‍ ആണെന്നു തോന്നുന്നു, രാവിലെ ഉറക്കമുണര്‍ന്ന് പൂക്കള്‍ ശേഖരിക്കുകയും മുറ്റത്തു ചാണകം മെഴുകി പൂവിടുന്നതും ഒക്കെയായിരുന്നു അതിലെ കഥകളില്‍ വായിച്ചിരുന്നത്. എന്നാല്‍ കുഞ്ഞുവീബീയും അനിയത്തി അനിലയും ഒക്കെ ചെയ്യാറുണ്ടായിരുന്നതോ ! സ്കൂള്‍ വിട്ടു വന്നാല്‍ കാപ്പി കുടിച്ച് നേരെ പൂവട്ടിയുമായി ഓടുകയായി. ഓപ്പോള്‍മാര്‍ , അന്യേട്ടന്‍, കരുവന്നൂരെ ഗീത,വിജയന്‍,സജീവ് എന്നിങ്ങനെ ഒരു സംഘം കുട്ടികള്‍ ഞങ്ങളുടെ ഇല്ലപ്പറമ്പില്‍ മത്സരിച്ച് പൂക്കള്‍ ഇറുത്തെടുക്കും. തുമ്പപ്പൂക്കള്‍ ,കാശിത്തുമ്പകള്‍ , കൊങ്ങിണിപ്പൂക്കള്‍ .....ഒപ്പം ചില പേരറിയാപ്പൂക്കള്‍ ... ഒരു ഉരിഗ്ലാസോളം പോന്ന പൂവട്ടികള്‍ ! നാഴി കൊണ്ടേക്കാവുന്നവയും ഇടയ്ക്കെന്നോ കണ്ടതായി ഓര്‍ക്കുന്നു. ചെറുതായാലും വലുതായാലും പൂക്കള്‍ കഴിയാവുന്നത്ര കുത്തി നിറയ്ക്കുമായിരുന്നു.ആരാണവ കൊണ്ടത്തന്നിരുന്നത് ?! 'ഓടക്കുട്ടപ്പ'നായിരുന്ന്വോ  ?! അങ്ങനെയാണ് മങ്ങിയ സ്മൃതിമണ്ഡലത്തില്‍ 'തെളിയുന്നത്' ! ചൂളയില്‍ ചുട്ടു ചുവപ്പന്മാരായ 'തൃക്കാക്കരപ്പ'ന്മാരെ കൊണ്ടു വന്നിരുന്നത് അയാളായിരുന്നു . പൂവട്ടികളോ ? നല്ല ഓര്‍മ്മയില്ല . അച്ഛന്‍ എവിടെ നിന്നെങ്കിലും വാങ്ങിച്ചു തരികയായിരുന്ന്വോ ? എന്തായാലും നീളന്‍ ചരടില്‍ കാട്ടുകൈതയോലകള്‍ കൊണ്ടായിരുന്നു അവ മെടഞ്ഞെടുത്തിരുന്നതെന്ന് തോന്നുന്നു . തഴപ്പായയുടെ അതേ അസംസ്കൃതവസ്തു ഉപയോഗിച്ചായിരുന്നു എന്ന് തീര്‍ച്ച . എന്തൊരു രസമായിരുന്നു അന്നൊക്കെ ! ഇല്ലത്തെയും നടുക്കിലില്ലത്തെയും പടിഞ്ഞാറില്ലത്തെയും തെങ്ങിന്‍ പറമ്പുകള്‍ ഞങ്ങളുടെ വിഹാരരംഗങ്ങളായിരുന്നു . ഇല്ലത്തെ തെക്കേ പ്പറമ്പിന്‍റെ പടിഞ്ഞാറേ വേലിയരിക്കല്‍ നിറയേ കോളാമ്പിച്ചെടികള്‍ പൂത്തു നില്‍ക്കുമായിരുന്നു . അവ പറിച്ചെടുക്കുമ്പോള്‍ ചിലപ്പോള്‍ വെള്ള നിറത്തിലുള്ള കറ കയ്യില്‍ പുരളും . ഒരു തരം രൂക്ഷഗന്ധമാണവയ്ക്ക്. എന്നാലും നിറയേ പൊട്ടിച്ചെടുക്കും . അവ പൂവട്ടികളില്‍ നിറയ്ക്കും . തുമ്പപ്പൂക്കള്‍ നിറയെ ഉണ്ടായിരുന്നത് നടുക്കിലില്ലത്തെ പറമ്പിലായിരുന്നു . അവ ആവേശത്തോടെ പറിച്ചെടുക്കാന്‍ ഞങ്ങള്‍ മത്സരിക്കുമായിരുന്നു. അപ്പോളാണ് ചില ഉറുമ്പുകള്‍ ഞങ്ങളുടെ കൈകളില്‍ കയറിക്കടിക്കുമായി രുന്നതും ഞങ്ങള്‍ 'ശൂ' എന്നു കൈ കുടയുമായിരുന്നതും ! 


