Saturday, September 21, 2013

കണ്ണുകളിലെ ആ തീ പേടിച്ച് !



ഒരിക്കല്‍ ഞാന്‍, വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, ബസ്സു കാത്തു നില്‍ക്കുകയാ യിരുന്നു . സ്കൂളിലേക്കു പോകണം .എന്നാലും പോകേണ്ട ദിശയ്ക്ക് എതിര്‍വശത്താണ് നില്‍പ്പ് ! അവിടെ അല്‍പ്പം തണലുണ്ടായിരുന്നു. ആ തണലില്‍ നില്‍ക്കുന്നതിന്റെ സുഖം ഉണ്ടുകൊണ്ടങ്ങനെ നില്‍ക്കുകയായിരു ന്നു. അപ്പോഴാണ് സമീപത്ത് ഒരു തീപ്പെട്ടിക്കൊള്ളി ഉരസുന്ന ശബ്ദം കേട്ട ത് ! ഞാന്‍ നോക്കുമല്ലോ ! അപ്പോള്‍ ഒരു നാടന്‍ മനുഷ്യന്‍ ആദ്യം വിട്ട പുകച്ചുരുള്‍ നേരെ എന്നെ പരിരംഭണം ചെയ്യാനായി വരുന്നതാണ് കണ്ടത് !
അന്ന് ഇന്നത്തത്ര കണിശമായി നിയമപരിപാലകര്‍ പുകവലിയന്മാരേ പിടി കൂടും എന്ന 'കടലാസ്സുപുലി' നാട്ടില്‍ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല ! അതു കൊണ്ടായിരിക്കണമല്ലോ ചേലക്കര പോലീസ് സ്റ്റേഷന്‍റെ മുന്‍വശത്ത്
അന്നങ്ങനെ ഒരു പുകവലിയന്‍ നിര്‍വിശങ്കം നിന്നു പുക വലിക്കാന്‍ തുടങ്ങിയത്.
ഞാന്‍ സ്വതേ ഒരു പുകയും അത്ര അലര്‍ജിയുള്ള കൂട്ടത്തില്‍ അല്ല ! സത്യത്തില്‍ സിഗരറ്റുപുകയുടെ മണം എനിക്ക് കുറച്ചൊക്കെ ഇഷ്ടമുള്ള കൂട്ടത്തിലും ആണ്. ന്നാല്‍ ബീഡിക്ക് മണം ആണ് എന്ന് ഞാന്‍ പറയുകയുമില്ല ; തനി 'നാറ്റം ബോംബ്‌' പൊട്ടിച്ച പോലെയാണ് അത് എന്നേ ഞാന്‍ പറയൂ !
എന്നാല്‍ എനിക്ക് ആ 'മണം' ആസ്വദിച്ചങ്ങനെ നില്ക്കാന്‍ കഴിയുന്നതെങ്ങനെ ?! ബസ്സു വരാറായതുകൊണ്ടല്ല , ഇതിനിടയ്ക്ക് എങ്ങനെ യോ 'സ്മോക്കിംഗ് ഈസ് ഇഞ്ജ്യൂറിയസ് റ്റു ഹെല്‍ത്ത്' എന്ന പാഠം ഞാന്‍ പഠിച്ചു പോയിരുന്നു ! അപ്പോള്‍ പിന്നെ അതു ജീവിതപരീക്ഷയില്‍ എഴുതാ തെ പറ്റുമോ ! ഞാന്‍ അല്‍പനേരം കാത്തു. കാററ് ഇങ്ങോട്ടു തന്നെയായിരുന്നു ! ഞാനൊന്ന് നീരസഭാവത്തില്‍ നോക്കി അയാളെ ;
അയാളിങ്ങോട്ടും നോക്കി ! താനാരാ ഒരു മാന്യന്‍ എന്നാണ് അതിനര്‍ത്ഥം എന്ന് ഞാന്‍ വായിച്ചു .
പറഞ്ഞാലോ ഒന്ന് നീങ്ങി നിന്നു വലിക്കാന്‍ ?! ഞാനാലോചിച്ചു .
വേണ്ട ; പറഞ്ഞാല്‍ സിഗരറ്റിന്‍ തുമ്പത്തെന്ന പോലെ അയാളുടെ കണ്ണുക ളിലും തീ കാണാനിടയുണ്ട് എന്ന് ജ്ഞാനദൃഷ്ടി കൊണ്ട് ഞാനറിഞ്ഞു.
