Friday, October 12, 2012

പൊട്ടിപ്പൊളിഞ്ഞ ഒരു പൂമുഖം : നേരിയ വെളിച്ചം മാത്രമായ ഓര്‍മകള്‍

     നിലമാകെ  പൊട്ടിപ്പൊളിഞ്ഞ ഒരു പൂമുഖം.അതിനോട് ചേര്‍ന്ന് തെക്കു ഭാഗത്ത് ഒരു മച്ച്; വടക്കുഭാഗത്ത് പുറത്താളവും. അവയുടെ മുന്‍പില്‍ പഴയ നാലിറയത്തിന്‍റെ ബാക്കിയായി കിഴക്കു ഭാഗത്ത് ഇറയങ്ങള്‍.
     എപ്പോഴൊക്കെയോ ആ പൂമുഖത്ത് മുത്തപ്ഫന്‍റെ നാമജപം മുഴങ്ങി കേട്ടിരുന്ന ഒരു ചെറിയ ഓര്‍മ്മ.ആ പുറത്താളം പോലെ ഓര്‍മകളിലേയ്ക്കും  നേരിയ വെളിച്ചം മാത്രമാണു  കടന്നു വരുന്നത് ! മുത്തപ്‌ഫന്‍ എല്ലാ ദിവസവും അവിടെയുണ്ടായിരുന്നില്ല. ചാഴൂര്‍ കോലോത്തു നിന്നു വന്ന ദിവസങ്ങളില്‍ 'ശംഭോ മഹാദേവാ' എന്നു ജപിച്ചുകൊണ്ടു ഭസ്മം നനച്ചു കുറിയിട്ട ശേഷം ശ്രീലാകത്തേയ്ക്കു  നടന്നു വരുന്ന ഒരവ്യക്തരൂപം ! അദ്ദേഹം മരിച്ചത് എങ്ങനെയായിരുന്നു?! പിണ്ടസ്സദ്യയുടെ അന്ന് ആ പൂമുഖം അവിടെയുണ്ട് .എന്നാണ് അതു പൊളിച്ചു പോയത് ?! അദ്ദേഹം മരിച്ച ശേഷം ഏറെക്കാലം ഇല്ല ! അവിടെ മച്ചിന്നകത്ത് അച്ഛന്‍ നിര്‍മിച്ച കളിമണ്‍ വിഗ്രഹങ്ങള്‍. അവ യ്ക്കു നിറം നല്‍കാന്‍ അച്ഛന്‍ വാങ്ങി വെച്ച നീലയും മഞ്ഞയും ചുവപ്പും ഒക്കെയായ പെയിന്റ് ഡപ്പികള്‍. കിരീടവും വളകളും നിറം കൊടുക്കാന്‍ പെയിന്റിനോടൊപ്പം വാങ്ങിക്കുന്ന 'സ്വര്‍ണ്ണത്തരി'കളും ! ഒന്നോ രണ്ടോ സ്റെപ്പുകള്‍ കയറി വേണമായിരുന്നു മച്ചി നകത്തേ  യ്ക്കു  പ്രവേശിക്കാന്‍. ഇരുള്‍ നിറഞ്ഞ ആ മച്ചിന്നകത്തിരുന്ന് അച്ഛന്‍ മഹാബലിയുടെ രൂപം  ഏറെക്കുറെ  പൂര്‍ത്തിയാക്കിയതായിരുന്നു .ആ നിര്‍മ്മാണവേളയില്‍ അടുത്തുള്ള ഏതോ കരിങ്കണ്ണന്‍ അതോ കരിങ്കണ്ണിയോ അവിടെയ്ക്കു കടന്നു വന്നു . ആ നാക്കില്‍ കടന്നു വന്നത് വികടസരസ്വതിയും.അച്ഛന്‍ മനം മടുത്ത് ആ പ്രതിമാ നിര്‍മ്മാണം അവസാനിപ്പിച്ചതിന്‍റെ ഒരു ചെറിയ ഓര്‍മ്മക്കീറു മാത്രമാണിപ്പോള്‍ ഈ മനസ്സില്‍ വന്നു വീഴുന്നത്! കളിമണ്ണൊക്കെ മുഴുവന്‍ നിലം പൊത്തി.എന്നാല്‍ അച്ഛന്‍ പിന്നീട് ഒരു വെണ്ണക്ക്കൃഷ്ണനെ നിര്‍മ്മിച്ചു.ഒരു തടിയന്‍ കണ്ണന്‍.അച്ഛന്‍ കുറെയധികം കളിമണ്‍ വെണ്ണ കണ്ണന് അന്ഗോപാംഗം  കൊടുത്തു !!! ആ തടിച്ച രൂപത്തെക്കുറിച്ച് അമ്മാത്തെ ഏട്ടന്‍മാര്‍ കമന്റ്‌  ചെയ്യാറുണ്ടായിരുന്നു. പട്ടേരില്ലത്തെ  കുഞ്ച്വേട്ടന്‍ തന്നെപ്പോലുള്ള ഒരു ശ്രീകൃഷ്ണനെ ഉണ്ടാക്കി എന്നോ മറ്റോ ആയിരുന്നു അത് ! ആ കൃഷ്ണന്‍  മാത്രമാണ്  ഇന്നു കൂടെയുള്ളൂ .
        പുറത്താളത്തിലേയ്ക്ക് വളരെ ചുരുങ്ങിയ അവസരങ്ങളിലേ കടന്നു ചെന്നിട്ടുള്ളൂ.അവിടെ ചുമരില്‍ ചില ഫോട്ടോകള്‍ തൂങ്ങിക്കിടന്നിരുന്നു.കുടുമ്മ വെച്ച അതിലൊരു രൂപം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ എന്ന് അതാരാ എന്ന മട്ടിലുള്ള  അന്നത്തെ എന്‍റെ ബാലകൌതുകത്തിനുള്ള ഉത്തരം കിട്ടിയതും  വളരെ അവ്യക്തമായി ഞാന്‍ ഓര്‍മ്മിക്കുന്നു. ആ ചുവരുകളില്‍ ഒന്നില്‍ പിച്ചള കൊണ്ടു കെട്ടിയ  ഒരു പോത്തിന്‍കൊമ്പ്‌ തൂങ്ങിക്കിടന്നിരുന്നു. കാട്ടു പോത്തിന്റെ കൊമ്പാണ് അതെന്നാണ്‌ അന്നെനിക്ക് കിട്ടിയ മറ്റൊരു ഉത്തരം ! എങ്ങനെ ഒരു വന്യജീവിയുടെ കൊമ്പ് അവിടെ കിട്ടാനിടയായി എന്നൊന്നും അന്നു ഞാന്‍ ചോദിക്കുകയുണ്ടായിട്ടില്ല. ഞാന്‍ ഒരു നിഷ്കളങ്കനായ  ബാലന്‍ ആയിരുന്നല്ലോ !    

2 comments: