Wednesday, August 6, 2014

ഐക്കരക്കുളം

ഐക്കരക്കുളം

21 January 2014 at 23:12
            ഇളം ചൂടുള്ള  വെള്ളം . ഇറങ്ങിച്ചെന്ന് സന്ധ്യയാവോളം നീന്തി നീന്തി മദിക്കും. എന്നിട്ട് കണ്ണും ചുവപ്പിച്ച് ഇല്ലത്തേക്കു മടങ്ങും . ഇതായിരുന്നു അന്നൊക്കെ വേനലവധിക്കാലത്തെ വൈകുന്നേരങ്ങളിലെ പതിവ് . 

"എന്താ ഈ ഐക്കരക്കുളം എന്ന പേര് വരാന്‍ കാരണം ?! "  

ഈയടുത്തയിടെ  ഞാന്‍ അന്യേട്ടനോട് ചോദിച്ചു . 
അതിനു കൃത്യമായ സമാധാനം പറയാന്‍ അന്യേട്ടന് പറ്റിയില്ല ; എങ്കിലും ഐക്കര എന്നത് ഈ പ്രദേശത്തിന്റെ പേര് ആയിരുന്നിരിക്കാം എന്ന് ഒരു  സാധ്യതയുണ്ട് എന്നു പറഞ്ഞു . 

ഈ അന്യേട്ടനും ഉണ്ടായിരുന്നു അന്നൊക്കെ ഞങ്ങളോടൊപ്പം വെള്ളത്തില്‍ ഇറങ്ങി മദിക്കാന്‍ . അന്യേട്ടന്‍ വലിയ കുട്ടി ആകുന്നതു വരെ . 
           
           ഇല്ലത്തെ കുളത്തില്‍  വേനലായാല്‍ ഏറെ താഴേക്കു ജലവിതാനമിറങ്ങുമായിരുന്നു. നീന്തിക്കുളിക്കാന്‍ അത്ര സുഖം പോരായിരുന്നു . ചേറു നിറഞ്ഞ കുളം . അതു പക്ഷെ ഐക്കര കുളത്തിലും അങ്ങനെ ആയിരുന്നു. ചേറില്‍ കാലു പൂന്തുമായിരുന്നു നീന്തുപ്പോള്‍ പലപ്പോഴും .എന്നാല്‍  കല്‍പ്പടവുകള്‍  മൂടി നിന്നിരുന്ന ജലവിതാനം ഓടി ഇറങ്ങി ഏറെ കുണ്ടില്‍ പോകുമായിരുന്ന ഇല്ലത്തെ കുളം പോലെയല്ല ആ കുളം . കല്‍പ്പടവുകള്‍ ഇല്ല. പകരം തെങ്ങിന്റെ തടി കൊണ്ട്  തട കെട്ടി ഒരു പ്രത്യേക രീതിയിലുള്ള ഒതുക്കുകള്‍ പോലെ കാണപ്പെട്ടിരുന്ന കടവില്‍ ഇറങ്ങി പിന്നീട് നീണ്ട ചെരിവായി മണല്‍ നിറഞ്ഞ അടിത്തട്ടില്‍ കാലുകള്‍ വെച്ച് കുറച്ചൊക്കെ ദൂരം ഇറങ്ങി
ച്ചെല്ലാമായിരുന്നു . 

            കുളിക്കാന്‍ പോകാനുള്ള സമയമാകാന്‍ കാത്തിരിക്കുമായിരുന്നു അന്നൊക്കെ .ഒരു വിധം ഉച്ച തിരിഞ്ഞു ഒരു മൂന്നു മൂന്നര നാലു മണി ആയാല്‍ അമ്മയോട് അനുവാദം ചോദിച്ചിട്ടായിരുന്നിരിക്കണം തോര്‍ത്തുമുണ്ടും സോപ്പുമായി നടുക്കിലില്ലത്തേക്കു പോകും . നടുക്കിലില്ലത്തിന്റെ പടിഞ്ഞാറേ ഭാഗത്തായിരുന്നു ഐക്കരക്കുളം.
ഐക്കരക്കുളത്തിലേക്കു പോകുന്നു എന്നൊന്നുമല്ല പറയുക .

