Monday, September 17, 2012

നമുക്കു നമ്മുടെ വഴി !!!

                പൊതുനിരത്തിലെ കാര്യങ്ങള്‍ വായനക്കാര്‍ക്കു  മുന്നില്‍ നിരത്തുന്നതുകൊണ്ട് എന്തെങ്കിലും വിശേഷമുണ്ടോ എന്നറിയില്ല ; എങ്കിലും എനിക്കു  പ്രതികരിക്കാന്‍ കഴിഞ്ഞു എന്നു സമാധാനിക്കാമല്ലോ ! ഇങ്ങനെ തുടങ്ങിയതോടെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏതാണ്ടു പിടി കിട്ടിയിരിക്കും. സംഗതി പ്രതിഷേധം തന്നെ ! എങ്കിലും  പ്രതിഷേധത്തിനു കാരണമായ കാര്യങ്ങള്‍ എന്തൊക്കെയെന്നറിയാന്‍ കഴിഞ്ഞെന്നു വരില്ല . കൂടുതലായി  എന്താണു താങ്കള്‍ക്കു പറയാനുള്ളത് എന്നായിരിക്കും ചിലരെങ്കിലും ചിന്തിക്കാനിടയുള്ളത്.ഈ ബോറന്‍ വേഗമൊന്നു പറഞ്ഞു തുലച്ചിരുന്നെങ്കില്‍ എന്നൊന്നും കരുതും മുന്‍പേ പറയാം !
                     
                                വാഹനങ്ങളുടെ നിയന്ത്രണാതീതമായ പെരുക്കം  സൃഷ്ട്ടിക്കുന്ന പൊല്ലാപ്പു  ചില്ലറയൊന്നുമല്ല എന്നു ഞാന്‍ പറയാതെത്തന്നെ നിങ്ങള്‍ക്കേവര്‍ക്കും അറിയാം എന്നെനിക്കറിയാം. ഒരിടത്തരം ടൌണില്‍ത്തന്നെ ഗതാഗതക്കുരുക്കുകള്‍ ഒഴിയാക്കാഴ്ചകള്‍ ആണ്. 

                       ഷ്ടവാഹനങ്ങള്‍ അവനവന്‍റെ കീശയ്ക്കിണങ്ങുന്ന വിധത്തില്‍ വാങ്ങുന്നതില്‍ ആരെയും പഴി പറയുന്നതില്‍ കാര്യമില്ല .ഇപ്പോള്‍ ഏതു  വാഹനത്തിനും ഇണങ്ങുന്ന കീശകളുള്ളവര്‍ ഏറെ നമ്മുടെ സമൂഹത്തിലുണ്ട്.സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം നിരന്തരം വര്‍ധിച്ചു വരികയാണെന്ന് ഓരോരോ സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നു. പക്ഷെ ദരിദ്രരെന്നു കരുതുന്നവരും കാറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സ്വന്തമാക്കുന്നു.ചെത്തി നടക്കുന്നതായി നാം കാണുന്നു. അവരുടെ ധനാഗമമാര്‍ഗത്തെക്കുറിച്ചുള്ള നമ്മുടെ അല്ലെങ്കില്‍ എന്‍റെ അറിവില്ലായ്മയാണ് ഈ കരുതലിനും അമ്പരപ്പിനും കാരണം. 