ഒരു കാര്യം ചെയ്യാം ; ഞാനങ്ങോട്ടല്‍പ്പം നീങ്ങി നില്‍ക്കാം ; എനിക്ക് മാന്യത പുലര്‍ത്തണമല്ലോ ! അയാള്‍ക്ക് അങ്ങനെ ഒരു സാധനം ഇല്ലാത്തതിനാല്‍ ആ ബുദ്ധിമുട്ടില്ല താനും . അതിനാല്‍ ഒരു മൂന്നു നാലടി അകലേക്കു മാറി നിന്നു . എന്നിട്ടയാളെ നോക്കി. അയാള്‍ സുഖമായി അങ്ങനെ വലിച്ചു തള്ളുകയാണ്. ഞാന്‍ അയാളില്‍ നിന്നു കണ്ണെടുത്തു . (തെറ്റിദ്ധരിക്കേണ്ട , മലയാളത്തിലെ ഒരു പഴയ പ്രയോഗമാണ് ; നോട്ടം പിന്‍വലിച്ചു എന്ന് സാരം !ഇയാളില്‍ നിന്നുണ്ടോ കണ്ണെടുക്കാന്‍ പറ്റുന്നു ?! അവയവദാനത്തിന്റെ കാലമല്ലേ അയാളുടെ കരള്‍ പോയിട്ട് കണ്ണും എടുക്കാന്‍ പറ്റാതായിട്ടുണ്ടാകും കാറ്റുപോകും നേരത്ത് ! അങ്ങനെയല്ലേ വലിച്ചു തള്ളുന്നത് !)
നോക്കേണ്ടിയിരുന്നില്ല എന്ന് ഉടനെ മനസ്സിലായി ! സെക്കണ്ടുകള്‍ കഴിഞ്ഞില്ല, അതാ അതേ മണം എന്‍റെ നാസാദ്വാരം കടന്നു വരുന്നു ! അയാള്‍ എന്‍റെ അടുത്തേക്ക് നീങ്ങി നിന്നതാണ് ! എന്‍റെ പുക കൊള്ളാതെയുള്ള ആ നില്‍പ്പ് അയാള്‍ക്കു സുഖിച്ചില്ല എന്നു വ്യക്തം !
അയാളുടെ ഒരു മനസ്സ് ! അതിലും തനി പുകയില തന്നെയാണോ നിറച്ചു വെച്ചിരിക്കുന്നത് എന്നെനിക്കു തോന്നിയാല്‍ നിങ്ങളെന്നെ കുറ്റപ്പെടുത്തരുത് .
എന്തിനു പറയുന്നു ഞാന്‍ വീണ്ടും നീങ്ങി നിന്നു . അയാളും നീങ്ങി നിന്നു. അമ്പട വലിയാ ! നീയാള് കൊള്ളാമല്ലോ എന്നു വിചാരിച്ച് ഞാന്‍ ഒരു നിമിഷം ആ പുകച്ചുരുളുകള്‍ക്കിടയില്‍ ഒന്ന് തല പുകച്ചു ! അടുത്ത നിമിഷം ആ പുകവലിയന്‍, റോഡു മുറിച്ച് അപ്പുറം കടക്കുന്ന എന്നെയാണ് കണ്ടത് ! അതിന്നടുത്ത നിമിഷം മുതല്‍ അല്‍പ്പം വെയില്‍ കൊണ്ടിട്ടായാലും പുകവലയത്തില്‍ നിന്ന് മോചനം നേടി സുഖിക്കുന്ന നേരത്തേക്കണ്ട , അയാളെ വിഷമിപ്പിച്ച , അതേ എന്നെയാണ് !
ഭാഗ്യം ! അയാള്‍ അവിടെ നിന്നു തുടര്‍ന്നും വിഷമിച്ചതേയുള്ളൂ ; ഇപ്പുറം കടന്നു വന്നില്ല ; വന്നിരുന്നെങ്കില്‍ ഞാന്‍ അതാ വരുന്ന അടുത്ത വണ്ടിയില്‍ കയറിപ്പോകുന്നതു കണ്ട് അണ്ടി കളഞ്ഞ അണ്ണാനെ പ്പോലെ നോക്കി നില്‍ക്കേണ്ടി വരുമായിരുന്നു ! ഹ ഹ ഹ ഹാ !