"അമ്മേ നടുക്കിലിക്ക് കുളിക്കാന്‍ പോട്ടെ ? "  എന്നാണ് അനുവാദം ചോദിക്കുക . 

        വെങ്കിടങ്ങില്‍ ചിരപുരാതനമായ മാറ്റിബ്ഭട്ടതിരി ഇല്ലം എന്ന മേക്കാട്ട്‌ എന്ന വടവര്‍ക്കോട്ടു മന കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്റെ മക്കള്‍ക്ക് മൂന്നായി ഭാഗം വെച്ചപ്പോള്‍ എന്റെ ഏട്ടന്റച്ഛനായ ചിത്രന്‍ ഭട്ടതിരിപ്പാട് വേറെ പുര വെച്ചു താമസമായി . തൃശൂരില്‍ നിന്ന് കാഞ്ഞാണി മണലൂര്‍ വഴി ഏനാമാവും കരുവന്തലയും കഴിഞ്ഞ് മേച്ചേരിപ്പടിക്കടുത്ത് വെങ്കിടങ്ങു പഞ്ചായത്ത് ഓഫീസ് . പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് എന്റെ ഇല്ലപ്പറമ്പ്. അതില്‍ രണ്ടു കുളങ്ങള്‍ . കിഴക്കേ കുളവും തെക്കേ കുളവും . തെക്കേ കുളത്തില്‍ കിഴക്കേ കുളത്തില്‍ പറ്റും പോലെ പോലും വേനല്‍ക്കാലത്ത് ഇറങ്ങിക്കുളിക്കാന്‍ വയ്യ . വെള്ളം പരിപൂര്‍ണ്ണമായി വറ്റുമായിരുന്നു. നന്നേ താഴെ ചെല്ലുമ്പോള്‍  ഇടിഞ്ഞു പൊളിഞ്ഞ കല്‍പ്പടവുകളായിരുന്നു തെക്കേ കുളത്തിന് . എന്റെ നന്നേ കുട്ടിക്കാലത്ത് മഞ്ഞു പെയ്യുന്ന പുലര്‍വേളകളില്‍പ്പോലും തണുപ്പോ മഞ്ഞോ വക വെയ്ക്കാതെ അവിടെ പക്ഷെ അച്ഛന്‍ കുളിക്കുമായിരുന്നു ഇടയ്ക്കൊക്കെ. ഉറക്കെ ഉറക്കെ നിര്‍ത്താതെ ആ തുമ്മല്‍ കേള്‍ക്കാമായിരുന്നു അന്നൊക്കെ . 

ചാഴൂര്‍ കോലോത്തു സംബന്ധം ഉണ്ടായിരുന്ന ഉണ്ണി മുത്തപ്ഫന്‍ അവിടെ മാത്രമേ കുളിക്കുമായിരുന്നുള്ളൂ പോലും . ചാഴൂരില്‍ നിന്ന് വരുന്ന ദിവസങ്ങളില്‍ അവിടെ കുളിച്ചുള്ള വരവായിരുന്നിരിക്കണം എന്റെ അഞ്ചോ ആറോ ഏഴോ വയസ്സു വരെ മാത്രമുള്ള കാല ത്തെ ഓര്‍മ്മകളിലെ  രൂപമായി  ആ നെറ്റിയിലെയും മാറത്തെയും മറ്റംഗങ്ങളിലെയും ഭസ്മക്കുറി പോലെ തെളിഞ്ഞ് അല്ലെങ്കിലും മായാതെ എന്റെ മനസ്സില്‍ നില്‍ക്കുന്നതിന്നും .

       "ശംഭോ മഹാദേവാ " ശംഭോ മഹാദേവാ " ആ രൂപം തെക്കു ഭാഗത്തു മേലടുക്കളയിലൂടെ ശ്രീലാകത്തി ന്റെ മുന്നില്‍ വന്നു നിന്ന് മണി മുട്ടി തൊഴുമായിരുന്നത് ആ ഈ തെക്കേക്കുളത്തിലെ കുളി കഴിഞ്ഞുള്ള വരവില്‍ ആയിരുന്നു . 

