Sunday, December 30, 2012

പേരറിയാത്ത അനിയത്തീ, നിന്‍റെ പുനര്‍ജ്ജനി...

      ആദരണീയയായ സുഗതകുമാരി ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ എഴുതിയ പോലെ ആ എല്ലാ അത്യാചാരക്കാരെയും ശപിച്ചു ഭസ്മമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ! യഥാര്‍ത്ഥ പേരിനിയും അറിയാത്ത ആ പാവം തരുണി. ഡിസംബര്‍ പതിനാറാം തീയതി തന്‍റെ കൂട്ടുകാരനോടൊത്ത് സിനിമയ്ക്കു പോകുമ്പോള്‍ എന്തെങ്കിലും അത്യാഹിതം തനിക്കുണ്ടാകുമെന്നു അറിയാതെ പോലും ചിന്തിച്ചിരിക്കില്ല. അയാളോടൊപ്പം കളിചിരികളില്‍ മുഴുകി സിനിമ ആസ്വദിച്ചിരിക്കാം അവള്‍. ..പാവം. എത്ര മാത്രം വേദന സഹിച്ചിരിക്കും അവള്‍. ആറു പേരടങ്ങുന്ന ആ നരാധമന്മാര്‍ മാറി മാറി തന്നെ ബലാല്‍സംഗം ചെയ്യവേ . ഈശ്വരാ, ഞാനറിയാത്ത ഒരു അനിയത്തി. രണ്ടു കൊല്ലമായില്ല ഇത് പോലെ മറ്റൊരു പെങ്ങള്‍ .. അതെ സൌമ്യ ..അവളുടെ ദയനീയമായ മരണവും ഏറെ ഞെട്ടലുണ്ടാക്കി. ആ അലകള്‍ അടങ്ങിയിട്ടില്ല. ആ ക്രൂരനായ നര പിശാച് ഗോവിന്ദച്ചാമി കോഴിക്കറിയും ചപ്പാത്തിയും മീനും ഒക്കെ ക്കഴിച്ച് അയാളുടെ നാട്ടിലെ സിനിമാതാരം ധനുഷിന്‍റെ ഗ്ലാമറോടെ പശ്ചാത്താപത്തിന്‍റെ കണിക പോലുമില്ലാതെ ജയിലറയില്‍ സുഖമായി വാഴുന്നു.
ഇനി ആ പാവം ലൈംഗിക രക്തസാക്ഷിയായ ജ്യോതി അല്ലെങ്കില്‍ നിര്‍ഭയ അല്ലെങ്കില്‍ ദാമിനി.... അതെ പലപേരുകളില്‍ അവളെ ഇന്നു മനസ്സാക്ഷി മരവിക്കാത്തവര്‍ വിളിക്കുന്നു,അവളെ പിച്ചിച്ചീന്തിയ ആ കിരാതരില്‍ ഒരാള്‍ "എന്നെ തൂക്കിലേറ്റൂ" എന്നു പശ്ചാത്താപതോടെ അപേക്ഷിച്ചതായി കേട്ടു. ശരിയോ തെറ്റോ എന്നറിയില്ല. മറ്റുള്ളവരോ ?! അവര്‍ക്ക്‌ അതിവേഗക്കോടതി എന്തു ശിക്ഷ വിധിക്കും ?! എത്രമാത്രം വേഗം ഉണ്ടാവും ശിക്ഷാവിധി പ്രസ്താവിക്കാന്‍ ?! സൌമ്യയുടെ കാര്യത്തിലെന്ന പോലെ കുറ്റവാളിയെ സഹായിക്കാന്‍ പണമൊഴുക്കാന്‍ ലീഗല്‍ കുറ്റവാളികള്‍ മുന്നോട്ടു വരില്ലെന്നുറപ്പുണ്ടോ ?!
എന്തു ശിക്ഷയായിരിക്കും ഇവര്‍ക്കു കൊടുക്കാന്‍ ഉചിതമായത് ?! വധശിക്ഷ മതിയോ ?! അതോ ഏതാനും നിമിഷം കൊണ്ടു പിടഞ്ഞു തീരുന്ന തൂക്കിക്കൊലയില്‍ അവസാനിപ്പിക്കാമോ അവരുടെ ശിക്ഷ ?!ചെയ്ത തെറ്റില്‍ നീറി നീറി മരിക്കും വിധം എന്തു ശിക്ഷ അവര്‍ക്കുറപ്പാക്കേണ്ടതുണ്ട് ?! എന്നിങ്ങനെയുള്ള ചിന്തകളിലൂടെയാണ് എന്‍റെ മനസ്സ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഞാന്‍ ഒന്നിനും അധികാരമില്ലാത്ത ഒരു കേവലനായ പൌരന്‍ മാത്രം. പക്ഷെ ആ പാവം പെണ്‍കൊടിയെക്കുറിച്ച് നീറുന്ന മനസ്സ്‌ എനിക്കുണ്ട്. ഈ വരികള്‍ ടൈപ്പ്‌ ചെയ്യുമ്പോള്‍ നനവൂറിക്കൊണ്ടിരിക്കുന്ന കണ്ണുകള്‍ എനിക്കുണ്ട്. എന്നെപ്പോലെ അനേകം പേരുടെ പ്രാര്‍ഥനകള്‍ ഫലിക്കാതിരിക്കില്ല എന്ന പ്രതീക്ഷ മാത്രം മുന്‍പില്‍.