                                          കൈകസി എന്ന രാക്ഷസി . 'മാലി'എന്ന തൂലികാനാമത്തില്‍ ബാലസാഹിത്യം എഴുതിയിരുന്ന ഒരു കഥാകാരന്‍ നമുക്കുണ്ടായിരുന്നു .അദ്ദേഹത്തിന്‍റെ  മാലി രാമായണം എന്ന പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്. ആ പുസ്തകത്തില്‍ രാവണന്‍ വാഹനക്കമ്പം പൂണ്ട് വനാന്തരത്തില്‍ നില്‍ക്കുന്ന ഒരു കഥാ ഭാഗമുണ്ട്. ലങ്കയില്‍ നിന്നു രാക്ഷസര്‍ കൂട്ടത്തോടെ നിഷ്കാസിതരായ കാലം.കൈകസിയും മക്കളായ രാവണനും കുംഭകര്‍ണ്ണനും മറ്റും  അന്നത്തെ ലങ്കാധിപതിയായ വൈശ്രവണന്‍ പുഷ്പകവിമാനത്തിലേറി പ്രൌഢിയോടെ സഞ്ചരിക്കുന്നതു കാണാനിടയായി. കഷ്ടപ്പാടുകള്‍ നിറഞ്ഞ വനജീവിതത്തില്‍ നിന്നു മോചനം ആഗ്രഹിച്ചിരുന്ന രാവണന് ആ കാഴ്ച താങ്ങാവുന്നതിലും ഏറെയായിരുന്നു.തന്‍റെ അര്‍ദ്ധസഹോദരനായ വൈശ്രവണന്‍ സകല പ്രതാപൈശ്വര്യങ്ങളോടും കൂടി ലങ്കയില്‍ കഴിയുന്നു. സഞ്ചരിക്കാന്‍ സര്‍വാതിശായിയായ പുഷ്പകം . താനും അമ്മയും സഹോദരങ്ങളും രക്ഷോകുലവും കാട്ടിലും മേട്ടിലും കഷ്ടപ്പെട്ടും കഴിയുന്നു. ഏഎ ദുസ്ഥിതിക്ക് എത്രയും വേഗം അവസാനം കാണണം. രാവണന്‍ ദൃഢനിശ്ചയമെടുത്തു. അങ്ങനെയാണ് അയാള്‍ ബ്രഹ്മാവിനെ കഠിനതപസ്സു ചെയ്തു  പ്രീതിപ്പെടുത്തിയതും വൈശ്രവണനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പുഷ്പകം സ്വന്തമാക്കിയതും.മാലി ഇക്കഥ വളരെ സരസമായി വര്‍ണ്ണിക്കുമ്പോഴും രാവണനോടു നമുക്ക് ബഹുമാനമേ തോന്നൂ. ആ പരിശ്രമശാലിയെ നാം മനസ്സുകൊണ്ട് അഭിനന്ദിക്കാന്‍ പോലും തയ്യാറായേക്കും. എന്നാല്‍ ഇന്ന് അധ്വാനിക്കാതെ ധാരാളം പണം സ്വന്തമാക്കുന്നവര്‍ സമൂഹത്തില്‍ വര്‍ധിച്ചിരിക്കുന്നു ഇഷ്ടവാഹനങ്ങള്‍  മോഷ്ടിച്ചും സ്വന്തമാക്കുന്നവരെക്കുറിച്ച് നാം പത്രത്തില്‍ വായിക്കാറുണ്ട്. ജോലിയോ കഴിഞ്ഞു കൂടാന്‍ പ്രത്യേകിച്ച് നിയമ വിധേയമായ ഏര്‍പ്പാടോ ഇല്ലാതിരുന്നിട്ടും ഇരുചക്രവാഹനങ്ങളോ കാറോ വരെ സ്വന്തമാക്കുന്നവര്‍ . അയല്‍വാസികളായിരിക്കും അസൂയയോടെ അല്ലെങ്കില്‍ അമ്പരപ്പോടെ അവരെ നോക്കിനില്‍ക്കുക.   
                                  അല്ലാതെയും പലരുമുണ്ട്.പിടിച്ചു പറിക്കാര്‍ എന്നു  വേണമെങ്കില്‍ പറയാം ! മറ്റുള്ളവന്‍റെ അറിവില്ലായ്മയും ധനത്തിലുള്ള അത്യാര്‍ത്തിയും മുതലെടുത്ത്‌ അവരുടെ കയ്യിലിരിക്കുന്ന ധനം കൈവശപ്പെടുത്തു  ന്നവരാണവര്‍. ...അവര്‍ അധ്വാനിക്കാതെ നേടുന്ന പണം വാഹനങ്ങള്‍ തുടങ്ങിയ ആര്‍ഭാടങ്ങള്‍ക്കായി ചെലവിടുന്നതില്‍  വല്ല അദ്ഭുതവുമുണ്ടോ !

ഇവരെല്ലാം  പൊതുനിരത്തില്‍  ചീറിപ്പാഞ്ഞു കൊണ്ടു സഞ്ചരിക്കുന്നു. വൈകുന്നേരമായാല്‍ 'ഇന്നു വൈകീട്ടെന്താ പരിപാടി ?!' എന്ന  പരിപാടിയില്‍ സ്ഥിരമായി പങ്കെടുക്കുന്നു . ട്രാഫിക് വയലേറ്റ് ചെയ്തു കൊണ്ടു ദിവസത്തില്‍ പല കുറി നമ്മുടെ ദൃഷ്ടിപഥത്തിലൂടെ സഞ്ചരിക്കുന്നു . പൊതുനിരത്തില്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നു . രാവണന്‍ ഇങ്ങനെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതായി പുരാണത്തില്‍ പറഞ്ഞതായി അറിവില്ല .യുദ്ധനീതിയനുസരിച്ച് പരാജിതന്‍റെ വിശിഷ്ടവസ്തുവഹകള്‍ സ്വന്തമാക്കുക എന്നത് അന്ന് അനുവദനീയമായിരുന്നു. ഇന്നത്തെ രാവണന്മാര്‍ തപസ്സു ചെയ്കയില്ല. എങ്ങനെ അന്യനെ പറ്റിച്ചു നാലു  കാശുണ്ടാക്കാം എന്നു തല പുകയുമായിരിക്കാം. അത്രയൊന്നും പുകയ്ക്കേണ്ട കാര്യം നമ്മുടെ കൂട്ടത്തിലെ വിഡ്ഢികള്‍ അവര്‍ക്കു നല്‍കില്ല . ആടുമാഞ്ചിയം പോലുള്ള നിരവധി തട്ടിപ്പുകള്‍ മുന്നില്‍ നില്ക്കെയാണല്ലോ അവര്‍ വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്നു ചാടി വഞ്ചിതരാകുന്നത് . ആ വിഡ്ഢികള്‍ 'വാങ്ങി കൊടുക്കുന്ന' വാഹനങ്ങളില്‍ ക്കയറി അല്പം പത്രാസു കാട്ടുന്നതിനിടയില്‍  പണ്ടു  സ്കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് എഴുതി വെച്ചതോടെ മറന്നു കളയുന്ന റോഡു നിയമങ്ങളും ഗതാഗതച്ചട്ടങ്ങളും ആരോര്‍മ്മിക്കാനാണ് !!? ഓര്‍മ്മിച്ചാല്‍ തന്നെ ആരതൊക്കെ  പാലിക്കാനാണ് ; നമുക്കു നമ്മുടെ വഴി !!!

No comments:

Post a Comment