     അവിടെയൊന്നും ഞങ്ങള്‍ കുട്ടികള്‍ നീന്താന്‍ പോയിട്ട് കുളിക്കാന്‍ തന്നെ പോകുമായിരുന്നില്ല. ഞാന്‍ വിരലിലെണ്ണാവുന്ന  സന്ദര്‍ഭങ്ങളില്‍ മാത്രമേ അവിടെ എന്റെ പതിനെട്ടു വര്‍ഷംമാത്രം നീണ്ടു നിന്ന കാലയ ളവില്‍ തെക്കേക്കുളത്തില്‍ കുളിച്ചിട്ടുള്ളൂ . 

                ഇല്ലത്തിന്റെ തൊട്ടു കിഴക്കു ഭാഗത്ത് ഉള്ള കുളത്തിന് ആദ്യ കാലത്ത് ഓല കൊണ്ടു മേഞ്ഞ കുളപ്പുര യായിരുന്നു ഉണ്ടായിരുന്നത് . അതു പില്‍ക്കാലത്ത് എന്റെ അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ടു പടുത്തുയര്‍ ത്തി. ( മൂന്നു കുളപ്പുരകള്‍ എന്ന കുറിപ്പില്‍ വായിക്കുക ) ആ കുളത്തില്‍ പക്ഷെ സുഖമായി കുളിക്കുകയും നീന്തുകയും ചെയ്യാമായിരുന്നു . എന്നാല്‍ വേനല്‍ക്കാലത്ത് ജലവിതാനം ഏറെ ഏറെ താഴെയിറങ്ങുമായിരു ന്നതിനാല്‍  നീന്താന്‍ ഞാനും ഓപ്പോള്‍മാരും വേനല്‍ക്കാലങ്ങളില്‍ ഐക്കരക്കുളത്തിലേക്കു തന്നെ പോകു മായിരുന്നു . എന്നാല്‍ എനിക്ക് ഞാന്‍ തനിച്ചു പോകുമായിരുന്ന ഓര്‍മ്മകള്‍ മാത്രമേ കൂടെയുള്ളൂ . 

      അമ്മേ ഐക്കരക്കുളത്തില്‍ പോട്ടേ എന്നായിരുന്നില്ല അനുവാദം ചോദിക്കുമായിരുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ . നടുക്കില്ലത്തെ പണിക്കാരിയായിരുന്ന കണ്ടാത്തെ കാര്‍ത്യായനിയനിയോ മേനാത്തെ നാരായണിയോ ആരാണ് ഈ പേരു കൊണ്ട് ആ കുളത്തെ പരാമര്‍ശിച്ചു കൊണ്ട് പറയുന്നത് ഞാനന്നൊക്കെ കേട്ടിട്ടുള്ളത് എന്നോര്‍മ്മയില്ല . എപ്പോഴൊക്കെയോ കേട്ടിട്ടുണ്ട് ആ പേര് . 