Thursday, September 19, 2013

ശങ്കുരുട്ടിമാഷും ഒരു ഉണങ്ങിയ നീളന്‍ മുളക്കഷണവും പിന്നെ അതു വലിച്ചു കൊണ്ട് ഒരു കുഞ്ഞുഞാനും !

ശങ്കുരുട്ടിമാഷും ഒരു ഉണങ്ങിയ നീളന്‍ മുളക്കഷണവും പിന്നെ അതു വലിച്ചു കൊണ്ട് ഒരു കുഞ്ഞുഞാനും ! 

ഔദേപ്പേ... !
പന്ത്രാങ്കോ ...! 
മാഷ് വിളിക്കും ഞങ്ങളില്‍ ചിലരെ നോക്കി ! ഞങ്ങളോ കിലുക്കാം പെട്ടികള്‍ പോലെ ചിരിക്കും . 
എന്നെയും വിളിച്ചിട്ടുണ്ടോ എന്നോര്‍മ്മയില്ല . മാഷ്‌ എങ്ങനെയാണ് പഠിപ്പിച്ചിരുന്നത് എന്നും ഒരു 'തരി' ഓര്‍മ്മയില്ല ; മാഷ്‌ടെ കുറ്റമല്ല ; എന്തോ അതിനേക്കാള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നത് മാഷ്‌ ടെ ഈ പ്രത്യേകതകള്‍ ആണ്. 
തമാശക്കാരനായ അദ്ദേഹം ഞങ്ങളെ ഇടയ്ക്ക് ഇങ്ങനെയൊക്കെ വിളിച്ച് രസിപ്പിക്കും. 
ഇങ്ങനെയുള്ള ശങ്കുരുട്ടിമാഷെ എല്ലാര്‍ക്കും ഇഷ്ടമായിരുന്നു. 
എന്‍റെ മൂന്നാം ക്ലാസ്സിലെ മാഷായിരുന്നു ശങ്കുരുട്ടി മാഷ്‌. 
ശങ്കരന്‍കുട്ടിമാഷ്‌ ആണ് ശങ്കുരുട്ടി മാഷ്‌ ആയത് എന്ന് കാലം കുറെ കഴിഞ്ഞല്ലേ മനസ്സിലായത് . 
ഞങ്ങള്‍ മാഷെ പൊതിഞ്ഞ് നില്‍ക്കുന്ന ചില അവസരങ്ങളില്‍ മാഷ്ക്ക് വേറെ ഒരു വിദ്യ ഉണ്ട് ! 
വായിലേക്ക് കൈ ഒറ്റ കടത്തല്‍ ആണ് ; എന്നിട്ട് ആ പല്ലുകള്‍ പുറത്തെടുക്കും ! 
ഒരു തരം ഭയത്തോടെയോ അല്ലെങ്കില്‍ അറപ്പോടെയോ ആയിരുന്നു എന്നു തോന്നുന്നു,ഞാനത് നോക്കി നിന്നിരുന്നത് ! എന്നാലും ചിരിച്ചിരുന്നു. 
മാഷ്‌ടെ പല്ല് വെപ്പുപല്ലായിരുന്നു. 
എന്തിനാ അത് ഇടയ്ക്ക് എടുത്തിരുന്നത് ?! ഞങ്ങളെ രസിപ്പിക്കാനോ ?! 
ആലോചിച്ചു നോക്കിയിട്ടുണ്ട് . 
ആയിരിക്കണം എന്നാണ് ഇപ്പോഴും മനസ്സു പറയുന്നത്. 
മാഷ്‌ ഒരിക്കല്‍ പക്ഷേ ഒരിക്കല്‍ എന്നോട് കുപിതനായി ! 
ബോര്‍ഡിന്‍റെ കാല് നേരെയാക്കാന്‍ പറ്റിയ കാല് കൊണ്ടന്നോ എന്നോ മറ്റോ അന്ന് പറഞ്ഞു എന്ന് തോന്നുന്നു !
എന്തിനാണ് അത് എന്നോട് പറഞ്ഞിട്ടുണ്ടാവുക ?!
ഊഹിക്കാമോ ?! 
ഞാന്‍ ഏതോ ഇന്‍റര്‍വെല്‍ വേളയിലായിരിക്കണം ക്ലാസ്സിന്‍റെ ഒരു മൂലയില്‍ മുക്കാലിയില്‍ നിന്നിരുന്ന ആ ബോര്‍ഡിനരികിലൂടെ ഓടുമ്പോഴാണ് അത് സംഭവിച്ചത് ! 
എന്‍റെ കയ്യോ കാലോ ദേഹമോ എന്തോ ഒന്ന് തട്ടി ബോര്‍ഡതാ ചട പട ധീം ! കാലുകളിലൊന്നു മുറിഞ്ഞു പോയിരിക്കുന്നു . ഉടനെ മാഷ്‌ ടെ ശ്രദ്ധയില്‍പ്പെട്ടു അക്കാര്യം . 
എന്നെ അടുത്തു വിളിച്ചു .ഭയചകിതനായ കുഞ്ഞുവീബീ നിരുപാധികം തെറ്റു സമ്മതിച്ചിട്ടുണ്ടായിരുന്നിരിക്കണം അന്ന് . 
അന്ന് ഉച്ച ഭക്ഷണത്തിന് ഇല്ലത്തേക്കു പോകുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു പ്ലാന്‍ രൂപം കൊണ്ടു ! 
വിറകുപുരയില്‍ ഉണങ്ങിയ വലിയ മുളകള്‍ ചാരി വെച്ചിട്ടുള്ളത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അച്ഛനെന്തോ ആവശ്യത്തിന് കരുതി വെച്ചതായിരിക്കണം എന്ന് അപ്പോഴുണ്ടോ ഞാന്‍ ചിന്തിക്കുന്നു ! എനിക്ക് എങ്ങനെയെങ്കിലും മാഷ്‌ ടെ ചീത്തയില്‍ നിന്നും അടിയില്‍ നിന്നും രക്ഷപ്പെടണം . 
അങ്ങനെയാണ് ഞാന്‍ അന്ന് ഊണ് കഴിഞ്ഞ ശേഷം ആ മുളകഷണം എങ്ങനെയോ ചുമന്നു കൊണ്ടു സ്കൂളില്‍ തിരിച്ചെത്തിയത്. 

ആരോടും പറഞ്ഞില്ല . പറഞ്ഞാല്‍ അമ്മയോ അച്ഛനോ സമ്മതിച്ചില്ലെങ്കിലോ ! 
ആ സമയത്തൊക്കെ അച്ഛന്‍ എവിടെയായിരുന്നുവോ ആവോ ! 
മുകളിലെ നിലയില്‍ പടിഞ്ഞാറെ മുറിയില്‍ ഉച്ചമയക്കത്തിനു പോയതായിരുന്നിരിക്കുമോ !? അമ്മയോ ?! അമ്മ അടുക്കളപ്പണികളില്‍ മുഴുകിയതിനാല്‍ എന്‍റെ മോഷണം അറിയാതെ പോയതായിരുന്നിരിക്കുമോ അന്ന് ?! 
എങ്ങനെ ഓര്‍മ്മ വരാനാണ് !
ഒന്നു തീര്‍ച്ച ! മാഷ് ആ ഒരു കാര്യം ഞാന്‍ ചെയ്യും എന്നുറപ്പിച്ചായിരുന്നില്ല അന്ന് എന്നോടാവശ്യപ്പെട്ടത് എന്ന് ! 
ഞാനിന്ന് ഒരധ്യാപകനാണല്ലോ. എനിക്കറിയാമല്ലോ കുട്ടികളുടെ മനശ്ശാസ്ത്രം കുറച്ചോക്കെ! 
എന്തായാലും അതില്‍പ്പിന്നെ കുഞ്ഞുവീബീ ബോര്‍ഡുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ വളരെ ശ്രദ്ധാലുവാകുകയോ അഥവാ അക്കാര്യം തീരെ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടായിരിക്കണം ! അതു കൊണ്ടല്ലേ അത്തരം സംഭവങ്ങളൊന്നും എനിക്ക് ഓര്‍ക്കുവാന്‍ ഇല്ലാത്തത് ! 
മാഷ്‌ ഞാന്‍ സ്കൂള്‍ വിട്ടു പോന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചതായി പിന്നീട് എപ്പോഴാ അറിഞ്ഞു . 
ആ ഗുരുനാഥനു മുന്നില്‍ മനസ്സു കൊണ്ട് സാഷ്ടാംഗ നമസ്കാരം ചെയ്യുന്നു .

Tuesday, September 17, 2013

ഓര്‍മ്മയിലെ ഓണത്തുമ്പികള്‍ !

ഓര്‍മ്മയിലെ ഓണത്തുമ്പികള്‍  !


      പൂത്തുമ്പികള്‍ പോലെ തുമ്പച്ചെടികള്‍ തോറും ചടുലതയോടെ പാറി നടന്ന ചില ഓണക്കാലങ്ങള്‍ . ചുവന്നതും കറുപ്പും തവിട്ടും നിറങ്ങളില്‍  ചിറകുകളുള്ള ഒരു പാടെണ്ണം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു .അന്നൊക്കെ പൂക്കള്‍ തലേന്ന് ശേഖരിച്ചു വെയ്ക്കുമായിരുന്നു ! ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട് : അക്കാലത്തെന്നോ വായിച്ച 'ബാലരമ'യില്‍ ആണെന്നു തോന്നുന്നു, രാവിലെ ഉറക്കമുണര്‍ന്ന് പൂക്കള്‍ ശേഖരിക്കുകയും മുറ്റത്തു ചാണകം മെഴുകി പൂവിടുന്നതും ഒക്കെയായിരുന്നു അതിലെ കഥകളില്‍ വായിച്ചിരുന്നത്. എന്നാല്‍ കുഞ്ഞുവീബീയും അനിയത്തി അനിലയും ഒക്കെ ചെയ്യാറുണ്ടായിരുന്നതോ ! സ്കൂള്‍ വിട്ടു വന്നാല്‍ കാപ്പി കുടിച്ച് നേരെ പൂവട്ടിയുമായി ഓടുകയായി. ഓപ്പോള്‍മാര്‍ , അന്യേട്ടന്‍, കരുവന്നൂരെ ഗീത,വിജയന്‍,സജീവ് എന്നിങ്ങനെ ഒരു സംഘം കുട്ടികള്‍ ഞങ്ങളുടെ ഇല്ലപ്പറമ്പില്‍ മത്സരിച്ച് പൂക്കള്‍ ഇറുത്തെടുക്കും. തുമ്പപ്പൂക്കള്‍ ,കാശിത്തുമ്പകള്‍ , കൊങ്ങിണിപ്പൂക്കള്‍ .....ഒപ്പം ചില പേരറിയാപ്പൂക്കള്‍ ... ഒരു ഉരിഗ്ലാസോളം പോന്ന പൂവട്ടികള്‍ ! നാഴി കൊണ്ടേക്കാവുന്നവയും ഇടയ്ക്കെന്നോ കണ്ടതായി ഓര്‍ക്കുന്നു. ചെറുതായാലും വലുതായാലും പൂക്കള്‍ കഴിയാവുന്നത്ര കുത്തി നിറയ്ക്കുമായിരുന്നു.ആരാണവ കൊണ്ടത്തന്നിരുന്നത് ?! 'ഓടക്കുട്ടപ്പ'നായിരുന്ന്വോ  ?! അങ്ങനെയാണ് മങ്ങിയ സ്മൃതിമണ്ഡലത്തില്‍ 'തെളിയുന്നത്' ! ചൂളയില്‍ ചുട്ടു ചുവപ്പന്മാരായ 'തൃക്കാക്കരപ്പ'ന്മാരെ കൊണ്ടു വന്നിരുന്നത് അയാളായിരുന്നു . പൂവട്ടികളോ ? നല്ല ഓര്‍മ്മയില്ല . അച്ഛന്‍ എവിടെ നിന്നെങ്കിലും വാങ്ങിച്ചു തരികയായിരുന്ന്വോ ? എന്തായാലും നീളന്‍ ചരടില്‍ കാട്ടുകൈതയോലകള്‍ കൊണ്ടായിരുന്നു അവ മെടഞ്ഞെടുത്തിരുന്നതെന്ന് തോന്നുന്നു . തഴപ്പായയുടെ അതേ അസംസ്കൃതവസ്തു ഉപയോഗിച്ചായിരുന്നു എന്ന് തീര്‍ച്ച . എന്തൊരു രസമായിരുന്നു അന്നൊക്കെ ! ഇല്ലത്തെയും നടുക്കിലില്ലത്തെയും പടിഞ്ഞാറില്ലത്തെയും തെങ്ങിന്‍ പറമ്പുകള്‍ ഞങ്ങളുടെ വിഹാരരംഗങ്ങളായിരുന്നു . ഇല്ലത്തെ തെക്കേ പ്പറമ്പിന്‍റെ പടിഞ്ഞാറേ വേലിയരിക്കല്‍ നിറയേ കോളാമ്പിച്ചെടികള്‍ പൂത്തു നില്‍ക്കുമായിരുന്നു . അവ പറിച്ചെടുക്കുമ്പോള്‍ ചിലപ്പോള്‍ വെള്ള നിറത്തിലുള്ള കറ കയ്യില്‍ പുരളും . ഒരു തരം രൂക്ഷഗന്ധമാണവയ്ക്ക്. എന്നാലും നിറയേ പൊട്ടിച്ചെടുക്കും . അവ പൂവട്ടികളില്‍ നിറയ്ക്കും . തുമ്പപ്പൂക്കള്‍ നിറയെ ഉണ്ടായിരുന്നത് നടുക്കിലില്ലത്തെ പറമ്പിലായിരുന്നു . അവ ആവേശത്തോടെ പറിച്ചെടുക്കാന്‍ ഞങ്ങള്‍ മത്സരിക്കുമായിരുന്നു. അപ്പോളാണ് ചില ഉറുമ്പുകള്‍ ഞങ്ങളുടെ കൈകളില്‍ കയറിക്കടിക്കുമായി രുന്നതും ഞങ്ങള്‍ 'ശൂ' എന്നു കൈ കുടയുമായിരുന്നതും ! 


