Friday, November 2, 2012

നിയമം വല്ലതുമുണ്ടോ ?!

"ഇതിങ്ങനെയാവാന്‍ പാടില്ലാന്നു നിയമം വല്ലതുമുണ്ടോ ?!" അല്ലെങ്കില്‍  " ഇതിങ്ങനെ വേണമെന്നു  വല്ല നിയമോം ഉണ്ടോ ? "
    
             ചിലര്‍ ചില കാര്യങ്ങളില്‍ ഇങ്ങനെ രോഷാകുലരാകുന്നതു  കാണാറില്ലേ ?  ഇവര്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ നിയമം ആയാല്‍പ്പിന്നെ ഒക്കെയങ്ങനുസരിച്ചു കളയും !!!  
       


               നിയമത്തിന്‍റെ കാര്യത്തില്‍ മലയാളികള്‍ എത്ര  ബോധവാന്മാരാണെന്നോ ! സാക്ഷരതയില്‍ ഒന്നാമതല്ലേ ! അതിനാല്‍ അവര്‍ നിയമം വരേണ്ട താമസം പൊതുസ്ഥലത്തു പുകവലിച്ച് ബാക്കിയുള്ളവരെ കഷ്ടപ്പെടുത്തുന്ന ഏര്‍പ്പാടേ നിര്‍ത്തി !  
                   മോട്ടോര്‍ വാഹനങ്ങളില്‍ നിന്നെന്ന പോലെ  പുക വമിപ്പിച്ചു കൊണ്ട് ആരെയും കൂസാതെ പൊതുസ്ഥലത്തെവിടെയെങ്കിലും സിഗരറ്റോ ബീഡിയോ വലിക്കുന്ന ഒരാളെ ഇന്നു  കാണുമോ !!!  
                           പണ്ടായിരുന്നെങ്കില്‍ പുക  വലിക്കരുത്, ശല്യമാണ് എന്നെങ്ങാനും ആരെങ്കിലും എതിര്‍പ്പു  പ്രകടിപ്പിച്ചാല്‍ അവര്‍ വലിക്കുന്ന സിഗരറ്റിന്‍തുമ്പത്തെ തീയിനെക്കാള്‍ തീ അവരുടെ കണ്ണുകളില്‍ കാണുമായിരുന്നു ! നിയമം വന്നതോടെ എല്ലാ പുകവലിക്കാരും എത്ര ഡീസെന്‍റ് ആയി! അതാണു നിയമത്തിന്‍റെ ഒരു പവര്‍ !
                                    ഹര്‍ത്താല്‍ ഇപ്പോള്‍ നടക്കുന്നതു നോക്കേണ്ട ; ജനങ്ങള്‍ക്കു വേണ്ടിയാണു ഹര്‍ത്താല്‍ ; അതു ജനങ്ങള്‍ വിജയിപ്പിച്ചു എന്നു പിണറായിയെപ്പോലുള്ള മൂത്ത സഖാക്കള്‍ അവകാശപ്പെടാറില്ലേ , പലപ്പോഴും ലീവെല്ലാം കഴിഞ്ഞിരിക്കുന്ന സമയത്ത്‌ ഒരു ലീവെടുക്കാന്‍ എത്ര അനുഗ്രഹമാണ് ഒരു ഹര്‍ത്താല്‍ വീണു കിട്ടുന്നത് ! വാഹനത്തില്‍ പോയിട്ട് ഹര്‍ത്താല്‍  അനു   "കൂലികളി"ല്‍ നിന്ന്‍ മോശമായ അനുഭവമുണ്ടായാല്‍ ഒരാളും അനുകൂലിക്കാന്‍ ഉണ്ടാകില്ല, വീട്ടിലിരുന്നു സുഖമായി ടീവീ കണ്ടിരിക്കുന്നതേ കരണീയം എന്നു വിവേകബുദ്ധിയുദിക്കു മെന്നതിനാല്‍ എല്ലാവരും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു വീട്ടിലിരിക്കും. പലര്‍ക്കും കുപ്പി പൊട്ടിക്കാന്‍ ഇത്ര മനോഹരമായ അവസരങ്ങള്‍ ഇത്ര സൌകര്യമായി ഒത്തു കിട്ടാറില്ല. നിയമത്തെ  ഒരല്‍പം നിഷേധിച്ചാലും എന്താ ! 
വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്ന ഒരു കാഴ്ച്ച ഇനി കേരളത്തില്‍ കാണാന്‍ കഴിയുമോ ! നോ പാര്‍ക്കിംഗ് എന്ന ബോര്‍ഡ്‌ കണ്ടാല്‍ പിന്നെ അവിടെ വെയ്ക്കുന്ന കാര്യം ചിന്തിക്കുക പോലും നമ്മള്‍ കേരളീയരായ വാഹന ഉടമസ്ഥര്‍ ചെയ്യാറില്ലല്ലോ ! അത്രയ്ക്കു പ്രബുദ്ധതയുടെ ഉത്തുംഗ ഗോപുരങ്ങളില്‍ വിരാജിക്കുന്നവരാണല്ലോ നമ്മള്‍ . 
                ഇനി മദ്യം നിരോധിച്ചാല്‍ സംശയമില്ല. അന്നു കുടി നിര്‍ത്തും മലയാളിമദ്യപസമൂഹം. (എമ്മെമ്മെസ് ! ) പക്ഷെ ഈയെമ്മെസ്സായി തുടങ്ങിയ റവന്യൂ നികുതി പിരിവൂര്‍ജിത സമാഹരണമാര്‍ഗമായ മദ്യവില്പന നിര്‍ത്തിയാല്‍ ഏതൊക്കെ "ആകാശ"ങ്ങളാണ്ഇടിഞ്ഞു വീഴുക എന്നു നമുക്കല്ലേ അറിയൂ ! കഴുതകളായ പൊതുജനത്തി നല്ലല്ലോ !

1 comment: