Saturday, September 21, 2013

കണ്ണുകളിലെ ആ തീ പേടിച്ച് !



ഒരിക്കല്‍ ഞാന്‍, വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, ബസ്സു കാത്തു നില്‍ക്കുകയാ യിരുന്നു . സ്കൂളിലേക്കു പോകണം .എന്നാലും പോകേണ്ട ദിശയ്ക്ക് എതിര്‍വശത്താണ് നില്‍പ്പ് ! അവിടെ അല്‍പ്പം തണലുണ്ടായിരുന്നു. ആ തണലില്‍ നില്‍ക്കുന്നതിന്റെ സുഖം ഉണ്ടുകൊണ്ടങ്ങനെ നില്‍ക്കുകയായിരു ന്നു. അപ്പോഴാണ് സമീപത്ത് ഒരു തീപ്പെട്ടിക്കൊള്ളി ഉരസുന്ന ശബ്ദം കേട്ട ത് ! ഞാന്‍ നോക്കുമല്ലോ ! അപ്പോള്‍ ഒരു നാടന്‍ മനുഷ്യന്‍ ആദ്യം വിട്ട പുകച്ചുരുള്‍ നേരെ എന്നെ പരിരംഭണം ചെയ്യാനായി വരുന്നതാണ് കണ്ടത് !
അന്ന് ഇന്നത്തത്ര കണിശമായി നിയമപരിപാലകര്‍ പുകവലിയന്മാരേ പിടി കൂടും എന്ന 'കടലാസ്സുപുലി' നാട്ടില്‍ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല ! അതു കൊണ്ടായിരിക്കണമല്ലോ ചേലക്കര പോലീസ് സ്റ്റേഷന്‍റെ മുന്‍വശത്ത്
അന്നങ്ങനെ ഒരു പുകവലിയന്‍ നിര്‍വിശങ്കം നിന്നു പുക വലിക്കാന്‍ തുടങ്ങിയത്.
ഞാന്‍ സ്വതേ ഒരു പുകയും അത്ര അലര്‍ജിയുള്ള കൂട്ടത്തില്‍ അല്ല ! സത്യത്തില്‍ സിഗരറ്റുപുകയുടെ മണം എനിക്ക് കുറച്ചൊക്കെ ഇഷ്ടമുള്ള കൂട്ടത്തിലും ആണ്. ന്നാല്‍ ബീഡിക്ക് മണം ആണ് എന്ന് ഞാന്‍ പറയുകയുമില്ല ; തനി 'നാറ്റം ബോംബ്‌' പൊട്ടിച്ച പോലെയാണ് അത് എന്നേ ഞാന്‍ പറയൂ !
എന്നാല്‍ എനിക്ക് ആ 'മണം' ആസ്വദിച്ചങ്ങനെ നില്ക്കാന്‍ കഴിയുന്നതെങ്ങനെ ?! ബസ്സു വരാറായതുകൊണ്ടല്ല , ഇതിനിടയ്ക്ക് എങ്ങനെ യോ 'സ്മോക്കിംഗ് ഈസ് ഇഞ്ജ്യൂറിയസ് റ്റു ഹെല്‍ത്ത്' എന്ന പാഠം ഞാന്‍ പഠിച്ചു പോയിരുന്നു ! അപ്പോള്‍ പിന്നെ അതു ജീവിതപരീക്ഷയില്‍ എഴുതാ തെ പറ്റുമോ ! ഞാന്‍ അല്‍പനേരം കാത്തു. കാററ് ഇങ്ങോട്ടു തന്നെയായിരുന്നു ! ഞാനൊന്ന് നീരസഭാവത്തില്‍ നോക്കി അയാളെ ;
അയാളിങ്ങോട്ടും നോക്കി ! താനാരാ ഒരു മാന്യന്‍ എന്നാണ് അതിനര്‍ത്ഥം എന്ന് ഞാന്‍ വായിച്ചു .
പറഞ്ഞാലോ ഒന്ന് നീങ്ങി നിന്നു വലിക്കാന്‍ ?! ഞാനാലോചിച്ചു .
വേണ്ട ; പറഞ്ഞാല്‍ സിഗരറ്റിന്‍ തുമ്പത്തെന്ന പോലെ അയാളുടെ കണ്ണുക ളിലും തീ കാണാനിടയുണ്ട് എന്ന് ജ്ഞാനദൃഷ്ടി കൊണ്ട് ഞാനറിഞ്ഞു.