അങ്ങനെ വട്ടികള്‍ നിറയുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു വിദ്യയുണ്ട് ! പിറ്റേന്ന് പൂക്കളമിടാന്‍ പൂക്കല്‍ കുറഞ്ഞു പോകരുതല്ലോ ; ഞങ്ങള്‍ പൂവട്ടികളുടെ മുഖം തുമ്പക്കുടം നിറച്ച താളില കൊണ്ടോ എരുക്കില കൊണ്ടോ മൂടിയ ശേഷം അവയുടെ വള്ളിയില്‍  പിടിച്ച് തലയ്ക്കു ചുറ്റുമോ തോളുയരത്തില്‍ ലംബമായിപ്പിടിച്ചോ അവ കറക്കും. വെറുതെ അങ്ങനെ വട്ടം തിരിക്കുകയല്ല ; ഒപ്പം ഒരു പാട്ടങ്ങനെ ഉറക്കെ പാടും !


"കറ്റക്കറ്റക്കയറിട്ടൂ ;
കയറാലഞ്ചു മടക്കിട്ടു;
നെറ്റിപ്പട്ടം  മൊട്ടിട്ടൂ ;
ഇന്നേക്കോ നാളേക്കോ 
മറ്റന്നാളുച്ചയ്ക്കോ 
ഒരു വട്ടീ പ്പൂതാ താ താ താ ! " 


ഇങ്ങനെ ഒരുവട്ടമോ  ഇരുവട്ടമോ  പാടിക്കഴിയുമ്പോഴേക്കും പൂവട്ടികളിലെ പൂക്കള്‍ അമര്‍ന്ന് കുറച്ചു കൂടി സ്ഥലം ഉണ്ടായികഴിഞ്ഞിരിക്കും . വീണ്ടും ഞങ്ങള്‍ സന്തോഷത്തോടെ പൂക്കള്‍ ശേഖരിക്കുകയായി. ഇതിനൊപ്പം ഒരു ആര്‍പ്പു വിളിയുണ്ട് :
ആറപ്പ്വേ)))))))))) പൂയ്... പൂയ് ...പൂയ് !എന്ന് വലിയ വായില്‍ ചിരിയോടെ ഞങ്ങള്‍ മത്സരിച്ച് ആര്‍ത്തു വിളിക്കുമായിരുന്നു . 


കഴിഞ്ഞില്ല ; ഒരിക്കല്‍ എന്‍റെ വല്യച്ഛന്‍റെ മകളായ അനില എന്ന എന്‍റെ ഒരേയൊരു അനിയത്തിയാണ് ആ ഈരടി എനിക്കു പരിചയപ്പെടുത്തിത്തന്നത് : 

" തൃക്കാക്കരപ്പാ പടിക്കലും വായോ ; ഞാനിട്ട പൂക്കളം കാണാന്‍ വായോ ! "


ഇങ്ങനെ ഒരു പാട്ടുണ്ടോ എന്ന് അന്നു ഞാനദ്ഭുതപ്പെട്ടു . ഇങ്ങനെ കുഞ്ഞുവീബീയുടെയും കുഞ്ഞനിലയുടെയും കരുവന്നൂരെ കുട്ടികളുടെയും ഒക്കെ ഈ വിധത്തിലുള്ള ശബ്ദഘോഷങ്ങള്‍ കൊണ്ട്  ഞങ്ങളുടെ ഇല്ലപ്പറമ്പുകള്‍ ശബ്ദ മുഖരിതമാകുന്ന സായാഹ്നങ്ങള്‍ ; അവധി ദിനങ്ങള്‍ . 


ആ ദിനങ്ങള്‍ തിരിച്ചു വരില്ല . ഇന്നത്തെ കുട്ടികള്‍ക്ക് അന്യമായ ഒരു ഓണക്കാലം.  എല്ലാം പക്ഷേ ഓര്‍മ്മത്തുമ്പികളായി ഇന്നും സ്മൃത്യന്തരീക്ഷത്തില്‍ പാറി നടക്കുന്നു. അവയെ ഓര്‍മ്മയുടെ വെയില്‍വെട്ടത്തില്‍ കാണാന്‍ എന്തൊരു സുഖം ! ഞാനിനിയും അവയെ ഇങ്ങനെ കണ്ടു കൊണ്ടിരിക്കും ! നിങ്ങളോ ?! 



<

Thursday, September 5, 2013

കൊല്ലാറ ദാമോദരന്‍ മാഷ്‌ !

കൊല്ലാറ ദാമോദരന്‍ മാഷ്‌ !

നിരവധി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരിക്കല്‍ ഞാന്‍ വെങ്കിടങ്ങിനടുത്തുള്ള തൊയക്കാവിലെ 'പെരിങ്ങര'മനയിലേ ക്ക് പോയതായിരുന്നു. ഏതോ വിശേഷത്തിന്. എന്‍റെ ഇല്ല ത്തെ ഏട്ടന്മാരുണ്ടായിരുന്നു അവിടെ. ഞാന്‍ പത്തുമുപ്പതു വര്‍ഷം മുന്‍പ്‌ വെങ്കിടങ്ങു വിട്ട് താമസം മാറിയെങ്കിലും അവിടെയുള്ള ഇല്ലങ്ങളില്‍ വിവാഹമോ മറ്റു വിശേഷങ്ങളോ ഉണ്ടായാല്‍ അവരെന്നെയും കുടുമ്പത്തെയും ക്ഷണിക്കുകയും ഞാനും അമ്മയും തരമുള്ളതും പോകുകയും ചെയ്യുമായിരുന്നു. അങ്ങനെ 'പെരിങ്ങല'യ്ക്ക് ഒരു വേളിക്കോ മറ്റോ പോയ അവസരം. വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്. സദ്യയുണ്ട് നേരെ ചേലക്കരയ്ക്കു മടങ്ങുന്നതിനു പകരം ഞാന്‍ എന്‍റെ വല്യച്ഛന്‍റെ മക്കള്‍ ആയ ഏട്ടന്മാരോടൊപ്പം മടങ്ങുകയായിരുന്നു. എന്‍റെ തറവാട്ടിലേക്കും ഒന്ന് പോയ ശേഷം മടങ്ങാമെന്നു കരുതി. നടന്നു നടന്ന് ഞങ്ങള്‍ രാമോന്‍റെ സ്കൂളിനു സമീപത്തു കൂടി പോകുകയായിരുന്നു.എന്‍റെ ആദ്യവിദ്യാലയം. ഒരു രാമുമേനവന്‍ ആണ് ആ സരസ്വതീ ക്ഷേത്രത്തിന്‍റെ സ്ഥാപകന്‍.. അതു ലോപിച്ചാണ് രാമോന്‍റെ എന്നായത്. വേറെ ഒരു അപരനാമമുള്ളത് പറയാന്‍ എനിക്ക് അത്ര സമ്മതമല്ല. അധ്യാപകര്‍ക്കും മറ്റും കുട്ടികള്‍ കുറ്റപ്പേരുകള്‍ ഉണ്ടാക്കിയിരുന്നതു പോലെ ആ വിദ്യാലയത്തിനും ഉണ്ടായിരുന്നു അങ്ങനെ ഒരു പേര്. ഔദ്യോഗികമായി എസ്. എന്‍.. എല്‍.. .പി.എസ് വെങ്കിടങ്ങ്‌ എന്നാണ് ആ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. അതായത്‌ ശങ്കരനാരായണ ലോവര്‍ പ്രൈമറി സ്കൂള്‍ . അവിടെ എന്നെ മൂന്ന് അധ്യാപകരും ഒരു അധ്യാപികയും എന്നെ പഠിപ്പിച്ചു. ആ വിദ്യാലയത്തില്‍ നിന്ന് ഏതാണ്ട് ഒരു നൂറടി തെക്കു മാറി ഒരു ചെമ്മണ്‍ പാത കിഴക്ക്‌ മേച്ചേരിപ്പടിയിലേക്കും പടിഞ്ഞാറ് തൊയക്കാവിലേക്കും സദാ സഞ്ചരിച്ചു കൊണ്ടിരുന്നിരുന്നു. ആ റോഡില്‍ നിന്ന് സ്കൂളിലേക്ക് ഒരു നടവഴിയുണ്ടായിരുന്നു . അവിടെ എത്തിയപ്പോഴാകണം എന്‍റെ വല്യേട്ടന്‍ ആരോടോ ഒരാളോട് സംസാരിക്കാന്‍ നിന്നു. ഞാന്‍ അതൊന്നും അത്ര ശ്രദ്ധിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നില്‍ക്കുകയായിരുന്നു. എന്നാല്‍ സംസാരം നീണ്ടപ്പോള്‍ ഞാന്‍ ഒരല്‍പം വിരസതയോടെയാണോ എന്നു തീര്‍ച്ചയില്ല ആ മനുഷ്യനെ ഒന്നു ശ്രദ്ധിച്ചു. ആരാ ഈ മനുഷ്യന്‍ . എവിടെയോ കണ്ട മുഖം . ഞാന്‍ ശബ്ദം താഴ്ത്തി വല്ല്യേട്ടനോട് ചോദിച്ചു, ആരാ അതെന്ന്. 

നെനക്കറിയില്ല്യെ ; കൊല്ലാറ ദാമോദരന്‍ മാഷ്‌ " എന്നു വല്യേട്ടനും . 

ങ്ങേ ?! മാഷോ ?! ഞാന്‍ അതിശയഭാവത്തില്‍ ആ മനുഷ്യനെ നോക്കി. എന്‍റെ ആദ്യ ഗുരുനാഥന്‍ ഇതാ എന്‍റെ മുന്നില്‍ ! മുടിയേറെക്കുറെ നരച്ചിരിക്കുന്നു. എന്നാല്‍ നര കേറാത്ത ചിരി. ഞാന്‍ ഏറെ കുറ്റബോധത്തോടെ അദ്ദേഹത്തിനു നേരെ നോക്കി. അയ്യോ മാഷെ എനിക്കു മനസ്സിലായില്ല്യ എന്നു ക്ഷമാപണ സ്വരത്തില്‍ പറഞ്ഞു. പിന്നെ മാഷ്‌ വിശേഷങ്ങള്‍ ചോദിച്ചു എന്നു തോന്നുന്നു ; അതൊന്നും അത്ര ഓര്‍മ്മയില്ല. പിന്നീട് ഞങ്ങള്‍ പിരിയുകയും ചെയ്തു . 

കൊല്ലാറ ദാമോദരന്‍ മാഷ്‌.. !വെള്ള ഷര്‍ട്ടും മുണ്ടും വേഷമായിരുന്നു മാഷ്ക്ക് എന്നുമെന്നു ഞാനോര്‍ക്കുന്നു. അതിനേക്കാള്‍ മാഷ്‌ടെ ഒരു പ്രത്യേകത ഞങ്ങള്‍ കുട്ടികള്‍ക്ക്‌ സ്ലേറ്റില്‍ മാര്‍ജിന്‍ വരയ്ക്കുന്നതില്‍ ആയിരുന്നു. മാഷ്‌ സ്ലേറ്റ്‌ പെന്‍സില്‍ കൊണ്ട് ഒരു വര വരയ്ക്കും ഒരിക്കലും വളയാതെ ചെരിയാതെ ! മാഷ്‌ മാര്‍ജിനിട്ടു തരുന്നത് ഞങ്ങള്‍ കുട്ടികള്‍ വളരെ കൌതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. 