      അവിടെ കുളിക്കാന്‍ പോകാനായിരുന്നു ഉത്സാഹം.പടിഞ്ഞാറില്ലത്തെ കുളമായിരുന്നു  കുളങ്ങളില്‍ മികച്ചത് . നല്ല തെളിഞ്ഞ വെള്ളം .ചാലക്കുടി പടുതോള്‍ മനയില്‍ നിന്നും ഇരിഞാലക്കുട കോണത്തു കുന്ന് അക്കരക്കുറിശ്ശി മനയില്‍ നിന്നും വേട്ടിട്ടുള്ള  കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്റെ പേരാണ് എനിക്ക് കിട്ടിയത് . മുത്തച്ഛ ന്റെ രണ്ടാമത്തെ മകനായ ജയന്തന്‍ ഭട്ടതിരിപ്പാട് എന്ന എന്റെ രണ്ടാമത്തെ വല്യച്ഛന്റെ ഇല്ലത്തെ കുളമാണത്. അവിടെ ഇല്ലപ്പുരയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന കുളത്തില്‍ ഇറങ്ങിക്കുളിച്ച സന്ദര്‍ഭങ്ങള്‍ ഏറെ . എന്നാല്‍ അധികം വിസ്താരമില്ലാത്ത ആ കുളത്തില്‍ നീന്തിക്കളിക്കുമായിരുന്ന സന്ദര്‍ ഭങ്ങള്‍  വളരെ വിരളം . വല്ല്യപ്ഫന്‍ എന്നാണ് ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് . ഏട്ടന്റച്ഛന്റെ അനിയനായിരുന്നു അദ്ദേഹം . അദ്ദേഹത്തിനെ ഏട്ടന്റെ  മക്കള്‍ ആയ നടേ പറഞ്ഞ അന്യേട്ടന്‍  എന്ന വീ.സീ.ജാതവേദന്‍ എന്ന കുഞ്ഞനിയന്‍ ഉള്‍പ്പെടെയുള്ള നാലു മക്കളും വല്യപ്ഫന്‍ എന്നു വിളിച്ചു വന്നു . അവരുടെ കുഞ്ഞ്യേ അപ്ഫന്‍ എന്റെ അച്ഛനും ആണ് . കുഞ്ച്വപ്ഫന്‍ എന്നാണ് വിളിച്ചു പോന്നത് . അതിനാല്‍ അച്ഛന്റെ എട്ടനായിട്ടും ഏട്ടന്റച്ഛന്റെ മക്കളെന്ന പോലെ ഞങ്ങള്‍ കുഞ്ചുപ്പട്ടേരിപ്പാടിന്റെ മക്കള്‍ മൂവരും വല്ല്യപ്ഫന്‍  എന്നു തന്നെ വിളിച്ചു വന്നു . അങ്ങനെ മതിയെന്നദ്ദേഹം ആവശ്യപ്പെട്ടതിനെ ത് തുടര്‍ന്നായിരുന്നു  അത്. വല്ല്യപ്ഫന്റെ  കുളത്തില്‍ നീന്തലും ചാടി മറിയലും അതിന്റെ ഘോഷങ്ങളും ഉണ്ടാകാറില്ലെന്നില്ല . അദ്ദേഹത്തിന്റെ മൂത്ത പേരക്കുട്ടിയായ  പ്രീത വരണം . പിന്നെ വടക്കാഞ്ചേരി കൃഷ്ണേട്ടനും . എന്നാലും ഐക്കരക്കുളത്തില്‍ എന്ന പോലെ ഒരു കുളിയനുഭവപരമ്പര  ഉണ്ടായിട്ടുള്ളത് പാഞ്ഞാളില്‍ എന്റെ അമ്മാത്തെത്തുമ്പോള്‍ മാത്രമായിരുന്നു . 

                       പക്ഷേ ഐക്കരക്കുളത്തിലെ കുളി ഒന്നു വേറെത്തന്നെ.  കൊച്ചുജലസസ്യങ്ങള്‍ അങ്ങിങ്ങ് വളര്‍ന്നു നിന്നിരുന്ന അന്നത്തെ ഐക്കരക്കുളം. തനി വൃത്താകൃതിയില്‍ സാമാന്യം വലിപ്പമുള്ളതായിരുന്നു ഐക്കരക്കുളം . എന്നാലോ അധികം വലിപ്പം ഒട്ടില്ല താനും. തോര്‍ത്തും സോപ്പും കയ്യിലേന്തി നടുക്കിലില്ലത്തെത്തിയാല്‍ ഞാന്‍ നേരെ പൂമുഖത്തു കൂടി പുറത്താളം വഴി അകത്തേക്കു ചെന്ന് അന്യേട്ടനെ അല്ലെങ്കില്‍ അനിലയെ അന്വേഷിക്കുമായിരുന്നുവോ എന്നോര്‍മ്മയില്ല.  രണ്ടായാലും "കുഞ്ഞിന്യാ, ദേ അങ്ങേല്ലത്തെ  കൃഷ്ണന്‍ കുളിക്കാന്‍ വിളിക്ക്ണൂ" എന്നോ "അന്‍ലേ ദേ അങ്ങേല്ലത്തെ കൃഷ്ണേട്ടന്‍  കുളി ക്കാന്‍ വന്നടക്ക്ണൂ" എന്നോ ഏട്ടന്റമ്മ പറയണമല്ലോ . ആ ഒരു ഓര്‍മ്മയെനിക്കില്ല ; അതിനാല്‍ നേരെ കുളിക്കാന്‍ കുള ത്തില്‍ എത്തുകയായിരുന്നു എന്റെ അന്നത്തെ പതിവെന്നു വേണം കരുതാന്‍ . ഒന്നുകില്‍ ഞാനെത്തുമ്പോഴേക്കും അന്യേട്ടനും അനിലയുമൊക്കെ കുളത്തില്‍ ഇറങ്ങുമായിരുന്നിരിക്കാം . അല്ലെങ്കില്‍ ഞാന്‍ എത്തിയതില്‍പ്പിന്നെ ജലക്രീഡാലോലരായ അവരും എത്തുമായിരുന്നിരിക്കണം.  പിന്നെ അവിടെ ഒരു മേളമാണ് . ജലത്തില്‍ ആരാരാദ്യം അങ്ങേക്കര തൊടുമെന്നുള്ള മത്സരം . അതല്ലെങ്കില്‍ നീന്തിത്തൊട്ടുള്ള കളി . തൊട്ടാല്‍ അയാള്‍ മറ്റുള്ളവരെ നീന്തിച്ചെന്നു തൊടണം . ഇതൊന്നുമല്ലെങ്കില്‍
ഊളിയിടുക, മലര്‍ന്നു കിടന്നു നീന്തുക  എന്നിങ്ങനെയുള്ള വിനോദങ്ങളായിരിക്കും.