ഒരു കാര്യം ചെയ്യാം ; ഞാനങ്ങോട്ടല്‍പ്പം നീങ്ങി നില്‍ക്കാം ; എനിക്ക് മാന്യത പുലര്‍ത്തണമല്ലോ ! അയാള്‍ക്ക് അങ്ങനെ ഒരു സാധനം ഇല്ലാത്തതിനാല്‍ ആ ബുദ്ധിമുട്ടില്ല താനും . അതിനാല്‍ ഒരു മൂന്നു നാലടി അകലേക്കു മാറി നിന്നു . എന്നിട്ടയാളെ നോക്കി. അയാള്‍ സുഖമായി അങ്ങനെ വലിച്ചു തള്ളുകയാണ്. ഞാന്‍ അയാളില്‍ നിന്നു കണ്ണെടുത്തു . (തെറ്റിദ്ധരിക്കേണ്ട , മലയാളത്തിലെ ഒരു പഴയ പ്രയോഗമാണ് ; നോട്ടം പിന്‍വലിച്ചു എന്ന് സാരം !ഇയാളില്‍ നിന്നുണ്ടോ കണ്ണെടുക്കാന്‍ പറ്റുന്നു ?! അവയവദാനത്തിന്റെ കാലമല്ലേ അയാളുടെ കരള്‍ പോയിട്ട് കണ്ണും എടുക്കാന്‍ പറ്റാതായിട്ടുണ്ടാകും കാറ്റുപോകും നേരത്ത് ! അങ്ങനെയല്ലേ വലിച്ചു തള്ളുന്നത് !)
നോക്കേണ്ടിയിരുന്നില്ല എന്ന് ഉടനെ മനസ്സിലായി ! സെക്കണ്ടുകള്‍ കഴിഞ്ഞില്ല, അതാ അതേ മണം എന്‍റെ നാസാദ്വാരം കടന്നു വരുന്നു ! അയാള്‍ എന്‍റെ അടുത്തേക്ക് നീങ്ങി നിന്നതാണ് ! എന്‍റെ പുക കൊള്ളാതെയുള്ള ആ നില്‍പ്പ് അയാള്‍ക്കു സുഖിച്ചില്ല എന്നു വ്യക്തം !
അയാളുടെ ഒരു മനസ്സ് ! അതിലും തനി പുകയില തന്നെയാണോ നിറച്ചു വെച്ചിരിക്കുന്നത് എന്നെനിക്കു തോന്നിയാല്‍ നിങ്ങളെന്നെ കുറ്റപ്പെടുത്തരുത് .
എന്തിനു പറയുന്നു ഞാന്‍ വീണ്ടും നീങ്ങി നിന്നു . അയാളും നീങ്ങി നിന്നു. അമ്പട വലിയാ ! നീയാള് കൊള്ളാമല്ലോ എന്നു വിചാരിച്ച് ഞാന്‍ ഒരു നിമിഷം ആ പുകച്ചുരുളുകള്‍ക്കിടയില്‍ ഒന്ന് തല പുകച്ചു ! അടുത്ത നിമിഷം ആ പുകവലിയന്‍, റോഡു മുറിച്ച് അപ്പുറം കടക്കുന്ന എന്നെയാണ് കണ്ടത് ! അതിന്നടുത്ത നിമിഷം മുതല്‍ അല്‍പ്പം വെയില്‍ കൊണ്ടിട്ടായാലും പുകവലയത്തില്‍ നിന്ന് മോചനം നേടി സുഖിക്കുന്ന നേരത്തേക്കണ്ട , അയാളെ വിഷമിപ്പിച്ച , അതേ എന്നെയാണ് !
ഭാഗ്യം ! അയാള്‍ അവിടെ നിന്നു തുടര്‍ന്നും വിഷമിച്ചതേയുള്ളൂ ; ഇപ്പുറം കടന്നു വന്നില്ല ; വന്നിരുന്നെങ്കില്‍ ഞാന്‍ അതാ വരുന്ന അടുത്ത വണ്ടിയില്‍ കയറിപ്പോകുന്നതു കണ്ട് അണ്ടി കളഞ്ഞ അണ്ണാനെ പ്പോലെ നോക്കി നില്‍ക്കേണ്ടി വരുമായിരുന്നു ! ഹ ഹ ഹ ഹാ !

2 comments:

  1. ആശംസകൾ
    എഴുത്തിൽ മാറ്റം വരുത്തണം, കുറച്ച് തേങ്ങയൊക്കെ ചിരകി ചേർക്കാൻ ഉണ്ട്

    ReplyDelete
  2. ഹ ഹ തീര്‍ച്ചയായും ഇനി ചിരകിയിട്ടേക്കാം ഷാജൂ :)

    ReplyDelete