Thursday, September 19, 2013

ശങ്കുരുട്ടിമാഷും ഒരു ഉണങ്ങിയ നീളന്‍ മുളക്കഷണവും പിന്നെ അതു വലിച്ചു കൊണ്ട് ഒരു കുഞ്ഞുഞാനും !

ശങ്കുരുട്ടിമാഷും ഒരു ഉണങ്ങിയ നീളന്‍ മുളക്കഷണവും പിന്നെ അതു വലിച്ചു കൊണ്ട് ഒരു കുഞ്ഞുഞാനും ! 

ഔദേപ്പേ... !
പന്ത്രാങ്കോ ...! 
മാഷ് വിളിക്കും ഞങ്ങളില്‍ ചിലരെ നോക്കി ! ഞങ്ങളോ കിലുക്കാം പെട്ടികള്‍ പോലെ ചിരിക്കും . 
എന്നെയും വിളിച്ചിട്ടുണ്ടോ എന്നോര്‍മ്മയില്ല . മാഷ്‌ എങ്ങനെയാണ് പഠിപ്പിച്ചിരുന്നത് എന്നും ഒരു 'തരി' ഓര്‍മ്മയില്ല ; മാഷ്‌ടെ കുറ്റമല്ല ; എന്തോ അതിനേക്കാള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നത് മാഷ്‌ ടെ ഈ പ്രത്യേകതകള്‍ ആണ്. 
തമാശക്കാരനായ അദ്ദേഹം ഞങ്ങളെ ഇടയ്ക്ക് ഇങ്ങനെയൊക്കെ വിളിച്ച് രസിപ്പിക്കും. 
ഇങ്ങനെയുള്ള ശങ്കുരുട്ടിമാഷെ എല്ലാര്‍ക്കും ഇഷ്ടമായിരുന്നു. 
എന്‍റെ മൂന്നാം ക്ലാസ്സിലെ മാഷായിരുന്നു ശങ്കുരുട്ടി മാഷ്‌. 
ശങ്കരന്‍കുട്ടിമാഷ്‌ ആണ് ശങ്കുരുട്ടി മാഷ്‌ ആയത് എന്ന് കാലം കുറെ കഴിഞ്ഞല്ലേ മനസ്സിലായത് . 
ഞങ്ങള്‍ മാഷെ പൊതിഞ്ഞ് നില്‍ക്കുന്ന ചില അവസരങ്ങളില്‍ മാഷ്ക്ക് വേറെ ഒരു വിദ്യ ഉണ്ട് ! 
വായിലേക്ക് കൈ ഒറ്റ കടത്തല്‍ ആണ് ; എന്നിട്ട് ആ പല്ലുകള്‍ പുറത്തെടുക്കും ! 
ഒരു തരം ഭയത്തോടെയോ അല്ലെങ്കില്‍ അറപ്പോടെയോ ആയിരുന്നു എന്നു തോന്നുന്നു,ഞാനത് നോക്കി നിന്നിരുന്നത് ! എന്നാലും ചിരിച്ചിരുന്നു. 
മാഷ്‌ടെ പല്ല് വെപ്പുപല്ലായിരുന്നു. 
എന്തിനാ അത് ഇടയ്ക്ക് എടുത്തിരുന്നത് ?! ഞങ്ങളെ രസിപ്പിക്കാനോ ?! 
ആലോചിച്ചു നോക്കിയിട്ടുണ്ട് . 
ആയിരിക്കണം എന്നാണ് ഇപ്പോഴും മനസ്സു പറയുന്നത്. 
മാഷ്‌ ഒരിക്കല്‍ പക്ഷേ ഒരിക്കല്‍ എന്നോട് കുപിതനായി ! 
ബോര്‍ഡിന്‍റെ കാല് നേരെയാക്കാന്‍ പറ്റിയ കാല് കൊണ്ടന്നോ എന്നോ മറ്റോ അന്ന് പറഞ്ഞു എന്ന് തോന്നുന്നു !
എന്തിനാണ് അത് എന്നോട് പറഞ്ഞിട്ടുണ്ടാവുക ?!
ഊഹിക്കാമോ ?! 
ഞാന്‍ ഏതോ ഇന്‍റര്‍വെല്‍ വേളയിലായിരിക്കണം ക്ലാസ്സിന്‍റെ ഒരു മൂലയില്‍ മുക്കാലിയില്‍ നിന്നിരുന്ന ആ ബോര്‍ഡിനരികിലൂടെ ഓടുമ്പോഴാണ് അത് സംഭവിച്ചത് ! 
എന്‍റെ കയ്യോ കാലോ ദേഹമോ എന്തോ ഒന്ന് തട്ടി ബോര്‍ഡതാ ചട പട ധീം ! കാലുകളിലൊന്നു മുറിഞ്ഞു പോയിരിക്കുന്നു . ഉടനെ മാഷ്‌ ടെ ശ്രദ്ധയില്‍പ്പെട്ടു അക്കാര്യം . 
എന്നെ അടുത്തു വിളിച്ചു .ഭയചകിതനായ കുഞ്ഞുവീബീ നിരുപാധികം തെറ്റു സമ്മതിച്ചിട്ടുണ്ടായിരുന്നിരിക്കണം അന്ന് . 
അന്ന് ഉച്ച ഭക്ഷണത്തിന് ഇല്ലത്തേക്കു പോകുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു പ്ലാന്‍ രൂപം കൊണ്ടു ! 
വിറകുപുരയില്‍ ഉണങ്ങിയ വലിയ മുളകള്‍ ചാരി വെച്ചിട്ടുള്ളത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അച്ഛനെന്തോ ആവശ്യത്തിന് കരുതി വെച്ചതായിരിക്കണം എന്ന് അപ്പോഴുണ്ടോ ഞാന്‍ ചിന്തിക്കുന്നു ! എനിക്ക് എങ്ങനെയെങ്കിലും മാഷ്‌ ടെ ചീത്തയില്‍ നിന്നും അടിയില്‍ നിന്നും രക്ഷപ്പെടണം . 
അങ്ങനെയാണ് ഞാന്‍ അന്ന് ഊണ് കഴിഞ്ഞ ശേഷം ആ മുളകഷണം എങ്ങനെയോ ചുമന്നു കൊണ്ടു സ്കൂളില്‍ തിരിച്ചെത്തിയത്. 