                        മലര്‍ന്നു കിടന്നു നീന്തുമ്പോള്‍ കിട്ടുന്ന ആകാശക്കാഴ്ച്ച  വളരെ അനുഭൂതി പകര്‍ന്നു തരുന്ന ഒരനുഭവമായി രുന്നു അന്നൊക്കെ . വെള്ളിമേഘക്കുഞ്ഞുങ്ങള്‍ ആകാശപ്പൊയ്കയില്‍ നീന്തുന്ന കാഴ്ച്ച ! ഇടയ്ക്ക് ചേക്കേറാനായി ദ്രുതം പറന്നു പോകുന്ന കിളിക്കൂട്ടങ്ങള്‍ . കുളത്തിനു ചുറ്റുമുള്ള തെങ്ങിന്‍ കൂട്ടങ്ങളുടെ തലപ്പുകള്‍ . ഏറ്റവും താഴെ കുളത്തിന്റെ കിഴക്കും വടക്കും അതിരുകളില്‍ വളര്‍ന്നു നിന്നിരുന്ന ശീമക്കൊന്നകളുടെ കുളത്തിലേക്കു ചാഞ്ഞു നില്‍ക്കുന്ന കൊമ്പുകളുടെ കാഴ്ച്ച.
ഒപ്പം അപൂര്‍വമായി ഞങ്ങള്‍ കുട്ടികളെ എന്നും ആവേശം കൊള്ളിച്ചു കൊണ്ട് ആകാശത്തിലൂടെ പറന്നു  പോകുന്ന വിമാന ങ്ങളും.  

                        അന്യേട്ടന്‍ ചിലപ്പോള്‍ വെള്ളത്തില്‍ ഊളിയിട്ടു വന്നു ഞങ്ങളുടെ കാലുകള്‍ പിടിച്ചു വലിക്കും . ഞങ്ങള്‍ അനിലയും ഞാനും പേടിച്ചു നിലവിളിക്കുന്നതു കണ്ട് വിനോദിക്കുമായിരുന്ന അന്യേട്ടന്‍ . ഞങ്ങളപ്പോള്‍ കരയിലേക്ക് വേഗം ഓടിക്കയറും . ഞങ്ങളെ സ്വന്തം കാല്‍പ്പൂട്ടിലാക്കി നിര്‍ത്തുന്നതും അന്യേട്ടന്റെ മറ്റൊരു വിനോദമായിരുന്നു .അങ്ങനെ അന്ന് ആഹ്ലാദാരാവങ്ങളുടെ  ആ സുവര്‍ണ്ണകാലത്ത് ഐക്കരക്കുളത്തില്‍ എന്തെല്ലാമെന്തെല്ലാം കളികളായിരുന്നു ഞങ്ങള്‍ കളിച്ചു തിമിര്‍ത്തത് .