അങ്ങനെ വട്ടികള്‍ നിറയുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു വിദ്യയുണ്ട് ! പിറ്റേന്ന് പൂക്കളമിടാന്‍ പൂക്കല്‍ കുറഞ്ഞു പോകരുതല്ലോ ; ഞങ്ങള്‍ പൂവട്ടികളുടെ മുഖം തുമ്പക്കുടം നിറച്ച താളില കൊണ്ടോ എരുക്കില കൊണ്ടോ മൂടിയ ശേഷം അവയുടെ വള്ളിയില്‍  പിടിച്ച് തലയ്ക്കു ചുറ്റുമോ തോളുയരത്തില്‍ ലംബമായിപ്പിടിച്ചോ അവ കറക്കും. വെറുതെ അങ്ങനെ വട്ടം തിരിക്കുകയല്ല ; ഒപ്പം ഒരു പാട്ടങ്ങനെ ഉറക്കെ പാടും !


"കറ്റക്കറ്റക്കയറിട്ടൂ ;
കയറാലഞ്ചു മടക്കിട്ടു;
നെറ്റിപ്പട്ടം  മൊട്ടിട്ടൂ ;
ഇന്നേക്കോ നാളേക്കോ 
മറ്റന്നാളുച്ചയ്ക്കോ 
ഒരു വട്ടീ പ്പൂതാ താ താ താ ! " 


ഇങ്ങനെ ഒരുവട്ടമോ  ഇരുവട്ടമോ  പാടിക്കഴിയുമ്പോഴേക്കും പൂവട്ടികളിലെ പൂക്കള്‍ അമര്‍ന്ന് കുറച്ചു കൂടി സ്ഥലം ഉണ്ടായികഴിഞ്ഞിരിക്കും . വീണ്ടും ഞങ്ങള്‍ സന്തോഷത്തോടെ പൂക്കള്‍ ശേഖരിക്കുകയായി. ഇതിനൊപ്പം ഒരു ആര്‍പ്പു വിളിയുണ്ട് :
ആറപ്പ്വേ)))))))))) പൂയ്... പൂയ് ...പൂയ് !എന്ന് വലിയ വായില്‍ ചിരിയോടെ ഞങ്ങള്‍ മത്സരിച്ച് ആര്‍ത്തു വിളിക്കുമായിരുന്നു . 


കഴിഞ്ഞില്ല ; ഒരിക്കല്‍ എന്‍റെ വല്യച്ഛന്‍റെ മകളായ അനില എന്ന എന്‍റെ ഒരേയൊരു അനിയത്തിയാണ് ആ ഈരടി എനിക്കു പരിചയപ്പെടുത്തിത്തന്നത് : 

" തൃക്കാക്കരപ്പാ പടിക്കലും വായോ ; ഞാനിട്ട പൂക്കളം കാണാന്‍ വായോ ! "


ഇങ്ങനെ ഒരു പാട്ടുണ്ടോ എന്ന് അന്നു ഞാനദ്ഭുതപ്പെട്ടു . ഇങ്ങനെ കുഞ്ഞുവീബീയുടെയും കുഞ്ഞനിലയുടെയും കരുവന്നൂരെ കുട്ടികളുടെയും ഒക്കെ ഈ വിധത്തിലുള്ള ശബ്ദഘോഷങ്ങള്‍ കൊണ്ട്  ഞങ്ങളുടെ ഇല്ലപ്പറമ്പുകള്‍ ശബ്ദ മുഖരിതമാകുന്ന സായാഹ്നങ്ങള്‍ ; അവധി ദിനങ്ങള്‍ . 


ആ ദിനങ്ങള്‍ തിരിച്ചു വരില്ല . ഇന്നത്തെ കുട്ടികള്‍ക്ക് അന്യമായ ഒരു ഓണക്കാലം.  എല്ലാം പക്ഷേ ഓര്‍മ്മത്തുമ്പികളായി ഇന്നും സ്മൃത്യന്തരീക്ഷത്തില്‍ പാറി നടക്കുന്നു. അവയെ ഓര്‍മ്മയുടെ വെയില്‍വെട്ടത്തില്‍ കാണാന്‍ എന്തൊരു സുഖം ! ഞാനിനിയും അവയെ ഇങ്ങനെ കണ്ടു കൊണ്ടിരിക്കും ! നിങ്ങളോ ?! 



<

3 comments:

  1. പ്രിയ വായനക്കാരേ
    നിങ്ങളുടെ വിലയേറിയ അഭിപ്രായം ചുരുങ്ങിയ വാക്കുകളില്‍ എങ്കിലും രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
    Replies
    1. കൃഷ്ണേട്ടാ....ഈ ഓര്‍മ്മകുറിപ്പുകള്‍ എന്‍റെയും കുട്ടികലത്തേക്ക് കൂട്ടികൊണ്ടുപോകുകയാണ്....നല്ല ഓര്‍മ്മകള്‍ മനസ്സില്‍ താലോലിക്കുന്ന എല്ലാവര്‍ക്കും പുറകിലോട്ടു നമ്മള്‍ കടന്നു വന്ന വഴിയിലേക്ക് ഒരു എതിനോട്ടത്തിനു സഹായിക്കും..

      Delete
    2. വളരെ സന്തോഷം ആല്‍വിന്‍

      Delete