ആരോടും പറഞ്ഞില്ല . പറഞ്ഞാല്‍ അമ്മയോ അച്ഛനോ സമ്മതിച്ചില്ലെങ്കിലോ ! 
ആ സമയത്തൊക്കെ അച്ഛന്‍ എവിടെയായിരുന്നുവോ ആവോ ! 
മുകളിലെ നിലയില്‍ പടിഞ്ഞാറെ മുറിയില്‍ ഉച്ചമയക്കത്തിനു പോയതായിരുന്നിരിക്കുമോ !? അമ്മയോ ?! അമ്മ അടുക്കളപ്പണികളില്‍ മുഴുകിയതിനാല്‍ എന്‍റെ മോഷണം അറിയാതെ പോയതായിരുന്നിരിക്കുമോ അന്ന് ?! 
എങ്ങനെ ഓര്‍മ്മ വരാനാണ് !
ഒന്നു തീര്‍ച്ച ! മാഷ് ആ ഒരു കാര്യം ഞാന്‍ ചെയ്യും എന്നുറപ്പിച്ചായിരുന്നില്ല അന്ന് എന്നോടാവശ്യപ്പെട്ടത് എന്ന് ! 
ഞാനിന്ന് ഒരധ്യാപകനാണല്ലോ. എനിക്കറിയാമല്ലോ കുട്ടികളുടെ മനശ്ശാസ്ത്രം കുറച്ചോക്കെ! 
എന്തായാലും അതില്‍പ്പിന്നെ കുഞ്ഞുവീബീ ബോര്‍ഡുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ വളരെ ശ്രദ്ധാലുവാകുകയോ അഥവാ അക്കാര്യം തീരെ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടായിരിക്കണം ! അതു കൊണ്ടല്ലേ അത്തരം സംഭവങ്ങളൊന്നും എനിക്ക് ഓര്‍ക്കുവാന്‍ ഇല്ലാത്തത് ! 
മാഷ്‌ ഞാന്‍ സ്കൂള്‍ വിട്ടു പോന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചതായി പിന്നീട് എപ്പോഴാ അറിഞ്ഞു . 
ആ ഗുരുനാഥനു മുന്നില്‍ മനസ്സു കൊണ്ട് സാഷ്ടാംഗ നമസ്കാരം ചെയ്യുന്നു .

6 comments:

  1. അസ്സലായി മാഷേ ഓര്‍മ്മ :)

    ReplyDelete
    Replies
    1. ആര്‍ഷ , വളരെ സന്തോഷം ; നന്നായി എന്ന് പറഞ്ഞതിന് ; അതിനേക്കാള്‍ ഈ ബ്ലോഗ്‌ വായിച്ചതിന് ; ഇനിയും സമയം കിട്ടുമ്പോള്‍ ഈ ഏട്ടന്‍റെ എഴുത്തുകള്‍ വായിക്കാന്‍ എത്തണം ട്ടോ !

      Delete
  2. കൃഷ്ണേട്ടാ നല്ല നല്ല ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല.....കൃഷ്ണേട്ടനും വെയ്പ് പല്ല് വെച്ചു തുടങ്ങരായോ എന്നെനിക്കറിയില്ല....എന്നാലും മാഷിന്റെ പല്ലിന്റെ കാര്യം ഓര്‍മ നില്കുന്നു.എന്തായാലും നമ്മുടെ കുട്ടികാലതെക്കും കൂട്ടികൊണ്ടു പോകുന്നു ഇതു വായിച്ചപ്പോള്‍
    നന്ദി....തുടര്‍ന്നും നല്ല കാര്യങ്ങള്‍ എഴുതുകയും ക്ഷണിക്കുകയും വേണം അതിനു കൃഷ്ണേട്ടനെ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ..

    ReplyDelete
    Replies
    1. ആല്‍വിന്‍ വളരെ സന്തോഷം ; എനിക്ക് പല്ല് ജന്മനാ ഉള്ളതു തന്നെ ഇപ്പോഴും ; മുഴ്വനാളുകളും കൂടെയില്ല എന്ന് മാത്രം ! അവരുടെ ജന്മം ആണേ ഞാന്‍ ഉദ്ദേശിച്ചത് !

      Delete
  3. എന്നിട്ട് മിസ്സിംഗ്‌ ആയ മുളംകാല്‍ കണ്ടെത്താന്‍ അച്ഛന്‍ ശ്രമിച്ചില്ലേ മാഷെ? കഥ പെട്ടന്ന് തീര്‍ന്നുപോയത് പോലെ തോന്നി.

    ഇവിടെ ആദ്യമാണ്. മാഷിനു ഇങ്ങനെ ഒരു സംരഭം ഉള്ളകാര്യം ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
    എല്ലാവിധ ആശംസകളും മാഷെ.

    ReplyDelete
    Replies
    1. സന്തോഷം ധ്വനീ ; എനിക്ക് ഓര്‍മ്മ വരുന്നില്ല അച്ഛന്‍ അതറിഞ്ഞില്ലായിരുന്നിരിക്കണം എന്നേ പറയാന്‍ കഴിയുന്നുള്ളൂ .

      Delete