                       "പനാമം"  "പനാമം " ..... !  അന്നത്തെ ഏതോ ഹിന്ദി സിനിമയിലെ വാക്കുകള്‍ ആയിരുന്നിരി ക്കണം . അതെ ! ഒരിക്കല്‍ അഞ്ചു വയസ്സിനു മാത്രം എന്നേക്കാള്‍ ഇളപ്പമുള്ള എന്റെ മരുമകള്‍ പ്രീത പാടി ! ഐക്കരക്കുളത്തിന്‍ കരയില്‍ കുസൃതിച്ചിരി ചിരിച്ചു കൊണ്ട്. വല്യപ്ഫന്റെ മൂത്ത മഹള്‍ ആയ വിമല എന്ന വല്ല്യോപ്പോളുടെ മൂത്ത സന്താനം !  ഞങ്ങളെ പിടി തരും എന്നു പ്രലോഭിപ്പിച്ചു കൊണ്ട് കിഴക്കേക്കരയോടു ചേര്‍ന്ന് വേനലില്‍ വെള്ള മിറങ്ങിയപ്പോള്‍  കാണായ മണലില്‍ കരയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ട് . വികൃതിയായിരുന്നു പ്രീത . കുസൃതിക്കാരിയും . 

           ആ മണലില്‍ കുഴിച്ചു വെള്ളം കെട്ടി നിറുത്തുക എന്ന വിനോദവും ഇതോടൊപ്പമുണ്ട് . പറ്റിയാല്‍ നാലഞ്ചു മത്സ്യങ്ങളെയും പിടിച്ചിടും ! ഒടുവില്‍ പാവം തോന്നി അവയെ സ്വതന്ത്രരാക്കുകയും ചെയ്യുമായിരുന്നു . 

            വേനല്‍ക്കാലത്ത് സ്കൂള്‍ പൂട്ടുന്നതോടുകൂടി ഒരു കൊയ്ത്തുണ്ട്. കൊയ്ത്തുകറ്റകള്‍ മെതിക്കുമ്പോള്‍ ദേഹത്തേക്കു പാറിയെത്തി നെല്ലിന്‍ ചണ്ടുകളും മറ്റും ചൊറിച്ചിലുണ്ടാക്കുമായിരുന്നു. ആ ഒരു അസുഖകരമായ കാര്യം കുളിച്ചു കേറുന്നതോടെ എല്ലാം മാറിക്കിട്ടിയിരിക്കും. കണ്ണുകളും ചെവിയും മൂക്കും നന്നായി ചുവന്നിരിക്കും .
ചെവിയിലും മറ്റും ധാരാളം വെള്ളം കേറിയിരിക്കും . ഇടയ്ക്ക് കുറച്ചൊക്കെ വെള്ളം കുടിച്ചിരിക്കും നീന്തുന്നതിനിടെ .
എങ്കിലും ആ കുളത്തിലെ കുളി ഒരിക്കലും മറക്കില്ല.   

      ഇങ്ങനെ എന്‍റെ ബാല്യകാല അനുഭവങ്ങളെ സമ്പുഷ്ടമാക്കിയ ഐക്കരക്കുളത്തില്‍ ഏറ്റവും ഒടുവില്‍ കുളിച്ചത് 
എന്റെ വല്ല്യമ്മ മരിച്ചപ്പോള്‍ ആണ് . കഴിഞ്ഞ വര്‍ഷത്തില്‍ ആയിരുന്നു അത് . ശവ സംസ്കാര ചടങ്ങില്‍ പങ്കു കൊള്ളാനും ബാലിയിടാനും തുടര്‍ന്നു പതിനൊന്നാം ദിവസവും പന്ത്രണ്ടാം ദിവസവും പിണ്ഡച്ച ടങ്ങുകളില്‍ പങ്കാളിയാകാനും ഒക്കെ . 