ഇന്നു മാതൃഭൂമിയില്‍ വായിച്ചു. ലൈഗികമായ ഉത്തേജനം ഇല്ലാതാക്കുന്ന മരുന്നു പല ഡോസില്‍ ലൈംഗികകുറ്റവാളികളില്‍ കുത്തി വെച്ചു കൊണ്ടുള്ള ശിക്ഷാരീതി. എന്താണ് ഏറ്റവും ഉചിതം ? അറിയില്ല. എന്തായാലും കോഴിക്കറി,മാംസാഹാരം,മീന്‍,മുട്ട എന്നിങ്ങനെ നീചവാസനകള്‍ വര്‍ധിപ്പിക്കുക കൂടി ചെയ്യുന്ന ആഹാരങ്ങള്‍ ചപ്പാത്തിയ്ക്കു പുറമേ കിട്ടുന്ന ജീവപര്യന്തം ലൈംഗിക കുറ്റവാളികള്‍ക്ക് കൊടുക്കുന്ന , തീര്‍ത്തും അനുചിതമായ ശിക്ഷ യാവില്ലേ ?! ഒന്നും എന്‍റെ കയ്യിലല്ല. ആയിരുന്നെങ്കില്‍ത്തന്നെ എനിക്ക് സ്വതന്ത്രമായി നീതിന്യായം നടത്താന്‍ കഴിയുന്ന സ്ഥിതിയാണോ ഇന്ത്യയില്‍ !!!? എന്തെല്ലാം സ്വാധീനങ്ങള്‍ക്കു വഴങ്ങി വേണം ഒരു ന്യായാധിപന് ശിക്ഷകള്‍ വിധിക്കാന്‍ !!!
ചിലര്‍ പറയുന്നു കുറ്റം ചെയ്യുവാന്‍ ഉപയോഗിക്കുന്ന അവയവം ഛേദിച്ചു കളയുകയാണ് വേണ്ടതെന്ന്.അതെ, അങ്ങനെത്തന്നെയാണ് വേനതെന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് ! അപ്പോള്‍ ഒരു സംശയം , ലിംഗഛേദം മാത്രം മതിയോ ?! കൈകളും കൂട്ടു നില്‍ക്കുന്നില്ലേ,അവയും മുറിച്ചു കളയേണ്ടേ ?! ചുണ്ടുകളും പല്ലുകളുമോ ?! ഇരയെ തന്‍റെ കീഴില്‍ അമര്‍ത്തി ഞെരുക്കാന്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ ആ കിരാതന്മാരുടെ കാലുകള്‍ക്ക് എന്തു ശിക്ഷ കൊടുക്കണം ?! കഴിഞ്ഞില്ലാ അവരില്‍ കാമാസക്തി വര്‍ധിപ്പിക്കാന്‍ ശക്തമായ പ്രേരണ ചെലുത്തിയ മദ്യത്തിന്‍റെ കാര്യമോ !? അതു വില്‍ക്കുന്നവനെയോ , എന്തു ചെയ്യണം ?! അതിനു നിയമപരമായ അനുവാദം നല്‍കുന്ന ഗവണ്‍മെണ്ടിന്‍റെ പങ്കോ , നിസ്സാരമാണോ ?! റവന്യൂ വര്‍ധിപ്പിക്കാന്‍ എന്ന ന്യായവാദം എത്ര ജീവനുകളെയാണ് പല വിധത്തില്‍ അനുദിനം അപകടത്തിലാക്കി കൊണ്ടിരിക്കുന്നത് എന്ന് നാടു ഭരിക്കുന്നവരോ മദ്യ വ്യവസായികളുടെ പണം പറ്റി അവരുടെയും ബിനാമികളായി നടക്കുന്ന രാഷ്ട്രീയക്കാരോ ( എല്ലാവരുമല്ല, അവരിലെ നല്ല മനുഷ്യരെ ഞാന്‍ ബഹുമാനിക്കുന്നു ) ഇതു വല്ലതും ഓര്‍ക്കുന്നുണ്ടോ ?!
എനിക്കറിയില്ല. ഇങ്ങനെ ഒരു പ്രതികരണം തന്നെ എനിക്കു അല്‍പ്പം മനസ്സമാധാനത്തിനുള്ള ഏകമാര്‍ഗം ! എന്തായാലും ഒന്നു തീര്‍ച്ച. ഈ ദുരന്തം ഒരു വലിയ മാറ്റത്തിനുള്ള ചുവടു വെയ്പ്പാകണം. ആയേ തീരൂ. 

            പേരറിയാത്ത അനിയത്തീ, നിന്‍റെ പുനര്‍ജ്ജനി അതിനുള്ള അതിശക്തമായ നിയമത്തിന്‍റെ രൂപത്തിലാവട്ടെ എന്ന ഉള്ളുരുകിയുള്ള പ്രാര്‍ഥനയോടെ ...
                                                                                നീ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സഹോദരന്‍.

Saturday, December 29, 2012

ഭീതകാല കൗരവസഭ

http://keralaonlinenews.com/delhi-rape-victim-dies-in-hospital-malayalam-news-നോട് സമ്പൂര്‍ണ്ണ കടപ്പാട്. 


December 29th, 2012

ഡല്‍ഹി ബലാത്സംഗം: പെണ്‍കുട്ടി മരിച്ചു


ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും വിഫലമാക്കിക്കൊണ്ട് ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങി. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 2.30നായിരുന്നു മരണം. മരണസമയത്ത് മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ വൈകിട്ട് നാലുമണിയോടെ ഇന്ത്യയിലെത്തിക്കും.
        ഡിസംബര്‍ 16നാണ് സുഹൃത്തിനോടൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അഞ്ച് പേരടങ്ങുന്ന കാമവെറിയന്മാരുടെ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
        താമസസ്ഥലമായ പാലത്തിലേക്ക് പോകാനായി രാത്രി 11 മണിക്ക് ദക്ഷിണ ഡല്‍ഹിയിലെ മുനിര്‍ക്കയില്‍ നിന്നാണ് യുവതിയും സുഹൃത്തും ബസില്‍ കയറിയത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പിന്നീട് യുവതിയെ ബസ്സില്‍ നിന്ന് പുറത്തേയ്ക്ക് എറിയുകയും ചെയ്തു.
           മാരകമായ പരിക്കുകളോടെ ന്യൂഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ചയാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. ശ്വാസകോശത്തിലും അടിവയറ്റിലുമുള്ള കടുത്ത അണുബാധയുംമൂലം വെള്ളിയാഴ്ചതന്നെ യുവതിയുടെ ആരോഗ്യനില വഷളായിരുന്നു. അണുബാധ നിയന്ത്രണവിധേയമാകാത്തതിനാല്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി. ഇതോടെയാണ് മരണം സംഭവിച്ചത്.
           മരണത്തെത്തുടന്ന് ഉണ്ടായേക്കാവുന്ന പ്രക്ഷോഭം തടയിടാന്‍ ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 10 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. പ്രധാന റോഡു മാര്‍ഗ്ഗങ്ങളിലെല്ലാം പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ദാമിനി എന്നായിരുന്നെന്നോ സോദരീ  നിന്‍ പേര്‍ ? 
ഞങ്ങളില്‍ മനസ്സാക്ഷി മരവിക്കാത്തോരോര്‍ക്കും ,
ഏറെക്കാലത്തേയ്ക്കെങ്കിലും വീണ്ടുമിതുപോലെ 
ഞെട്ടിക്കും വരെ  ദില്ലി ;  നഗരം മറ്റേതുമാം !
'പാല'ത്തിലെത്താതന്നാ ശപിക്കപ്പെട്ട രാവില്‍ ;
അന്നിതു വരെയും നിന്‍  ജീവന്‍ നൂല്‍പ്പാലത്തിലായ് .
നഗരഗ്രാമഭേദമില്ലാ  കാമകിങ്കരര്‍-  ------_