എന്‍റെ ആദ്യാക്ഷരം പഠിപ്പിച്ചത് അദ്ദേഹമായിരുന്നു.മാഷ്‌ടെ ചിരി വളരെ ഹൃദ്യമായിരുന്നു. എന്തൊരു സ്നേഹമായിരുന്നെന്നോ ഞങ്ങള്‍ കുട്ടികളെ എല്ലാവരെയും. ആരെയും അടിക്കില്ലായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ . എന്നാല്‍ ഒരു ചൂരല്‍ കൈവശം വെച്ചിരുന്നു . ഞങ്ങള്‍ കുട്ടികള്‍ പക്ഷേ അദ്ദേഹത്തില്‍ നിന്ന് അടി 'ചോദിച്ചു' വാങ്ങിച്ചിരുന്നു. ഞങ്ങള്‍ കുട്ടികള്‍ മാഷെ ഒരടി എന്നു പറഞ്ഞ് ചിരിയോടെ കുഞ്ഞിക്കൈകള്‍ നീട്ടും. അദ്ദേഹം ചിരിയോടെ ഓരോ കുഞ്ഞടികള്‍ മെല്ലെ വെച്ചു തരുമായിരുന്നു . ബാലന്‍ മാഷ്‌ ടെ മകള്‍ ശ്രീലതയും മൃദുലയും ചേന്നപ്പന്‍റെ മകന്‍ അശോകനും ദാമോദരന്‍ മാഷ്‌ ടെ മകന്‍ ഗോപിയും ഞാനും ഒക്കെ ഇങ്ങനെ മാഷ്‌ടെ ചൂരല്‍ മധുരം ഇടയ്ക്കിടെ നുണഞ്ഞവരായിരുന്നു . 

ആ മാഷിനെ പിന്നെ ഞാന്‍ ഒരിക്കല്‍ വീട്ടില്‍ പോയിക്കണ്ടു. ഏഴെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇല്ലത്ത്‌ തറവാട്ടില്‍ ഒരു പ്രത്യേക അവസരത്തില്‍ ഞാന്‍ എന്‍റെ കുടുംബത്തോടൊപ്പം മൂന്നു നാലു ദിവസം അടുപ്പിച്ചു താമസിക്കുകയുണ്ടായി. അന്ന് ഒരു മോഹം . മാഷെ ഒന്നു പോയി കാണണം. അന്യേട്ടനോട് വഴിയൊക്കെ ചോദിച്ചു മനസ്സിലാക്കി. വല്ല്യേട്ടന്‍റെ സൈക്കിള്‍ വാങ്ങിച്ച് അതില്‍ കയറി മാഷ്‌ ടെ വീട്ടിലേക്ക്‌ പുറപ്പെട്ടു. ഇല്ലത്തെ മണല്‍ നിറഞ്ഞ വഴിയില്‍ നിന്ന് മെയിന്‍ റോട്ടിലെത്തിയ ശേഷം വടക്കോട്ട് തിരിഞ്ഞു. ഗുരുവായൂര്‍ക്കുള്ള ദിശയിലൂടെ . ഒരു രണ്ടു മൂന്നു മിനിട്ടു മാത്രം സൈക്കിള്‍ ചവിട്ടിയപ്പോള്‍ വല്ല്യമ്പലത്തിലേക്കുള്ള ഇടവഴി തിരിയുന്നതിന് മുന്‍പില്‍ എത്തി. കിഴക്കോട്ടു തിരിയുന്ന ആ വീതി കുറഞ്ഞ ഇടവഴിക്ക്‌ എതിര്‍ ഭാഗത്ത്‌ ഞാന്‍ വെങ്കിടങ്ങില്‍ ഉണ്ടായിരുന്ന കാലത്ത്‌ ഒരിക്കലും സൈക്കിളില്‍ സഞ്ചരിച്ചിട്ടില്ലാത്ത ഒരു ഇടവഴിയുണ്ട്. അതിലൂടെ തിരിഞ്ഞ് കൊല്ലാറ അമ്പലവും കടന്ന് മാഷ്‌ ടെ വീട് ഏതാണ് എന്നന്വേഷിച്ചു. ആരോ എനിക്ക് ഒരു ഒരു കൊച്ചു റ്റെറസ് വീട് കാണിച്ചു തന്നു. ഞാന്‍ അവിടേക്കു പടി കയറിച്ചെന്നു. അവിടെ ഒരു ചെറുപ്പക്കാരന്‍ നിന്നിരുന്നു . ഞാന്‍ അയാളോട് സ്വയം പരിചയപ്പെടുത്തി. എന്നോട് ഇരിക്കാന്‍ പറഞ്ഞ ശേഷം അയാള്‍ അകത്തു പോയി .അതു മാഷ്‌ ടെ മൂത്ത മകന്‍ ആയിരുന്നു . ഗോപിയുടെ ഏട്ടന്‍ . അല്‍പ്പം നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അതാ എന്‍റെ മാഷ്‌ ! ഒരു ഒറ്റ ഈറന്‍ തോര്‍ത്തുമുണ്ടു ചുറ്റി കുളി കഴിഞ്ഞുള്ള വരവായിരുന്നു അത് ! മാഷ്ക്ക് എന്നെ മനസ്സിലായില്ല . ഞാന്‍ പരിചയപ്പെടുത്തി. ഓ കൃഷ്ണകുമാര്‍ . പട്ടേരി മനയ്ക്കലെ ?! സരസ്വതീടേം ശ്രീദേവീടേം അനിയന്‍ ? മാഷ്‌ ചിരിച്ചു കൊണ്ട് ചോദിച്ചു . എന്നിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ മാഷ്ക്ക് കൊടുക്കാന്‍ ഒരു പാക്കറ്റ് ഈത്തപ്പഴം വാങ്ങി കയ്യില്‍ വെച്ചിരുന്നു. എനിക്ക് ആ വന്ദ്യ നായ ഗുരു നാഥനെ ക്കണ്ട് കണ്ണുകള്‍ ഇതിനകം സജലങ്ങളായിക്കഴിഞ്ഞിരുന്നു . ആ പാക്കറ്റ് കയ്യില്‍ കൊടുത്ത്‌ ഞാന്‍ ആ കാലുകള്‍ ഞാന്‍ ഇരു കൈകളാലും തൊട്ടു വന്ദിച്ചു. ഇതോടെ എനിക്ക് കരച്ചില്‍ അടക്കാനായില്ല . ഞാന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. എന്‍റെ മാഷ്‌ എന്‍റെ മാഷെ എനിക്ക് വീണ്ടും കാണാന്‍ കഴ്ഞ്ഞ സന്തോഷം. എന്നെ ആദ്യമായി പഠിപ്പിച്ചത് മാഷാണല്ലോ എന്നൊക്കെയായിരുന്നു ഞാന്‍ അന്ന് പറഞ്ഞത്‌ എന്നോര്‍ക്കുന്നു. അങ്ങനെ ഒരു വിധം ഞാന്‍ കരച്ചിലടക്കി. മാഷും എന്നെ സമാധാനിപ്പിച്ചു. പിന്നെ കുറെ നേരം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. മാഷ്‌ എന്‍റെയും സഹോദരിമാരുടെയും മറ്റും വര്‍ത്തമാനങ്ങള്‍ ചോദിച്ചു . ഞാന്‍ മാഷ്‌ടെ ആരോഗ്യ കാര്യങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞു 