           ഇനി ഐക്കരക്കുളമേ ഒരിക്കല്‍ നിന്റെ പേരിനു പിന്നിലുള്ള കഥ അറിയണം എന്നുണ്ട് . നിന്റെ    കുട്ടിക്കാ ലത്തിലേക്ക് ഒന്ന് ഊളിയിട്ടു സഞ്ചരിക്കണം എന്നുണ്ട് . അന്യേട്ടനോട് അന്നത്തെ പ്പോലെ തിരക്കിട്ടു ചോദിക്കാതെ സാവകാശം ചോദിച്ചാല്‍ അക്കാര്യങ്ങള്‍ അറിയാന്‍ കഴിയും ഏന്നുറപ്പുണ്ട് . ഐക്കര എന്നാല്‍ അഞ്ചു കരകള്‍ എന്ന അര്‍ഥമുള്ള വാക്ക് വെറുതെ ഉണ്ടായതാകാന്‍ വഴിയില്ല. കര എന്ന മരങ്ങള്‍ അഞ്ചെണ്ണം ഇതിന്റെ കരയില്‍ വളര്‍ന്നു നിന്നതിനാല്‍ ഉണ്ടായ വാക്കായിരിക്കുമോ ഇത് ? എന്തായാലും ഞാന്‍ ഇപ്പോള്‍ മുതല്‍ ആ ഒരു കാര്യം അറിയാന്‍ വേണ്ടിയുള്ള മുങ്ങാം കുഴിയിടല്‍ ഇതാ തുടങ്ങുകയായി ! 


  
UnlikeUnlike ·  · 
  • Chandran Avinjikat നല്ല വര്ണന.ആ ഇല്ലത്തെ ചുറ്റുവട്ടം മനസ്സില് കാണാൻ പറ്റുന്നുണ്ട് .
  • V.b. Krishnakumar സന്തോഷം ചന്ദ്രേട്ടാ
  • Devadas AC സുന്ദരം !
  • V.b. Krishnakumar സന്തോഷം ദേവദാസ് 
  • Jeeja Udayakumar ചിത്രീകരണം,അവതരണംഎല്ലാം നന്നായിരിക്കുന്നു. ഓര്‍മ്മകളിലൂടെ നീന്തി തുടിച്ചു.വീണ്ടും പഴയ ബാല്യത്തിലേക്ക് ഒരു ഊളയിടല്‍...നന്ദി!!!!മാഷേ .ഈ ചാഴൂര്‍ എന്റെ വീടിന്‍റെ അടുത്താണ് .ചാഴൂര്‍ കോലോത്തിന്‍റെ അടുത്താണ് എന്റെ ഒരു കൂട്ടുകാരിയുടെ വീട് .
  • ഐക്കര കൈമൾ എവിടെയാ ഈ എെക്കര കുളം മാഷേ ഞാന്‍ ഒരു എെക്കര ക്കാരനാ അറിയാന്‍ ജിജ്ഞാസ
  • V.b. Krishnakumar ഓ ആണോ ജീജേ ? ഞാന്‍ ആ കോവിലകത്ത് പണ്ടെന്നോ ഒരിക്കല്‍ വന്നിട്ടുണ്ട് അമ്മയോടൊപ്പം . വളരെ അതിശയകരമായീക്കുന്നു . അന്തിക്കാട് പഴുവില്‍ ഭാഗത്ത് അല്ലെ ഈ കോവിലകം ?
  • V.b. Krishnakumar ഓ സന്ദീപ്‌ ഇത് പക്ഷെ ആ ഐക്കര അല്ല . 
  • V.b. Krishnakumar അപ്പോള്‍ നമ്മള്‍ ഒരേ നാട്ടുകാര്‍ എന്ന് തന്നെ പറയാം ല്ലേ ജീജേ
  • V.b. Krishnakumar സന്ദീപിന്റെ ഐക്കര എവിടെ ആണ് ; ഞാന്‍ കേട്ടിട്ടുണ്ട് ; അത്ര മാത്രം . ഒരു അക്കര എന്ന സ്ഥലം കൂടി ഉണ്ടല്ലോ ആ പരിസരത്ത് ? എനാമാവ്‌ കാഞ്ഞാണി ഭാഗത്ത് ? അറിയ്വോ സന്ദീപേ ? Sandeep A Nair 
  • V.b. Krishnakumar ആ കോവിലകം ഇപ്പോഴും ഉണ്ടോ ജീജേ ? Jeeja Udayakumar 
  • Sreekanth Sree ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒാര്‍മ്മകള്‍.......ഇന്നത്തെ തലമുറക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും........

No comments:

Post a Comment