ക്കേതു നേരമെന്നുമോ നാരിയെ പിച്ചിച്ചീന്താന്‍ . 
പ്രായഭേദവുമില്ലാ കൊച്ചുകുഞ്ഞുങ്ങള്‍ തൊട്ടു 
വൃദ്ധനാരിമാര്‍ വരെ കാമക്കൂത്തുകാര്‍ക്കിര .  
ഒരു വേള  നീ കേട്ടിട്ടുണ്ടാം സൗമ്യയെ പത്ര- 
ദ്വാരാ  നിന്നെപ്പോലതി നിഷ്ടുരം കൊല്ലപ്പെട്ടോള്‍ .
ഇനിയും വരുമേറെപ്പിന്‍ഗാമികളായ് പ്പാവം 
പെണ്‍കൊടിമാ;രത്ര മേല്‍ അധ: പതിച്ചു ഞങ്ങള്‍... ..! !!!
ഞങ്ങളില്‍ പല തരക്കാരാണു ന്നഞ്ഞായ് ; ചിലര്‍ 
തരം കിട്ടിയാല്‍ ഏതു സ്ത്രീമാംസവും തിന്നും !
മറ്റുള്ളവരില്‍ച്ചിലര്‍ നിസ്സംഗം നോക്കി നില്‍ക്കും 
തനിനഞ്ഞുകള്‍ ; അതോ ഷണ്ഡന്മാരെന്നോ ചൊല്ലാം !
അവരില്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി തൊട്ടു 
പേരെഴും നേതാക്കളും മഹിളാമണികളു-
മുള്‍പ്പെടും നടുങ്ങുവാന്‍ ഉണ്ടാവാം 'മഹാശ്വേത' !
പണ്ടു കൗരവസഭ തന്നിലെ  പരാക്രമം 
നിര്‍ല്ലജ്ജം  നോക്കി നിന്നോര്‍ തന്‍ പിന്‍ഗാമികള്‍ ഞങ്ങള്‍ !
ഞങ്ങള്‍ തന്‍ സഭ പിരിയില്ല കൌരവര്‍ ഞങ്ങള്‍ 
മരവിപ്പിക്കുന്നൂ ഹൃദയങ്ങളെ ഭീതി !
പണയം വെയ്ക്കാന്‍ ബാക്കി ജീവന്‍ മാത്രമേയുള്ളൂ 
ആരുടെയൊക്കെയുപ്പു ഞങ്ങള്‍ തിന്നാതെയുള്ളൂ !!! 
വരില്ലിന്നൊരു കൃഷ്ണന്‍ 'ദ്വാരകാ' നിവാസികള്‍- ---
ക്കിടയില്‍ നിന്നും തന്‍റെ  താന്‍ ജീവനല്ലേ വില !!
സോദരീ  നിനക്കായിട്ടൊഴുക്കാനെന്‍ ഹൃത്തിനെ_
ക്കുതിര്‍ക്കും കണ്ണീരല്ലാതൊന്നുമില്ലെന്‍റെ പക്കല്‍  !
മാപ്പു  ചോദിക്കട്ടെ ഞാന്‍  നിര്‍ല്ലജ്ജം നോക്കി നിന്ന 
ഞങ്ങളില്‍ നിസ്സഹായരാം കോടി ജനങ്ങള്‍ക്കായ് !
പാലം കടക്കുവോളം ദരിദ്രനാരായണാ 
ജപിപ്പോര്‍  വില തലനാരിനോ  നാരിക്കിട്ടൂ ! 
മാപ്പു നല്‍കില്ലാ വോട്ടും മേലില്‍ നാരിമാരുടെ 
ചാരിത്ര്യം സംരക്ഷിക്കാത്തയേതു രാഷ്ട്രീയത്തിനും !!
++++++++++++++++++++++++++++++++++++++++++++++++++







Sunday, December 2, 2012

മഞ്ഞുകാലം

മഞ്ഞുകാലം
മഴക്കാലത്തിനും വേനല്‍ക്കാലത്തിനുമിടയില്‍
തണുത്തു ചുരുണ്ടു കിടക്കുന്നു .

അടുത്ത മാമ്പഴക്കാലത്തിനായ്
പൂമാല കൊരുക്കുന്നൂ
മഞ്ഞുകാലം .

വെണ്‍തൂവാലയാല്‍
പ്രഭാതത്തില്‍ കണ്‍കെട്ടിക്കളിക്കും
മഞ്ഞുകാലം .