പിന്നീട് രണ്ടു മൂന്നു വര്‍ഷങ്ങള്‍ മുന്‍പ്‌ രണ്ടായിരത്തി പത്തില്‍ ആണ് എന്നു തോന്നുന്നു , ഞാന്‍ മെയ്‌ മാസത്തില്‍ വെങ്കിടങ്ങില്‍ പോയപ്പോള്‍ മാഷെ വീണ്ടും പോയിക്കണ്ടു. അന്ന് മാഷ്‌ കുറേക്കൂടി ക്ഷീണിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു . അന്നും ഞാന്‍ മാഷ്ക്ക് കൊടുക്കാന്‍ എന്തോ കയ്യില്‍ കരുതിയിരുന്നു. അന്നും അത് കൊടുത്ത് കാല്‍ക്കല്‍ നമസ്കരിച്ചതും എനിക്ക് കരച്ചില്‍ വന്നു . ഞങ്ങള്‍ കുറേ നേരം ഇരുന്നു സംസാരിച്ചു. മാഷിന്‍റെ മകനും എന്‍റെ സഹപാഠിയുമായ ഗോപി അന്ന് അവിടെയുണ്ടായിരുന്നു. മാഷെ ഒരിക്കല്‍ കൂടി വന്ദിച്ച ശേഷം ഞാന്‍ അന്നു നിറഞ്ഞ മനസ്സോടെ മടങ്ങി . 

അത് അവസാന കൂടിക്കാഴ്ച്ചയായിരുന്നു. ആ ജൂണില്‍ സ്കൂള്‍ തുറന്ന അന്നു വെളുപ്പിന് മാഷ്‌ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു. മാഷിന്‍റെ മൂത്ത മകന്‍ എന്നെ ഫോണില്‍ വിവരമറിയിച്ചു. പക്ഷേ എനിക്ക് പോകാന്‍ കഴിഞ്ഞില്ല. സ്കൂള്‍ തുറക്കുന്ന ദിവസം . അതിന്‍റെ തിരക്കുകള്‍ സ്കൂളില്‍ വേണ്ടത്രയുണ്ടായിരുന്നു. എന്നാലും ഇപ്പോള്‍ തോന്നുന്നു പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട് അന്ന് മാഷെ അവസാനമായി ഒരു നോക്ക് കാണാന്‍ പോകണമായിരുന്നു ഞാനെന്ന്. കഴിഞ്ഞില്ല .ആദ്യത്തെ ശ്രാദ്ധത്തിന്‍റെ ദിവസം . അതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല ഈ ഭാഗ്യഹീനനായ ശിഷ്യന് . ചേലക്കര യ്ക്കു പോയി മടങ്ങിവരികയായിരുന്നു ഞാന്‍. വറതപ്പേട്ടനെക്കാണാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക്‌ കയറി യതായിരുന്നു ഞാന്‍. സംസാരിച്ച ശേഷം മടങ്ങാനിരിക്കെ ഒരു ഫോണ്‍ ! മാഷ്‌ ടെ മൂത്ത മകനായിരുന്നു അത് . ആദ്യത്തെ ആണ്ടി ന്‍റെ കാര്യം വിളിച്ചറിയിക്കുകയായിരുന്നു അയാള്‍.. എനിക്ക് വളരെ സന്തോഷം തോന്നി . ഒപ്പം ഞാന്‍ മാഷ്‌ ടെ ഓര്‍മ്മകള്‍ ക്ക് മുന്നില്‍ ഒരു നിമിഷം വികാര ഭരിതനായി. 

ഇന്ന് ഈ അധ്യാപകദിനത്തില്‍ ആ വന്ദ്യനായ ഗുരുനാഥനു മുന്നില്‍ ഈ പാവം ശിഷ്യന്‍ ശ്രദ്ധാഞ്ജലിയര്‍പ്പിക്കുന്നു . 

എല്ലാ വന്ദ്യ ഗുരുഭൂതന്മാര്‍ക്കും മുന്നില്‍ ആദരവോടെ . 

വീ.ബീ.കൃഷ്ണകുമാര്‍ 5-9-2013.